ഡാലസിലെ റൊവാനോക്കിലെ വീട്|facebook.com|EricMeddersRealtyGroup
പഴയ ഗ്യാസ് സ്റ്റേഷന്‍, നിരത്തിയിട്ട കാറുകള്‍... അന്‍പതുകളിലെ ഹോളിവുഡ് സിനിമയുടെ ലൊക്കേഷന്‍ പോലെ തോന്നുന്ന സ്ഥലം. മറ്റൊന്നുമല്ല, പത്തേക്കറില്‍ ഒരുക്കിയിരിക്കുന്ന വീടാണ് ഇത്.
ഡാലസിലെ റൊവാനോക്കിലാണ് വ്യത്യസ്തമായ ഈ വീട്. വീട്ടിലെത്തിയാല്‍ പഴയകാലത്തേക്ക് തിരിച്ചു പോയതുപോലെ തോന്നും. പഴയ മോഡലിലുള്ള ഗ്യാസ് സ്‌റ്റേഷന്‍, പഴയ മോഡല്‍ കാറുകള്‍ ഇവെയല്ലാം ഉണ്ട് ഈ വീട്ടില്‍.7400 ചതുരശ്ര അടിയുള്ള വീട് 2014ലാണ് നിര്‍മ്മിച്ചത്. കാറുകളോട് ഭ്രാന്ത് മൂത്ത് ആരോ പണിയിച്ച വീടുപോലെയാണ് ഇത്. കാര്‍ ലിഫ്റ്റുകള്‍, കാറുകള്‍ പെയിന്റ് ചെയ്യാനുള്ള പ്രത്യേക ബൂത്ത്, ടയര്‍ മാറ്റാനുള്ള സംവിധാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം 10 കാറുകള്‍ പാര്‍ക്ക് ചെയ്യാനാവുന്ന ഗ്യാരേജുവരെ ഇവിടെയുണ്ട്. ഇതിനെല്ലാം പുറമേയാണ് ആരെയും ആകര്‍ഷിക്കുന്ന വിധത്തില്‍ ഗ്യാസ് പമ്പുകളും ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നവ അല്ലെങ്കിലും പഴമയിലേക്ക് ആരെയും കൂട്ടിക്കൊണ്ടുപോകാന്‍ ഈ ഗ്യാസ് സ്റ്റേഷനു സാധിക്കും.

വീടിന്റെ പലഭാഗങ്ങളിലായി കൊക്കക്കോള ഷോപ്പ് , ടെലഗ്രാഫ് ഓഫീസ്, റെഡ് ഡയമണ്ട് കോഫി തുടങ്ങി ഒരു പഴയ ഗ്യാസ് സ്റ്റേഷനെ പോലെ തന്നിപ്പിക്കുന്ന പല ബ്രാന്‍ഡുകളുടെയും പരസ്യപലകകളും സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് കാറുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് തന്നെയാണ്. കാറുകളുടെ മീററുകള്‍ ഉള്‍പ്പെടുത്തി രൂപം നല്‍കിയ സിങ്ക്, വിന്റേജ് കാര്‍ മോഡലുകള്‍, വാഹനങ്ങള്‍ ഓടിക്കാനുള്ള ചെറു മൈതാനം എന്നിവയാണ് ഇവിടുത്തെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍.

പഴയകാലത്തിന്റെ ഓര്‍മയിലാണ് വീട് നിര്‍മിച്ചിരിക്കുന്നതെങ്കിലും ഉള്ളില്‍ ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. അഞ്ച് ബെഡ്‌റൂമുകളും ഏഴു ബാത്ത്‌റൂമുകളുമാണ് ഇവിടെയുള്ളത്. ആധുനികരീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന അടുക്കള, ഡൈനിങ് ഏരിയ എന്നിവയെല്ലാം വീട്ടിലുണ്ട്. 60 ആളുകള്‍ക്ക് ഒന്നിച്ച് ചേരാവുന്ന ഒരു എന്റര്‍ടൈന്‍മെന്റ് ഹൗസും ഒരുക്കിയിട്ടുണ്ട്. എട്ടു മില്യണ്‍ ഡോളറാണ് (59 കോടി രൂപ) വീടിന്റെ വിപണി വില.
Content Highlights: Texas home comes with its own gas station