Photo: instagram.com|narrowboatmama
ജോലിത്തിരക്കിനും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനും ഇടയില്‍ മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ പറ്റുന്നില്ല എന്ന് പരാതി പറയുന്നവര്‍ ഏറെയുണ്ട്. ഇംഗ്ലണ്ടിലെ ലെസ്റ്റർ സ്വദേശി ഹന്നാ ബോഡ്‌സ്‌വര്‍ത്തിന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു. സിംഗിള്‍ പേരന്റുകൂടിയായ ഈ മുപ്പത്തെട്ടുകാരി ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ഒരു വഴി കണ്ടെത്തി. എട്ടു വയസ്സുകാരന്‍ മകന്‍ ജോര്‍ജുമൊത്ത് ഒരു ബോട്ടിലേക്ക് താമസം മാറുകയാണ് ഹന്ന ചെയ്തത്. ബോട്ടാകട്ടെ ഒരു അടിപൊളി കുഞ്ഞ് വീടിന്റെ രൂപത്തിലേക്ക് മാറ്റുകയും ചെയ്തു.

ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഹന്നയും മകനും വലിയതുക വാടക കൊടുത്ത് നഗരത്തിലെ രണ്ടു കിടപ്പുമുറികളുള്ള വീട്ടിലാണ് മുന്‍പ് കഴിഞ്ഞിരുന്നത്. എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ ജീവിക്കാന്‍ സമയം കിട്ടുന്നില്ല എന്ന് തോന്നിയതോടെ രണ്ടുംകല്‍പ്പിച്ച് ഒരു ബോട്ട് വാങ്ങി അത് വീടാക്കുകയായിരുന്നു. ഹന്ന പണം സ്വരുക്കൂട്ടി വച്ച് 2017 ല്‍ 18500 പൗണ്ടിന് (18 ലക്ഷം രൂപ) യ്ക്ക് സ്വന്തമായി ഒരു ബോട്ട് വാങ്ങി. ഹന്നയുടെ സഹോദരനും ഇത്തരത്തില്‍ ഒരു ബോട്ടിലാണ് താമസം. യാത്രാപ്രിയനായ അയാളെ കണ്ടാണ് ഹന്നയുടെ മനസ്സിലും ഈ ഐഡിയ ഉദിച്ചത്.

ബോട്ട് സ്വന്തമാക്കിയ ശേഷം ആദ്യം മകന്‍ ജോര്‍ജിനായി മനോഹരമായ കിടപ്പുമുറി ഒരുക്കി. ഇതോടെ ബോട്ടില്‍ ജീവിക്കാന്‍ മകനും ഏറെ കൗതുകമായെന്നും ഹന്ന. മൂന്നര വര്‍ഷമെടുത്താണ് ബോട്ട് മോടിപിടിപ്പിച്ച് ഒരു വീടാക്കി മാറ്റിയത്. ബോട്ടിനുള്ളില്‍ അടുക്കളയും ലിവിങ് ഏരിയയും ഹന്നയുടെ കിടപ്പുമുറിയും ഓഫീസും എല്ലാം ഒരുക്കിയിട്ടുണ്ട്. സാധാരണ വീടിന്റെ അകത്തളങ്ങള്‍ പോലെയാണ് ഈ ബോട്ട് വീടും.

ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് സ്ഥിരമായി സഞ്ചരിക്കുന്ന ജീവിതമാണ് ഇപ്പോള്‍ ഇവരുടേത്. ഇപ്പോഴാണ് തങ്ങളൊന്ന് ജീവിക്കാന്‍ തുടങ്ങിയതെന്ന് ഹന്ന പറയുന്നു. കോവിഡ് തുടങ്ങിയതില്‍ പിന്നെ ജോര്‍ജ്ജിന് വീട്ടിലിരുന്നാണ് ക്ലാസുകള്‍. ഇനി തുടര്‍ന്നും അവന്‍ അങ്ങനെ പഠിക്കട്ടെ എന്നാണ് ഹന്ന കരുതുന്നത്. വീട്ടു വാടകയും കറണ്ട് ചാര്‍ജും ഒന്നും അടയ്‌ക്കേണ്ടാത്തതിനാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് മാസം 870 പൗണ്ടാണ് (89000 രൂപ) ഹന്ന ലാഭിക്കുന്നത്.
Content Highlights: Single Mother decided to move on to a narrowboat with son for a cheaper way of life