
സാനിയാ മിർസ| Photo: PTI
ടെന്നീസിൽ നേട്ടങ്ങൾ കൊയ്ത് ഇന്ത്യയെ അഭിമാനത്തിന്റെ നിറുകയിലെത്തിച്ച താരമാണ് സാനിയ മിർസ. കഴിഞ്ഞ ദിവസമാണ് സാനിയ കോർട്ടിനോട് വിട പറയുന്നുവെന്ന് പ്രഖ്യാപിച്ചത്. 2022 തന്റെ അവസാന സീസൺ ആയിരിക്കുമെന്നാണ് സാനിയ വ്യക്തമാക്കിയത്. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു ഇന്ത്യൻ താരത്തിന്റെ പ്രതികരണം. ഇപ്പോഴിതാ ടെന്നീസ് അല്ലായിരുന്നെങ്കിൽ തന്റെ മേഖല ഏതായിരുന്നേനെ എന്നു തുറന്നു പറയുകയാണ് സാനിയ.
കായിക ലോകത്തേക്കു വന്നില്ലായിരുന്നെങ്കിൽ താൻ ഇന്റീരിയർ ഡിസൈനിങ് മേഖലയിലേക്കു തിരിയുമായിരുന്നു എന്നാണ് സാനിയ പറയുന്നത്. തനിക്ക് നേരത്തേ തൊട്ടേ വീട്ടകങ്ങൾ ഒരുക്കുന്നതിൽ താൽപര്യം ഉണ്ടായിരുന്നു. വിരമിച്ചതിനുശേഷം ചിലപ്പോൾ ആ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സാനിയ.
ദുബായിലുള്ള വീട് ഒരുക്കിയത് താനാണ്. എന്നാൽ മറ്റുള്ളവർക്കായി ഇതുവരെ ചെയ്തു കൊടുക്കാനുള്ള ധൈര്യം വന്നിട്ടില്ല. പക്ഷേ സഹോദരിയുടെ ഹൈദരാബാദിലുള്ള വീടിന്റെ ഇന്റീരിയറൊരുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാനിയ. ഒന്നോ രണ്ടോ ദിവസത്തിനു വന്നാലും കുഴപ്പമില്ല, വന്നു ചെയ്തു തന്നിട്ടു പോകൂ എന്നാണ് സഹോദരി പറഞ്ഞത്. പക്ഷേ അത് പതിനായിരം ചതുരശ്ര അടിയുടെ വീടാണെന്നും ചിരിയോടെ സാനിയ പറയുന്നു.
നിറങ്ങൾ തനിക്കേറെ ഇഷ്ടമാണ്. വീട്ടിനുള്ളിൽ പുതിയ പരീക്ഷണങ്ങൾ നടത്തുക വളരെ താൽപര്യമുള്ള കാര്യമാണ്. എന്നെങ്കിലും ആ മേഖലയിൽ സജീവമായിക്കൂടായ്കയില്ല എന്നു പറയുകയാണ് സാനിയ.
മുംബൈ നിവാസികളായിരുന്ന സാനിയയുടെ കുടുബം ഹൈദരാബാദിൽ എത്തി സ്ഥിരതാമസമാക്കുകയായിരുന്നു. വിവാഹ ശേഷം ഭർത്താവ് ശുഹൈബ് മാലിക്കിനോടൊത്ത് ദുബായിൽ താമസമാക്കിയെങ്കിലും ഹൈദരാബാദിലെ മഞ്ഞചുവരുകളുള്ള ഇരുനിലവീട് ഏറെ പ്രിയപ്പെട്ടതാണെന്ന് സാനിയ പറയാറുണ്ട്. ബിൽഡറായ അച്ഛനാണ് ആ വീടിന്റെ മുക്കും മൂലയും ഡിസൈൻ ചെയ്തത്. അമ്മയുടെ പെയിന്റിങ്ങുകളും കലാപരമായ ശേഖരങ്ങളുമാണ് വീട് നിറയെ എന്നും സാനിയ പറയാറുണ്ട്.
Content Highlights: sania mirza about interior designing, celebrity home, sania mirza house