സ്വകാര്യത വേണം, മകന് സാധാരണ ജീവിതം ലഭിക്കണം; പുതിയ വീട്ടിലേക്കു മാറി ഹാരിയും മേ​ഗനും


2 min read
Read later
Print
Share

ഇപ്പോഴിതാ ഹാരിയും മേ​ഗനും സാന്റാബാർബറയിലെ വീട്ടിലേക്കു താമസം മാറിയെന്നാണ് റിപ്പോർട്ടുകൾ.

-

ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന പദവികൾ ഉപേക്ഷിക്കുകയും കൊട്ടാരം വിട്ട് താമസിക്കുകയും ചെയ്ത ഹാരി രാജകുമാരന്റെയും മേ​ഗൻ മാർക്കലിന്റെയും തീരുമാനങ്ങൾ ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സാമ്പത്തിക സ്വാശ്രയത്തിനു വേണ്ടിയും ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാകാനും വേണ്ടിയാണ് ഈ തീരുമാനമെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിനിടെ ഇരുവരും പ്രശസ്ത ഹോളിവുഡ് താരം മെൽ ​ഗിബ്സണിന്റെ കോടികളുടെ ബംഗ്ലാവ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഹാരിയും മേ​ഗനും സാന്റാബാർബറയിലെ വീട്ടിലേക്കു താമസം മാറിയെന്നാണ് റിപ്പോർട്ടുകൾ.

ലോസ്ആഞ്ചലസിൽ മേ​ഗന്റെ ജന്മസ്ഥലത്തിനു സമീപം താമസിച്ചിരുന്ന ഇരുവരും പാപ്പരാസികളുമായുള്ള പ്രശ്നങ്ങൾക്കു പിന്നാലെയാണ് സാന്റാബാർബറയിലേക്കു മാറാൻ തീരുമാനിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. പുതിയ വീടിന്റെ യഥാർഥ സ്ഥലം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ലെങ്കിലും സ്വകാര്യത മാനിച്ചാണ് ഈ മാറ്റമെന്നും പറയുന്നുണ്ട്.

കുടുംബം എന്ന നിലയിൽ തങ്ങൾക്കും അയൽക്കാർക്കും സ്വകാര്യത അനിവാര്യമാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് മാറ്റം. പ്രശസ്ത അവതാരകരായ ഒപ്ര വിൻഫ്രിയുടെയും എലൻ ‍ഡിജനേഴ്സിന്റെയും വീടിന് സമീപമാണ് ഹാരിയും മേ​ഗനും വീടെടുത്തിരിക്കുന്നത്. ഇത് ഒരുപരിധിവരെ മകൻ ആർച്ചിക്ക് സാധാരണ ജീവിതം ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് ഇരുവരും കരുതുന്നത്.

മുമ്പു താമസിച്ചിരുന്ന വീട്ടിൽ വച്ച് കളിക്കുകയായിരുന്ന മകൻ ആർച്ചിയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പാപ്പരാസികൾ പകർത്തി പ്രസിദ്ധീകരിച്ചതു സംബന്ധിച്ച് ഇരുവരും നിയമനടപടിക്കു നീങ്ങിയിരുന്നു. ഇതാണ് വീടുമാറ്റത്തിന് ആക്കം കൂട്ടിയതെന്നാണ് പറയപ്പെടുന്നത്.

109 കോടിയോളം മുടക്കിയാണ് ഇരുവരും മാൻഷൻ സ്വന്തമാക്കിയതെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഞ്ചര ഏക്കറിൽ 14563 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഒമ്പതോളം ബെഡ്റൂമുകളും പതിനാറോളം ബാത്റൂമുകളുമാണ് ഇവിടെയുള്ളത്. ലൈബ്രറി, ഓഫീസ്, സ്പാ, ജിം. ​ഗെയിം റൂം, തീയേറ്റർ, വൈൻ സെല്ലാർ അഞ്ചോളം കാറുകൾക്കുള്ള ​ഗാരേജ് എന്നിവയും മാൻഷനിലുണ്ട്.

അടുത്തിടെ ഇൻ റോയൽ അറ്റ് വാർ എന്ന പുസ്തകത്തിൽ രാജകുടുംബവുമായുള്ള ഇരുവരുടേയും അകൽച്ചയെക്കുറിച്ച് പരാമർശങ്ങളുണ്ടായിരുന്നു. ഹാരിയെ വിവാഹത്തിൽ നിന്നു പിന്തിരിപ്പിക്കാൻ വില്യമിന്റെ ഭാര്യയും ഡച്ചസ് ഓഫ് കേംബ്രിജുമായ കേറ്റ് മിഡിൽടൺ ശ്രമിച്ചിരുന്നുവെന്നാണ് പുസ്തകത്തിൽ പറഞ്ഞത്. തീർത്തും വ്യത്യസ്തമായ പശ്ചാത്തലത്തിൽ നിന്നും കരിയറിൽ നിന്നും വരുന്ന മേഗന് രാജകുടുംബവുമായി ഒത്തുപോവാൻ സമയമെടുക്കുമെന്നും എടുത്തുചാടി കാര്യങ്ങൾ തീരുമാനിക്കരുതെന്നും കേറ്റ് ഹാരിയോട്‌ പറഞ്ഞിരുന്നുവെന്നും പുസ്തകം പറഞ്ഞു. മേഗനെ തന്നെയാണോ വിവാഹം കഴിക്കേണ്ടതെന്ന് വില്യമും ഹാരിയോട് ചോദിച്ചിരുന്നുവെന്നും പുസ്തകത്തിൽ പറഞ്ഞിരുന്നു.

Content Highlights: Prince Harry and Meghan Markle move into their new home

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram