Photo: facebook.com|realtor.com
ലോസാഞ്ചലസിലെ ബെല്‍ എയറില്‍ രണ്ടേക്കറിന് നടുവില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മനോഹരമായ ഒരു ബംഗ്ലാവ്. എന്നാല്‍ രണ്ടു പതിറ്റാണ്ടുകളായി ഈ ബംഗ്ലാവിന്റെ ഉടമസ്ഥന് സ്വന്തം വീട്ടിലേക്ക് എത്തിച്ചേരാനായിട്ടില്ല. കാരണം ലോകം മുഴുവന്‍ വെറുത്ത ഒസാമ ബിന്‍ ലാദന്റെ അര്‍ദ്ധസഹോദരന്‍ ഇബ്രാഹിം ബിന്‍ലാദനാണ് ഈ ബംഗ്ലാവിന്റെ ഉടമ.
1983 ലാണ് ഇബ്രാഹിം ബിന്‍ ലാദന്‍ മെഡിറ്ററേനിയന്‍ വില്ലാ സ്‌റ്റൈലിലുള്ള ഈ വീട് സ്വന്തമാക്കുന്നത്. മുന്‍ ഭാര്യയായിരുന്ന ക്രിസ്റ്റീന്‍ ഹര്‍തൂണിയനുമൊത്ത് ഇബ്രാഹിം ഏറെക്കാലം ഈ വീട്ടില്‍ കഴിഞ്ഞിരുന്നു. സെപ്റ്റംബര്‍ 11 ന് അമേരിക്കയിലെ ഭീകരാക്രമണത്തിന് ഇബ്രാഹിമിന് പിന്നെ ഈ വീട്ടിലേക്ക് മടങ്ങിവരാന്‍ സാധിച്ചിട്ടില്ല. തന്റെ പേര് വരുത്തി വയ്ക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഈ വീട് ഉപേക്ഷിക്കാന്‍ ഇബ്രാഹിമിനെ പ്രേരിപ്പിച്ചത്. 20 വര്‍ഷത്തോളമായി ആരും താമസിക്കാന്‍ ഉപയോഗിക്കാത്തതിനാലാണ് ബിന്‍ലാദന്‍ കുടുംബം ഈ വീട് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വില 28 മില്യന്‍ ഡോളര്‍ (208കോടി രൂപ)യാണ്.
7,100 ചതുരശ്രയടിയാണ് ബംഗ്ലാവിന്റെ വിസ്തീര്‍ണം. ഏഴു കിടപ്പുമുറികളും അഞ്ചു ബാത്ത്‌റൂമുകളും ഇതിനുള്ളിലുണ്ട്. 1931 ല്‍ നിര്‍മിക്കപ്പെട്ടതാണ് ഈ പഴയ ബംഗ്ലാവ്. പിങ്ക് നിറമാണ് വീടിന് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി ആള്‍പ്പാര്‍പ്പില്ലാത്ത കിടക്കുന്നതിനാല്‍ ബംഗ്ലാവിന്റെ ചിലഭാഗങ്ങള്‍ കേടുപാടുകള്‍ വന്ന നിലയിലാണ്. പരിചരിക്കാന്‍ ആളില്ലാതെ വന്നതോടെ മുറ്റത്തെ വിശാലമായ പുല്‍ത്തകിടിയും പൂര്‍ണമായും നശിച്ചു. എന്നാല്‍ സ്വിമ്മിംഗ് പൂളും സ്പായും ഇപ്പോഴും നശിക്കാതെ നിലനില്‍ക്കുന്നുണ്ട്. ബംഗ്ലാവിനോട് ചേര്‍ന്ന് പ്രത്യേകമായി ഒരു പൂള്‍ ഹൗസും ഉണ്ട്.
അമേരിക്കയിലേക്ക് മടങ്ങാനാവാതെ വന്നതോടെ ആദ്യകാലങ്ങളില്‍ ഇബ്രാഹിം വീട് വാടകയ്ക്ക് കൊടുത്തിരുന്നു. 2010 ആയപ്പോഴേക്കും പോണ്‍ മൂവീസ് ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷനായി ബംഗ്ലാവ് മാറി. ലാദന്‍ കുടുംബത്തിന്റെ കൈയില്‍ എത്തും മുന്‍പ് 60 കളില്‍ ഈ വീട് പ്രശസ്ത ഹോളിവുഡ് സിനിമ നിര്‍മാതാവായ ആര്‍തര്‍ ഫ്രീഡിന്റെ കൈവശമായിരുന്നു.
സൗദി അറേബ്യയിലെ കെട്ടിട നിര്‍മ്മാതാക്കളില്‍ പ്രധാനിയായിരുന്നു മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദനാണ് ഒസാമയുടെയും ഇബ്രാഹിമിന്റെയും പിതാവ്. 22 ഭാര്യമാരാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒസാമയും ഇബ്രാഹിമും അടക്കം 56 മക്കളാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.
Content Highlights: Osama bin Laden’s family’s abandoned Bel Air estate Home