അമ്പലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മജിയുടെ പാദസ്പര്‍ശത്തില്‍ ധന്യമായ കരുമാടിയിലെ മുസാവരി ബംഗ്ലാവ് ഇനി സംരക്ഷിത സ്മാരകമാകും. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമഗൃഹമായി ഇതിനെ മാറ്റാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലായി. രാജഭരണകാലത്തെ ഔദ്യോഗിക വിശ്രമ സങ്കേതമായിരുന്ന മുസാവരി ബംഗ്ലാവിന്റെ ചരിത്രത്തിലേക്കുള്ള മടക്കമാണിത്.
വൈക്കത്തേയ്ക്കുള്ള യാത്രാമധ്യേ അമ്പലപ്പുഴയിലെത്തിയ മഹാത്മജി ഒരു രാത്രിയുറങ്ങിയത് മുസാവരി ബംഗ്ലാവിലാണ്. വൈക്കത്തുനിന്ന് ബോട്ടുമാര്‍ഗമെത്തിയ ഗാന്ധിജി ഇറങ്ങിയത് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ഇറക്കുടി കളിത്തട്ടിന് സമീപത്തെ ജെട്ടിയിലാണ്.
കളിത്തട്ടിന് തെക്കുവശമുള്ള ആല്‍ച്ചുവട്ടില്‍ വച്ചാണ് അദ്ദേഹം പ്രവര്‍ത്തകരെ കണ്ടത്. അമ്പലപ്പുഴയില്‍ വിശ്രമിക്കാന്‍ സൗകര്യം ഇല്ലാതിരുന്നതിനെത്തുടര്‍ന്നാണ് മുസാവരി ബംഗ്ലാവില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയത്. അമ്പലപ്പുഴയില്‍നിന്ന് ബോട്ടുമാര്‍ഗം അദ്ദേഹം കരുമാടിയിലേക്ക് പോയി. കൊല്ലംആലപ്പുഴ ദേശീയ ജലപാതയോരത്തെ കരുമാടി പാലത്തിന് സമീപത്തെ ജെട്ടിയിലിറങ്ങി അദ്ദേഹം ബംഗ്ലാവിലെത്തി.
പുല്ലുവെട്ടിത്തെളിച്ച് പ്രവര്‍ത്തകര്‍ ബംഗ്ലാവിലേക്ക് വഴിയൊരുക്കി. ബംഗ്ലാവിന്റെ തെക്കുവടക്കായുള്ള ഹാളിലാണ് അദ്ദേഹം വിശ്രമിച്ചത്. അടുത്ത ദിവസം രാവിലെ തകഴി വഴിയായിരുന്നു മടങ്ങിപ്പോയത്. മഹാത്മജിയുടെ സന്ദര്‍ശനത്തിന് സാക്ഷ്യം വഹിച്ചവരില്‍ ഒട്ടുമിക്കവരും കാലയവനികക്കുള്ളില്‍ മറഞ്ഞു.
മഹാത്മജിയുടെ സന്ദര്‍ശനത്തിന്റെ ഓര്‍മയുമായി ഇന്നും മുസാവരി ബംഗ്ലാവ് തലയുയര്‍ത്തി നില്‍ക്കുന്നു. ഇതിനെ ദേശീയസ്മാരകമായി ഉയര്‍ത്താനുള്ള നടപടികള്‍ പലതവണ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. ഏറ്റവുമൊടുവില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കുകയായിരുന്നു. മുസാവരി ബംഗ്ലാവില്‍ പൊതുമരാമത്ത് വകുപ്പ് കാര്യാലയവും കരുമാടി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ബംഗ്ലാവ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇവിടെ വിശ്രമകേന്ദ്രം പണിയാനാണ് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി. മന്ത്രി ജി.സുധാകരന്‍ മുന്‍കൈയെടുത്ത് രണ്ടുകോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എത്രയുംവേഗം പ്രവൃത്തികള്‍ തുടങ്ങാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. അടുത്ത ഗാന്ധിജയന്തിക്ക് മുന്‍പായി പദ്ധതി യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Highlights: musavari bungalow that mahatma gandhi visited