ബെഡ്‌റൂം മേക്കോവറിന് മുമ്പും ശേഷവും | Photo: facebook.com|Rachaelt1988
വീടിന് മേക്കോവര്‍ നല്‍കുന്നത് അത്ര പുത്തരിയല്ല ഇന്ന്. പുതിയ ട്രെന്‍ഡുകള്‍ക്കും തീമിനുമൊക്കെ അനുസരിച്ച് ഇന്റീരിയറില്‍ മാറ്റം വരുത്തിയ വീടുകള്‍ നിരവധിയുണ്ട്. ഇത്തരത്തില്‍ മക്കളുടെ കിടപ്പുമുറിക്ക് ഒരമ്മ നല്‍കിയ മാറ്റമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധേയമാവുന്നത്. മക്കള്‍ മൂന്നുപേരും കിടന്നുറങ്ങിയിരുന്ന വലിയ പ്രത്യേകതകളൊന്നുമില്ലാതിരുന്ന ഒരു മുറിയെ മേക്കോവര്‍ ചെയ്ത് മൂന്നു പ്രത്യേക ഇടങ്ങളാക്കി മാറ്റിയിരിക്കുകയാണ് ഈ അമ്മ.
റേച്ചല്‍ ലോവ് എന്ന അമ്മയാണ് വ്യത്യസ്തമായ ഡിസൈനിലൂടെ മക്കളുടെ മുറിയെ അടിമുടി മാറ്റിയിരിക്കുന്നത്. ഒരൊറ്റ ബെഡ്‌റൂമില്‍ തന്നെ മക്കള്‍ മൂവര്‍ക്കുമായി പ്രത്യേകം കിടക്കാനിടങ്ങളൊരുക്കുകയാണ് റേച്ചല്‍ ചെയ്തത്, അതും മൂന്നിനും വ്യത്യസ്ത തീമുകളും നല്‍കി.

പന്ത്രണ്ടും പത്തു വയസ്സുകാരായ മൂന്നു പെണ്‍മക്കളും നാലുവയസ്സുകാരനായ ഒരു മകനുമാണ് റേച്ചലിനുള്ളത്. പെണ്‍മക്കള്‍ മൂന്നുപേരും ഒരു ബെഡിലാണ് കിടന്നിരുന്നത്. ഇതുമാറ്റിയാണ് മൂവര്‍ക്കും പ്രത്യേക ഇടങ്ങളൊരുക്കിയിരിക്കുന്നത്.

ഹാരിപോട്ടര്‍ തീമിലാണ് മുറിയുടെ ഒരു ഭാഗം ഒരുക്കിയിരിക്കുന്നത്. ഡസ്‌കും കസേരയുമുള്‍പ്പെടെ പഠിക്കാനുള്ള ഇടവും കിടക്കയും സ്റ്റോറേജ് സ്‌പേസും ഇവിടെയൊരുക്കിയിട്ടുണ്ട്. കിടക്കയുടെ എതിര്‍വശത്തായി ഒരു ടിവിയും വച്ചിട്ടുണ്ട്. കിടക്കയ്ക്കു കീഴെയുള്ള ഭാഗത്താണ് പഠനത്തിനായുള്ള ഇടവും മറ്റും ഒരുക്കിയിരിക്കുന്നത്.

മുറിയുടെ ഇടതുവശത്തായാണ് മറ്റു രണ്ടു പെണ്‍കുട്ടികളുടെ ഏരിയ. രണ്ടു വശങ്ങളില്‍ മുകളിലും താഴെയുമായാണ് കിടക്ക ഒരുക്കിയിരിക്കുന്നത്. താഴത്തെ ബെഡ് 101 ഡാല്‍മേഷ്യന്‍ തീമിലും മുകളിലത്തേത് അരിസ്റ്റോകാറ്റ്‌സ് സ്റ്റൈലിലുമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുകളിലെ ബെഡിനു തൊട്ടുതാഴെയാണ് വസ്ത്രങ്ങളും മറ്റും വെക്കാനുള്ള സ്റ്റോറേജ് സ്‌പേസ് നല്‍കിയിരിക്കുന്നത്.

ഒരിടം പോലും പാഴാക്കാതെ പരമാവധി ഉപയോഗപ്രദമാക്കിയതാണ് റേച്ചലിന്റെ ഇന്റീരിയറിനെ വ്യത്യസ്തമാക്കുന്നത്. നിരവധി പേരാണ് റേച്ചലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: mom multi-themed bedroom for her kids