AP
ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്ന പദവിയില്‍നിന്ന് പിന്മാറുന്നുവെന്ന ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും പ്രഖ്യാപനം കഴിഞ്ഞയാഴ്ചയാണ് പുറത്തെത്തിയത്. സാമ്പത്തിക സ്വാശ്രയത്വം നേടാനും ഇനിയുള്ള കാലം വടക്കേ അമേരിക്കയിലും യു.കെയിലുമായി ജീവിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇരുവരും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇരുവരും സ്വന്തമാക്കുന്ന പുതിയ വീടിനെക്കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്.
കാനഡയിലെ വാന്‍കൂവറില്‍ ഏറ്റവും വിലയേറിയ പാര്‍പ്പിട മേഖലയിലെ 40 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വാട്ടര്‍ഫ്രണ്ട് പ്രോപ്പര്‍ട്ടിയിലാണ് പുതിയ വീട് സ്വന്തമാക്കുന്നത്.
മേഗനും എട്ട് മാസം പ്രായമുള്ള മകന്‍ ആര്‍ച്ചിയും കാനഡയിലേയ്ക്ക് താമസം മാറിയ ഉടനെ തന്നെ തങ്ങള്‍ രാജകുടുംബം വിടുകയാണെന്ന പ്രഖ്യാപനം ഹാരിരാജകുമാരന്‍ നടത്തിയിരുന്നു. വാന്‍കൂവര്‍ ദ്വീപില്‍ കനേഡിയന്‍ കോടീശ്വരന്റെ കൈവശമുള്ള വസ്തു വാങ്ങാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
6900 സ്വകയര്‍ഫീറ്റുള്ള ഈ പ്രോപ്പര്‍ട്ടിയിലാണ് മേഗന്റെ കണ്ണ്. മേഗന്‍ മാന്‍ഷന്‍ എന്നാണ് ഇപ്പോള്‍ ഈ വീട് അറിയപ്പെടുന്നത്. പസഫിക് സമുദ്രത്തിന്റെ മനോഹരമായ കാഴ്ചയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. കിറ്റ്‌സിലാനോ ബീച്ചിന് സമീപമാണ് വീട്.
108 വര്‍ഷം പഴക്കമുള്ള കൊട്ടാരസമാനമായ വീടിന് ആറ് കിടപ്പ് മുറികളും അഞ്ച് ബാത്ത്‌റൂമുകളുമാണ് ഉള്ളത്. ലക്ഷ്വറി കോര്‍ട്ട്‌യാര്‍ഡുമുണ്ട്. 20 ഫീറ്റ് നീളത്തില്‍ കടലിന് അരികില്‍ മതിലുകളും സുരക്ഷാ വേലികളും വീടിനുണ്ട്.
സമ്പന്നരുടെ സ്വര്‍ഗമെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മേഗന് വീട് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും അവിടുത്തെ താമസക്കാര്‍ അവരെ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നും യുകെയിലെ സണ്‍ ന്യൂസ്‌പേപ്പര്‍ വക്താവ് പറയുന്നു.
Content Highlights: Meghan Markle's New luxury home in Canada