Photo: facebook.com|megan.a.clawson
വലിയ കോട്ടകളിലെയും കൊട്ടാരങ്ങളിലെയും ഒക്കെ ജീവിതം ചരിത്ര സിനിമകളിലോ അല്ലെങ്കില്‍ അത്ഭുത കഥകളിലോ ഒക്കെ മാത്രമാകും നമുക്ക് പരിചയം. എന്നാല്‍ ഈ നൂറ്റാണ്ടിലും ഒരു കൊട്ടാരത്തില്‍ ജീവിക്കാന്‍ പറ്റുക, അതും ഒരു സാധാരണക്കാരിക്ക്. സിനിമയൊന്നുമല്ല, ജീവിതം തന്നെയാണ്. മേഗന്‍ ക്ലോസണ്‍ എന്ന ഇരുപത്തൊന്നുകാരിയാണ് 1070 കളില്‍ വില്യം ദ കോണ്‍ക്വറര്‍ പണികഴിപ്പിച്ച ലോകപ്രസിദ്ധമായ ലണ്ടന്‍ ടവര്‍ കാസിലില്‍ താമസം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി മേഗന്റെ ജീവിതം അവിടെ തന്നെ.
മേഗന്റെ അച്ഛനായ ക്രിസ് ക്ലോസണ്‍ ലണ്ടന്‍ ടവറിലെ ആഭണനിലവറയുടെ സംരക്ഷണ ചുമതലയുള്ള ഗാര്‍ഡുകളില്‍ (British Beefeater) ഒരാളാണ്. അച്ഛന് താമസിക്കാനായി നല്‍കിയിരിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ അദ്ദേഹത്തിനൊപ്പമാണ് മേഗന്‍ കഴിയുന്നത്. ഉന്നതപഠനത്തിനായി ലണ്ടനില്‍ എത്തിയപ്പോള്‍ അവിടെ വീട്ടുവാടക കൈയിലൊതുങ്ങുന്നതായിരുന്നില്ല. ആ പണം ലാഭിക്കാനാണ് ടവറിലേക്ക് താമസം മാറ്റിയത്.
പതിമൂന്നാം നൂറ്റാണ്ടില്‍ ടവറിനുള്ളില്‍ മെഡിക്കല്‍ സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്താണ് മേഗന്റെ ഇപ്പോഴത്തെ വീട്. ഇടുങ്ങിയ സ്ഥലത്ത് നാല് നിലകളിലായാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ ചുവരുകളിലെല്ലാം ചരിത്രപ്രാധാന്യമുള്ള പല വസ്തുക്കളും ഇടംപിടിച്ചിട്ടുണ്ട്. മേഗനൊപ്പം ഒരു വളര്‍ത്തുനായയും ഈ വീട്ടിലുണ്ട്. ടവറില്‍ ജീവിതം ആരംഭിച്ച ശേഷം പകര്‍ത്തിയ ടിക്ടോക് വീഡിയോകളിലൂട മേഗന്‍ ധാരാളം ആരാധകരെയും നേടി.

ടവറിലെ ജീവിതം അത്ര സ്വാതന്ത്ര്യം ഉള്ളതല്ലെന്ന് മേഗന്‍. എപ്പോഴും സഞ്ചാരികള്‍ എത്തുന്ന സ്ഥലമായതിനാല്‍ സ്വകാര്യത തീരെ ഉണ്ടാവില്ല. ബാല്‍ക്കണിയില്‍ അല്പം സമയം ചെലവിട്ടാല്‍ നൂറുകണക്കിന് സഞ്ചാരികള്‍ നമ്മളെ വീക്ഷിക്കുന്നുണ്ടാവും. ടവറിനുള്ളിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഓരോതവണയും രജിസ്റ്ററില്‍ ഒപ്പിടുന്നത് അടക്കമുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. പുറത്തുനിന്നും ഭക്ഷണമോ സാധനങ്ങളോ ഓര്‍ഡര്‍ ചെയ്യാനും പറ്റില്ല. എങ്കിലും ടവറിലെ ജീവിതം ആസ്വദിക്കുന്നതായാണ് മേഗന്റെ മറുപടി.
Content Highlights: Megan Clawson, 21 year old lives in the Tower of London