വീട്ടിനുള്ളിലെ പ്രത്യേകിച്ച് അടുക്കളയിലെ ശുചിത്വക്കുറവ് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോള്‍ ബാക്റ്റീരിയകള്‍ ഭക്ഷണത്തിനൊപ്പം ശരീരത്തില്‍ പ്രവേശിക്കുന്നു. ശുചിത്വമില്ലായ്മയാണ് ഉദരരോഗങ്ങളുടെ പ്രധാന കാര്യങ്ങളിലൊന്ന്. വയറിളക്കമോ ഭക്ഷ്യവിഷബാധയോ പിടിപെടുമ്പോഴാണ് പലപ്പോഴും അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടുന്നതിനെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടാവുക. അടുക്കള വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്.
കട്ടിങ്‌ബോര്‍ഡ്
കഷ്ണങ്ങള്‍ നുറുക്കുമ്പോള്‍ സ്വാഭാവികമായും കട്ടിങ് ബോര്‍ഡുകളില്‍ വിടവുകളും മുറിവുകളും വരാം. ബോര്‍ഡ് നന്നായി കഴുകിയുണക്കി സൂക്ഷിച്ചില്ലെങ്കില്‍ അണുബാധയുണ്ടാവാന്‍ സാധ്യതയുണ്ട്. മരപ്പലകയാണെങ്കില്‍ ഇടയ്ക്ക് എണ്ണയിട്ട് തുടയ്ക്കുന്നത് നന്ന്. ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കഴുകുന്നതും നല്ലതാണ്. പച്ചക്കറി അരിയാനും മാംസം മുറിക്കാനും മീന്‍ വെട്ടാനും പ്രത്യേകം ബോര്‍ഡുകള്‍ ഉപയോഗിക്കണം. കത്തികളും കൈയുറകളും പ്രത്യേകം കരുതുകയും അവ സമയാസമയം വൃത്തിയാക്കുകയും വേണം
ഫ്രിഡ്ജ്
മാസത്തിലൊരിക്കല്‍ സൂക്ഷ്മമായും ആഴ്ച്ചയിലൊരിക്കല്‍ സാധാരണ മട്ടിലും ഫ്രിഡ്ജ് വൃത്തിയാക്കണം. പച്ചക്കറികളും പഴങ്ങളും, മഞ്ഞളും വിനാഗിരിയും കലര്‍ത്തിയ വെള്ളത്തില്‍ 20 മിനിറ്റ് ആഴ്ത്തിവച്ച് കഴുകിയെടുക്കണം. വാഴപ്പഴം പോലും ഇങ്ങനെ ചെയ്യണം. തൊലിയോടു കൂടി കഴിക്കുന്ന പഴങ്ങള്‍ സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് ശക്തിയായ പൈപ്പ് വെള്ളത്തില്‍ കഴുകണം. മാംസവും മത്സ്യവും മുട്ടയും കഴുകി, തുടച്ച് പ്രത്യേകമാക്കി കണ്ടെയ്‌നറുകളില്‍ അടച്ചു വെക്കണം.
വേസ്റ്റ്ബിന്‍
സമയക്കുറവ് മൂലമോ മടിച്ചിട്ടോ അടുക്കളയിലെ വേസ്റ്റ് ബിന്‍ രണ്ടുദിവസം കൂടുമ്പോള്‍ മാത്രം ശുചിയാക്കുന്നവരുണ്ട്. രോഗകാരികളായ ബാക്റ്റീരിയകള്‍ പെറ്റുപെരുകുന്നയിടമാണ് അഴുക്കുപാത്രം. എന്നും പാചകശേഷം വേസ്റ്റ് കളഞ്ഞ് പാത്രം സോപ്പിട്ട് കഴുകിവെക്കേണ്ടതാണ്.
സിങ്ക്
സിങ്കും വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അണുബാധ ഉറപ്പാണ്. എച്ചില്‍പാത്രങ്ങള്‍ സിങ്കില്‍ കൂട്ടിയിടാതെ കഴിച്ചയുടന്‍ തന്നെ കഴുകിയെടുക്കണം. അടുക്കളജോലികള്‍ തീരുന്ന സമയത്ത് അണുനാശിനി ഉപയോഗിച്ച് സിങ്ക് കഴുകിയിടുക. സിങ്ക് അടഞ്ഞിട്ടുണ്ടെങ്കില്‍ തുല്യഅളവില്‍ സോഡക്കാരവും ഉപ്പും ചേര്‍ത്ത ലായനി ഒഴിച്ചുവെക്കുക. കുറച്ചുകഴിഞ്ഞ് ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Kitchen Cleaning Tips