-
പഴയ വീടുകളെ മേക്കോവര്‍ വരുത്തി പുതിയ രൂപത്തിലാക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ പുതിയ വീട് വയ്ക്കുന്ന അത്രതന്നെ കഷ്ടപ്പാടുണ്ട് ഇതിന് പിന്നിലും. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്ന അത്രയും ഭംഗിയാവണമെന്നുമില്ല. എന്നാല്‍ ജെമി ബാരോ എന്ന ബ്രിട്ടീഷുകാരന്‍ പങ്കുവച്ച ഹോംമേക്കോവര്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വീടുകള്‍ മേക്കോവര്‍ ചെയ്യുന്നത് ഹോബിയാണ് ജെമിക്ക്. ബ്രിട്ടനിലെ ഏറ്റവും വേഗതയേറിയ സ്‌നോബോര്‍ഡര്‍ കൂടിയാണ് ഈ 28 കാരന്‍. താന്‍ ഏറ്റവും പുതിയതായി റിനോവേറ്റ് ചെയ്ത വീടിന്റെ ചിത്രങ്ങളാണ് ഇയാള്‍ പങ്കുവച്ചിരിക്കുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഒരു ജോര്‍ജിയന്‍ ഹൗസിന്റെ ചിത്രമാണത്. ഇതിന്റെ ബേസ്‌മെന്റ് ആവശ്യമില്ലാതെ അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതിനെ ചെറിയൊരു പാര്‍ട്ടിഹാള്‍ ആക്കുകയാണ് ജെമി ചെയ്തത്. കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്ത തരം മാറ്റമാണ് ഓരോ സ്ഥലത്തിനും ഇയാള്‍ വരുത്തുന്നത്.

ഏറ്റവും കൂടുതല്‍ പ്രശംസ പിടിച്ചുപറ്റിയത് ഈ വീടിന് അടിയിലുള്ള നിലവറപോലെയുള്ള മുറികളുടെ മാറ്റമാണ്. ശരിക്കും ഇവ ഒരു പ്രേതാലയം പോലെയാണ് പഴയ ചിത്രങ്ങളില്‍. ഒന്നിനെ ആധുനിക രൂപത്തിലുള്ള ബാത്ത് റൂമായും മറ്റൊന്നിനെ മനോഹരമായ കിടപ്പുമുറിയായും മാറ്റി.

'നൂറ് കണക്കിന് വര്‍ഷങ്ങളായി ആരും വരാത്ത ഇടങ്ങളാണ്. വളരെ മനോഹരമായ ചരിത്രം ഉറങ്ങുന്ന ഇടം. ഇതിനെ അടുത്ത നൂറ് വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്ന അവസ്ഥയിലേക്ക് മാറ്റാന്‍ പറ്റിയതില്‍ എനിക്ക് അഭിമാനമുണ്ട്.' ജെമി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഏഴ് വര്‍ഷമായി ജെമി വീടുകളെ മാറ്റിമറിക്കുന്ന രംഗത്തുണ്ട്. ആറ് വീടുകളാണ് ഇതുവരെ ജെമി റിനോവേറ്റ് ചെയ്തത്. ഈ ജോര്‍ജിയന്‍ വീട് പുതിയ രൂപത്തിലാക്കാന്‍ ഒന്നര വര്‍ഷമാണെടുത്തത്.
Content Highlights: Jamie Barrow Britain’s fastest snowboarder showcased his latest old home renovation