വീടുപണിക്ക് ഡിസൈനറെ തിരഞ്ഞെടുക്കുമ്പോള്‍, ഇരട്ടിപ്പണിയും ഇരട്ടിച്ചെലവും ഒഴിവാക്കാന്‍ ചില വഴികള്‍


2 min read
Read later
Print
Share

വീടിനുള്ളിലെ സൗകര്യങ്ങള്‍ എന്തൊക്കെ വേണമെന്നും കൃത്യമായി പറയുകയോ എഴുതിത്തയ്യാറാക്കി നല്‍കുകയോ ചെയ്യാം.

Representative Image|Gettyimages.in

സ്ഥലം വാങ്ങി. ഏരിയ തീരുമാനിച്ചു. ഇനി വീട് പണി തുടങ്ങാം. എന്നാല്‍ വീട് പണിതു കഴിയുമ്പോള്‍ പോക്കറ്റ് കാലിയാവാതിരിക്കാന്‍ ഡിസൈനിങ്ങിലും വേണം ചില ശ്രദ്ധകള്‍. സ്വപ്നവീട് സ്വന്തമാക്കുമ്പോള്‍ അതിലൊരു വിട്ടുവീഴ്ചയും ചെയ്യരുത്. ഏറ്റവും മികച്ച ഡിസൈനറെക്കൊണ്ട് തന്നെ മനസ്സിലെ വീട് ഡിസൈന്‍ ചെയ്‌തെടുക്കണം. വിദഗ്ധരല്ലാത്തവരെക്കൊണ്ട് വീട് ഡിസൈന്‍ ചെയ്താല്‍ പാളിച്ചകള്‍ ഉണ്ടായേക്കാം. അതു പിന്നീട് ഇരട്ടിപ്പണിയും ഇരട്ടിച്ചെലവുമാകും.

1. ഡിസൈനര്‍/ ആര്‍ക്കിടെക്ട്/ എന്‍ജിനീയറെ തിരഞ്ഞെടുക്കുമ്പോള്‍ നമ്മുടെ ഇഷ്ടവീടിന് ചേരുന്നവരാണോ എന്നുനോക്കണം. കണ്ടംപ്രറി വീടില്‍ വൈദഗ്ധ്യമുള്ളവരെ വച്ച് ട്രെഡീഷണല്‍ വീട് മനസ്സിനൊത്ത് ഒരുക്കാനായില്ലെന്നുവരും. ബന്ധുവോ സുഹൃത്തോ നിര്‍ദേശിച്ച ഡിസൈനര്‍ എന്നതാകരുത് ഡിസൈനറെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം.

2. വീട്ടുകാരുമായി ചര്‍ച്ച നടത്തുന്ന ഡിസൈനറെ വേണം തിരഞ്ഞെടുക്കാന്‍. നമ്മുടെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മികച്ച ഡിസൈന്‍ ഒരുക്കുന്നവരായിരിക്കണം അവര്‍. ഏതുതരത്തിലുള്ള വീടാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്നും, വീടിനുള്ളിലെ സൗകര്യങ്ങള്‍ എന്തൊക്കെ വേണമെന്നും കൃത്യമായി പറയുകയോ എഴുതിത്തയ്യാറാക്കി നല്‍കുകയോ ചെയ്യാം. വീട് നിര്‍മിക്കുന്ന ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും പറ്റിയുള്ള പശ്ചാത്തലം, ലൈഫ് സ്റ്റൈല്‍ ഒക്കെ ആര്‍ക്കിടെക്ട് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതനുസരിച്ച് രൂപപ്പെടുത്തുന്ന ഡിസൈന്‍ വീട്ടിനുള്ളിലും വീട്ടുകാരുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കും.

3. ഡിസൈനര്‍ ചെയ്ത മുന്‍വര്‍ക്കുകള്‍ കണ്ട് ഇഷ്ടപ്പെട്ട ശേഷം മാത്രം തിരഞ്ഞെടുക്കാം. നേരത്തേ വെട്ടി സൂക്ഷിച്ച രണ്ടോ മൂന്നോ ചിത്രങ്ങളും റഫറന്‍സായി നല്‍കാം. ഡിസൈനര്‍ ചെയ്യുന്നത് ക്രിയേറ്റീവ് വര്‍ക്ക് ആണ് എന്ന് മനസ്സിലാക്കി വേണ്ട സമയം നല്‍കണം. ധൃതിപിടിക്കുന്നത് ഡിസൈനിങ്ങും വീടുനിര്‍മാണവും കുഴപ്പത്തിലാക്കും.

4. റഫ് സ്‌കെച്ചില്‍തന്നെ വാസ്തുവിദഗ്ധനെ വീടിന്റെ പ്ലാന്‍ കാണിച്ച് ഉത്തമമാണോ എന്നുനോക്കാം. എല്ലാം തീരുമാനിച്ച ശേഷം പിന്നീട് മാറ്റി പണിയുമ്പോള്‍ സമയവും പണവും നഷ്ടമാകും.

5. ഡിസൈനര്‍ ഫസ്റ്റ് റഫ് സ്‌കെച്ച് വരച്ചുനല്‍കിയാല്‍ അത് വിശദമായി പരിശോധിക്കുക. അഭിപ്രായങ്ങളും ഉള്‍പ്പെടുത്തണമെന്നാഗ്രഹിക്കുന്ന മാറ്റങ്ങളും ഈ ഘട്ടത്തില്‍ പറയുക.

6. വിദഗ്ധനായ ആര്‍ക്കിടെക്ടിനെ പണി ഏല്‍പ്പിക്കുകയാണെങ്കില്‍ പിന്നീടൊരു ഇന്റീരിയര്‍ ഡിസൈനറെ കൊണ്ടുവരേണ്ടതില്ല. ആര്‍ക്കിടെക്ട് സ്ഥലത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് നന്നായി പഠനം നടത്തിയശേഷം മാത്രമേ വീട് പണിയാന്‍ തുടങ്ങുള്ളൂ.

7. ഫ്‌ളോര്‍ പ്ലാന്‍, ത്രീഡി, വര്‍ക്കിങ് ഡ്രോയിങ്, സ്ട്രക്ച്ചറല്‍ ഡിസൈന്‍ ഡ്രോയിങ്, നിര്‍മാണ അനുമതി നേടിയെടുക്കാന്‍ വേണ്ട ഫയലുകള്‍, നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കുള്ള വിശദമായ ഡ്രോയിങ്ങുകള്‍, ഇലക്ട്രിക്കല്‍, പ്ലംബിങ് ഡ്രോയിങ്ങുകള്‍, ഇന്റീരിയര്‍ഡിസൈന്‍ ഡ്രോയിങ്ങുകള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ ഒരു വീട് പണിക്ക് ആവശ്യമാണ്. ഇതില്‍ ഏതൊക്കെ സേവനങ്ങള്‍ ആണ് നമുക്ക് വേണ്ടത് എന്നും ഏതൊക്കെ സേവനങ്ങള്‍ ആര്‍ക്കിടെക്ടില്‍നിന്ന് ലഭിക്കും എന്നും കൃത്യമായി മനസ്സിലാക്കിയിരിക്കണം. വീടിന്റെ പണി കഴിയുന്നതുവരെ അവരുടെ മേല്‍നോട്ടവും സാന്നിധ്യവുമുണ്ടാവുമെന്ന് ഉറപ്പുവരുത്തണം. എന്നിട്ട് മാത്രം ഏല്‍പ്പിക്കുക.

(തയ്യാറാക്കിയത്- രേഖാ നമ്പ്യാര്‍)

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: house plans, importance of good design in planning process

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram