വീടിന്റെ മുക്കിലും മൂലയിലുമൊക്കെ ഒളിച്ചിരുന്ന് ചിലയ്ക്കുന്ന പല്ലികള്‍ പലപ്പോഴും ശല്യക്കാരാകാറുണ്ട്. ഭക്ഷണപാത്രത്തിലോ വെള്ളത്തിലോ ഒക്കെ ചാടുമ്പോഴും വാതില്‍പ്പാളിയിലും ജനല്‍പ്പാളിയിലും വച്ചൊക്കെ അടയുമ്പോഴുമൊക്കെയാണ് പല്ലിയെ എങ്ങനെ വീട്ടില്‍ നിന്ന് തുരത്താം എന്നു പലരും ചിന്തിക്കുന്നത്. പല്ലിയെ കൊല്ലാന്‍ മിനക്കെടുന്നതിനു പകരം വീട്ടിനകത്തളം കൂടുതല്‍ വൃത്തിയോടെ പരിപാലിച്ചും ചില പൊടിക്കൈകള്‍ പ്രയോഗിച്ചും അവയെ അകത്തേക്കു പ്രവേശിപ്പിക്കാതിരിക്കാം. പല്ലിയെ വീട്ടില്‍ നിന്ന് അകറ്റാനുള്ള ചില വഴികളാണ് താഴെ നല്‍കിയിരിക്കുന്നത്.
പാറ്റഗുളികകള്‍
പല്ലികളെ തുരത്താന്‍ മികച്ച വഴിയാണ് പാറ്റഗുളികകള്‍. വാര്‍ഡ്രോബിലും കബോര്‍ഡിലും വീടിന്റെ മൂലകളിലും വാതിലിന്റെയും ജനലിന്റെയും കോണുകളിലുമൊക്കെ പാറ്റഗുളികകള്‍ വെക്കാം. ബാത്‌റൂമിന്റെ സിങ്കിലും അടുക്കളയിലെ സിങ്കിലും ഇവയിടാം.
പെപ്പര്‍ സ്‌പ്രേ
വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പെപ്പര്‍ സ്‌പ്രേ കൊണ്ടും പല്ലിയെ പമ്പ കടത്താം. പല്ലിയെ അസ്വസ്ഥമാക്കുന്നതില്‍ മുമ്പിലാണ് കുരുമുളക്. അല്‍പം കുരുമുളകെടുത്ത് ചതച്ച് വെള്ളത്തില്‍ കലര്‍ത്തി പല്ലി വരാനിടയുള്ള ഭാഗങ്ങളില്‍ തളിക്കാം.
തണുത്ത വെള്ളം
തണുപ്പിച്ച വെള്ളം പല്ലിയെ ചലിക്കാന്‍ തടസ്സം സൃഷ്ടിക്കുന്നതിനൊപ്പം അല്‍പനേരത്തേക്ക് നിശ്ചലമാക്കുകയും ചെയ്യും. ഈ സമയത്തിനുള്ളില്‍ അവയെ കയ്യിലെടുത്ത് പുറത്തേക്ക് നീക്കാം
ഉള്ളി
ഉള്ളിയുടെ മണവും പല്ലിയെ അസ്വസ്ഥമാക്കുന്നതാണ്. ഉള്ളി പല കഷണങ്ങളാക്കി വീട്ടിനുള്ളിലേക്കുള്ള പ്രവേശന വഴികളിലും ജനലുകളിലുമൊക്കെ വെക്കാം. ഉള്ളി ജ്യൂസാക്കി ഈ നീര് തളിക്കുന്നതും നല്ലതാണ്.
മുട്ടത്തോട്
മുട്ടത്തോടിന്റെ ഗന്ധവും വീട്ടില്‍ നിന്ന് പല്ലിയെ അകറ്റും. പല്ലിയെ സ്ഥിരം കാണുന്നയിടങ്ങളില്‍ മുട്ടത്തോടുകള്‍ വെക്കാം.
വെളുത്തുള്ളി
കനത്ത മണമുള്ള വെളുത്തുള്ളിക്കും പല്ലിയെ തുരത്താനുള്ള കഴിവുണ്ട്. അല്‍പം വെളുത്തുള്ളി അല്ലികളെടുത്ത് വീടിന്റെ പല ഭാഗങ്ങളിലായി വെക്കാം. അതല്ലെങ്കില്‍ വെളുത്തുള്ളി ജ്യൂസ് സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്.
ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ കൂടി
* വൃത്തിയില്ലായ്മയാണ് പല്ലികള്‍ പ്രവേശിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍. ബാക്റ്റീരിയ തുരത്താന്‍ കഴിവുള്ള മിശ്രിതങ്ങളുപയോഗിച്ച് നിലം തുടയ്ക്കാം. ചുവരുകളും ജനലുകളും സദാ വൃത്തിയായി സൂക്ഷിക്കാം.
* വെളിച്ചം കൂടുതലുള്ള ഇടങ്ങളിലേക്കാണ് പല്ലികള്‍ കൂടുതലെത്തുക. ആവശ്യമില്ലാത്തപ്പോഴെല്ലാം ലൈറ്റുകള്‍ ഓഫ് ചെയ്തിടാം.
* പല്ലിശല്യം കൂടുതലാണെങ്കില്‍ അധികനേരം വാതിലുകളും ജനലുകളും തുറന്നിടാതിരിക്കുന്നതും നല്ലതാണ്.
* ഭക്ഷണാവശിഷ്ടങ്ങളോ വെള്ളമോ നിലത്ത് തൂവിയാല്‍ അപ്പോള്‍ തന്നെ വൃത്തിയാക്കണം.
Content Highlights: Home Remedies to Get Rid of Lizards