എന്റെ വീട്ടില്‍ എനിക്കേറെ ഇഷ്ടമുള്ള സ്ഥലം ബാല്‍ക്കണിയായിരുന്നു. ബ്രേക്ക് അപ്പിന് ശേഷം കുറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ഞാനവിടേയ്ക്ക് പോയത്. അതുവരെ ജീവിതത്തിലെ എല്ലാം നിറങ്ങളും മങ്ങിയിരുന്ന എനിക്ക് വീണ്ടും ജീവിതം തിരിച്ചു കിട്ടിയതുപോലെ തോന്നി. അവിടെ എന്നെ നോക്കി ഒരു വെള്ളപ്പൂക്കള്‍ നിറഞ്ഞ പോപ്പിച്ചെടി നിന്നിരുന്നു. ഉണങ്ങി കിടന്ന മണ്ണില്‍ ഒരു തുള്ളി വീണതുപോലെയാണ് എനിക്കപ്പോള്‍ തോന്നിയത്. എഴുത്തുകാരിയും ടെലഗ്രാഫ് പത്രത്തിന്റെ മുന്‍ കള്‍ച്ചറല്‍ എഡിറ്ററുമായ ആലീസ് വിന്‍സെന്റ് ഗാര്‍ഡനിങിലൂടെ ബ്രേക്കപ്പിനെ മറികടന്ന കഥ പങ്കുവക്കുന്നു.
ഗാര്‍ഡനിങോ പൂക്കളോ ചെടികളോ ഒന്നും അതുവരെ എനിക്കിഷ്ടപ്പെട്ട മേഖലയായിരുന്നില്ല. എന്റെ കുടുംബത്തിന് പണ്ട് കൃഷിയുമായി ബന്ധമുണ്ടായിരുന്നു. ബാല്യം ഞാന്‍ ഒരു ഗ്രാമത്തിലാണ് ചെലവഴിച്ചത്. അവിടെ മുത്തശ്ശന്റെ ഫാമില്‍ ഫ്രഷ് കാരറ്റൊക്കെ തിന്ന് നടന്ന കാലം ഓര്‍മ മാത്രമാണ്. മുതിര്‍ന്നപ്പോള്‍ പിന്നെ ടൗണ്‍ ലൈഫിന്റെ ഭാഗമായി എന്റെ ജീവിതം.
ബ്രേക്ക് അപ്പ് ആയതോടെ ഞാന്‍ കൂടുതല്‍ സമയം ബാല്‍ക്കണിയില്‍ ചെലവഴിച്ചു തുടങ്ങി. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പലതരം ചട്ടികള്‍ കൊണ്ട് വന്ന് ചെടികള്‍ നട്ടു. പൂക്കള്‍ എങ്ങനെ വളര്‍ത്തണമെന്നൊന്നും അറിഞ്ഞിരുന്നില്ല. ചില ദിവസങ്ങളില്‍ കൂടുതല്‍ വെള്ളം ഒഴിച്ചു. വളമിടാന്‍ പലപ്പോഴും മറന്നു. ചില ചെടികള്‍ കരിഞ്ഞു. അതിന് മുകളില്‍ കൂണുകള്‍ മുളച്ചു. ആകെ ദുരന്തം. പക്ഷേ പലതും പഠിച്ചു. ജീവിതവും ഒപ്പം ഗാര്‍ഡനിങും.
ജീവിതത്തിലെ പല നഷ്ടങ്ങളും ചെറുതാണെന്നും ഇനിയുമേറെ ജീവിക്കാനുണ്ടെന്നും പഠിപ്പിച്ചത് ആ പോപ്പിചെടികളാണ്. പിന്നെ അതൊരു ശീലമായി. കൂടുതല്‍ സമയവും ചെടികള്‍ക്കൊപ്പമായി ജീവിതം. കൈകള്‍ മണ്ണിന്റെ തണുപ്പില്‍ ആഴ്ത്തുമ്പോള്‍ മനസ്സും തണുത്തു. ലണ്ടന്‍ ഫ്‌ളവര്‍ മാര്‍ക്കറ്റില്‍ നിന്ന് പലതരം പൂച്ചെടികള്‍ കൊണ്ടു വന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ധാരാളം പൂക്കളും ചെടികളുമുള്ള പാര്‍ക്കില്‍ അലഞ്ഞു നടന്നു. അന്നുവരെ ക്ലസ്‌ട്രോഫോബിയ മൂലം മരങ്ങള്‍ കൂടി നില്‍ക്കുന്ന ഇടങ്ങളെ ഒഴിവാക്കിയിരുന്ന ആളാണ് ഞാന്‍. ലോക്കല്‍ കമ്മ്യൂണിറ്റി ഗാര്‍ഡനിങ് ഗ്രൂപ്പില്‍ അംഗമായി.
റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് നടത്തിയ പഠനത്തില്‍ ഗാര്‍ഡനിങ് രക്തസമര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണെന്നാണ് കണ്ടെത്തല്‍. മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാന്‍ ഇതിലും നല്ലൊരു മാര്‍ഗമില്ല. ചെടികള്‍ എന്റെ ആരോഗ്യവും കാത്തെന്ന് പറയാം
പതിനഞ്ച് മാസത്തിന് ശേഷം ഞാനും എന്റെ മുപ്പത് ചെടികളും പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റി. വര്‍ഷം മുഴുവന്‍ പൂക്കുന്നവയാണ് ആ ചെടികള്‍. ഞങ്ങള്‍ പുതിയ ജീവിതം കണ്ടെത്തുകയായിരുന്നു.
എന്റെ ആദ്യ ബന്ധം പിരിഞ്ഞതിന് ശേഷം, പൂക്കളോടൊത്തുള്ള എന്റെ ജീവിതത്തിലേയ്ക്കാണ് മാറ്റ് വരുന്നത്. അയാള്‍ ഒരു തീയേറ്റര്‍ ക്രിട്ടിക്കായിരുന്നു. പരിചയപ്പെട്ട് ആദ്യകുറച്ച് നാളുകള്‍ക്കുള്ളില്‍ നഗരത്തിലെ എല്ലാപൂന്തോട്ടങ്ങളും കാണാന്‍ ഞാന്‍ അയാളെ കൊണ്ടുപോയി. ഇതാണ് എന്റെ ഇഷ്ടം എന്ന് അറിയിക്കാന്‍. ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. പുതിയ പ്രണയം മാത്രമല്ല. അവിടെ പൂക്കളോടുള്ള പ്രണയവും ഉണ്ട്.
Content Highlights: Gardening healed broken heart