ഫോട്ടോ: വിവേക് ആർ നായർ
വീട് ഒരു സുഖമുള്ള സ്ഥലമാണ്. എന്നാല്‍ വീട്ടില്‍നിന്ന് കിട്ടുന്ന അസുഖങ്ങള്‍ പലതുണ്ട്. വൃത്തിയായി വച്ചില്ലെങ്കില്‍ വീട് ഏതെല്ലാം തരത്തില്‍ പണി തരുമെന്ന് നോക്കാം.പൊടി, ഈര്‍പ്പം, പുക, പ്രാണികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിങ്ങനെ പലവിധ ശത്രുക്കളുണ്ട് വീട്ടിനുള്ളില്‍. ഇവയിലുള്ള ആന്റിജനുകളാണ് രോഗങ്ങളുണ്ടാക്കുന്നത്. ഈ ആന്റിജന്‍ അകത്തെത്തുമ്പോള്‍ ശരീരം ആന്റിബോഡി ഉണ്ടാക്കും. ആന്റിബോഡി ശരീരത്തിന്റെ ഏതു ഭാഗത്താണ് കുഴപ്പമുണ്ടാക്കുന്നതെന്ന് പറയാനാവില്ല. ചുമ, തുമ്മല്‍, ശ്വാസംമുട്ടല്‍, തൊലിപ്പുറമേ തടിച്ചുവീര്‍ക്കല്‍ എന്നിങ്ങനെ രോഗങ്ങളുടെ പെരുന്നാളാണ് പിന്നെ.
പൊടി വീടിനകത്തും പുറത്തുമുണ്ട്. അകത്തുള്ള പൊടി നാട്ടുകാര്‍ക്ക് മുഴുവന്‍ രോഗങ്ങളുണ്ടാക്കില്ല. അത് നിങ്ങളെത്തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കും. വിരികള്‍, കര്‍ട്ടന്‍, മാറ്റ് ഇവയെല്ലാം പൊടിയുടെ ഇരിപ്പിടങ്ങളാണ്. ഹൗസ് ഡസ്റ്റ് മൈറ്റ് എന്ന പേരില്‍ പൊടിയിലുള്ള അതിസൂക്ഷ്മ ജീവിയാണ് വില്ലന്‍. ഇതാണ് രോഗകാരിയാവുന്ന ആന്റിജന്‍ ഉണ്ടാക്കുന്നത്. ചെറിയ പൊടി അകത്തുകയറിയാലും ഉച്ഛ്വാസത്തിലൂടെ പുറത്തേക്ക് പൊയ്‌ക്കൊള്ളും. വലിയ പൊടികളെ മൂക്കിലെ രോമങ്ങള്‍ തടയും. ഇടത്തരം പൊടികളാണ് പ്രശ്‌നം. അവ അകത്ത് കയറും. ഇറങ്ങിപ്പോവുകയുമില്ല.
പൂമ്പൊടി
ചെടികളിലെ പൂമ്പൊടി മതി ചിലരെ തുമ്മി വശം കെടുത്താന്‍. ഗാര്‍ഡനിങ്ങില്‍ താല്‍പര്യമുള്ളവരാണെങ്കില്‍ ആ വഴിക്കും അലര്‍ജി വരാം.
പുക
അടുപ്പില്‍നിന്ന് മാത്രമല്ല , കൊതുകുതിരിയില്‍നിന്ന് മുതല്‍ സിഗരറ്റില്‍നിന്നുവരെയുള്ള പുകയുണ്ടാവും മിക്ക വീടുകള്‍ക്കുള്ളിലും. കത്തുമ്പോള്‍ വിറകിലുള്ള പൊടിയും മറ്റും ചേര്‍ന്നുകത്തും. ഈ പൊടികള്‍ പല സ്വഭാവമുള്ളതാവാം. അതിന് പുറമേയാണ് കത്തിത്തീരാത്ത വിറകുകഷണങ്ങളില്‍നിന്നുള്ള പുക. പുറത്തുവരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നിവ വേറെയും. കൊതുകുതിരിയിലുള്ള രാസവസ്തുക്കള്‍ ഉണ്ടാക്കുന്ന അലര്‍ജിരോഗങ്ങളും ധാരാളമുണ്ട്. കടുക് വറുത്താലും മീന്‍ വറുത്താലും ഉള്ള മണം പോലും തുമ്മലുണ്ടാക്കുന്നവരുണ്ട്.
സോപ്പ്
പാത്രം കഴുകുമ്പോള്‍, തുണി കഴുകുമ്പോള്‍ ഒക്കെ ഡിഷ് വാഷും വാഷിങ് പൗഡറും കൈയിലെ തൊലിയെ ശല്യം ചെയ്യും. ഡിറ്റര്‍ജന്റ് കൈയിലാവാതിരിക്കാന്‍ കൈയുറ ധരിക്കാമെന്നുവെച്ചാല്‍, ചില കൈയുറകള്‍തന്നെ അലര്‍ജിയുണ്ടാക്കാം.
പാറ്റ
കൂറയുള്ള വീട്ടില്‍ അലര്‍ജി രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും പെണ്‍കൂറ. കൂറകളുടെ വിസര്‍ജ്ജ്യമാണ് ഇവിടെ ആന്റിജനായി പ്രവര്‍ത്തിക്കുന്നത്.
ഭക്ഷണം
ചില ഭക്ഷണസാധനങ്ങള്‍ ആളുകളെ കുഴപ്പിച്ചുകളയും. െചമ്മീന്‍ കഴിച്ച് ദേഹം തടിച്ചുപൊങ്ങി, ചപ്പാത്തി കഴിച്ച് ചൊറിഞ്ഞ് മതിയായി എന്നെല്ലാം പറയുന്നവരെ കണ്ടിട്ടില്ലേ? ചിലരില്‍ അലര്‍ജിയുണ്ടാക്കാന്‍ ഈ ഭക്ഷണസാധനങ്ങളിലുള്ള ആന്റിജന്‍ മതി. കേക്കില്‍, ബിരിയാണിയില്‍ എന്തിന് ചോറില്‍ നിന്നുപോലും അലര്‍ജി ചാടിപ്പിടിക്കുന്നവരുണ്ട്.
കീടനാശിനി
വീടിനുള്ളില്‍ ഉറുമ്പ്, പാറ്റ എന്നിവയ്ക്കുള്ള മരുന്നടിക്കുന്ന ദിവസം തുമ്മലും ശ്വാസം മുട്ടലും പതിവുള്ള ചിലരുണ്ട്. ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കില്‍ അസുഖങ്ങളുണ്ടാക്കാന്‍ ഇവ ധാരാളം മതി.
ഫംഗസ് ഇന്‍ഫക്ഷന്‍
നനവ് കനത്ത് നില്‍ക്കുന്ന ചുമരുകള്‍, ഈര്‍പ്പമുള്ള തറ, ഈറന്‍ മണമുള്ള കുളിമുറി... ഫംഗസാണ് ഇവിടുത്തെ പൊതു താമസക്കാരന്‍. അസുഖങ്ങളുണ്ടാക്കുന്ന ഫംഗസുകള്‍ ധാരാളം. ശ്വാസം മുട്ടലോ പനിയോ ഒക്കെ വരുത്തിവെയ്ക്കാന്‍ ഈ കുഴപ്പക്കാര്‍ മതി.
മൃഗങ്ങളുടെ രോമം
മൃഗങ്ങളുടെ രോമമാണ് മൂക്കില്‍ കയറി പ്രശ്‌നമുണ്ടാക്കുന്നതെന്ന് കരുതിയാല്‍ തെറ്റി. അതിനേക്കാള്‍ പ്രശ്‌നമാണ് അവയുടെ തുപ്പല്‍. നായയായാലും പൂച്ചയായാലും അവ സ്വന്തം ദേഹത്ത് നക്കുന്നത് കണ്ടിട്ടില്ലേ? ദേഹത്ത് പുരളുന്ന തുപ്പല്‍ കുറച്ചുകഴിയുമ്പോള്‍ അവിടെത്തന്നെ ഉണങ്ങിപ്പിടിക്കും. അത് കാറ്റില്‍പ്പറന്ന് നമുക്കെല്ലാം കിട്ടും. നിറയെ പ്രോട്ടീനാണ് ഈ തുപ്പലില്‍. അലര്‍ജിയുണ്ടാക്കാന്‍ മുന്നിലാണ് ഇത്. അടുത്തിടപെടുന്നവര്‍ക്ക് അതുമതി പുലിവാലാവാന്‍.
വീടിനകത്തുനിന്ന് രോഗങ്ങള്‍ കിട്ടുന്നതൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം
- പൊടി തട്ടുന്നത് കഴിയുന്നതും ഒഴിവാക്കുക. ചുമരുകളും സീലിങ്ങും വാക്വം ക്ലീനറുപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. നിലം നനച്ചു തുടക്കുക.
- വിരികള്‍ കുടയുമ്പോള്‍ പൊടി മൂക്കില്‍ കയറാതിരിക്കാനുള്ള മുന്‍കരുതലെടുക്കണം.
- കര്‍ട്ടന്‍ ഇടക്കിടെ അലക്കണം. അലക്കാവുന്ന മെറ്റീരിയലുകള്‍ ഉപയോഗിക്കൂ.
- തലയിണകള്‍ക്ക് ഡസ്റ്റ് മൈറ്റ് റെസിസ്റ്റന്റ് കവറുകള്‍ ഉപയോഗിക്കാം.
- ഭക്ഷണ അലര്‍ജി വരുന്നതായി സംശയമുണ്ടെങ്കില്‍ ആദ്യം വന്ന ദിവസം കഴിച്ച എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളുടെ പേരും എഴുതിവെക്കൂ. രണ്ടാമതും ബുദ്ധിമുട്ട് വരുന്ന ദിവസം വീണ്ടും എഴുതിെവയ്ക്കണം. അങ്ങനെ അലര്‍ജി വരുന്ന ദിവസങ്ങളിലെല്ലാം പൊതുവായി നിങ്ങള്‍ എന്ത് കഴിച്ചു എന്ന് കണ്ടുപിടിക്കുക. അതാണ് നിങ്ങള്‍ ഒഴിവാക്കേണ്ട ഭക്ഷണം.
- നനവുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. പ്രത്യേകിച്ചും അടിവസ്ത്രങ്ങള്‍. ഫംഗല്‍ അലര്‍ജിക്ക് മറ്റൊന്നും വേണ്ട
- റബര്‍ ഗ്ലൗസിനുള്ളില്‍ ഒരു കോട്ടണ്‍ ഗ്ലൗസ് ഉപയോഗിക്കാം
- പ്രകൃതിയുമായും പരിസരങ്ങളുമായി ഇണങ്ങി ജീവിക്കുന്നവര്‍ക്ക് നല്ല പ്രതിരോധശേഷിയുണ്ടാവും. അസുഖങ്ങള്‍ കുറവും. കുട്ടികളെ അമിതവൃത്തിയില്‍ വളര്‍ത്താതിരിക്കുന്നതാണ് നല്ലത്. സാധാരണ വൃത്തി മാത്രമുള്ള ഒരു വീട് പോലും അവരെ അസുഖക്കാരാക്കിയേക്കാം.
ഡോ. രാജഗോപാല്‍ ടി.പി
പ്രൊഫസര്‍ ആന്‍ഡ് എച്ച്.ഒ.ഡി,
പള്‍മിനറി മെഡിസിന്‍
ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്
ഡോ. സ്‌നിഗ്ധ. ഒ
കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ്
മെയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്
Content Highlights: Dust in your home can make you sick