-
ഈ കാലിഫോര്‍ണിയക്കാരന്‍ കൊറോണ ലോക്ഡൗണില്‍ സമയം പോകാന്‍ കണ്ടെത്തിയ മാര്‍ഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. വേറൊന്നുമല്ല, മൂന്ന് മാസം കൊണ്ട് ഇയാള്‍ തന്റെ വീടിന്റെ പിന്നാമ്പുറത്ത് ഒരു കോഫീ ഷോപ്പ് തന്നെ പണിതു. അതും ഒറ്റയ്ക്ക്.
ഇയാളുടെ മകളായ ജൂലിയാന ആസ്ട്രിഡാണ് പിതാവ് കോഫീ ഷോപ്പ് പണിയുന്നതിന്റെ വിവിധദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. മൂന്ന് ലക്ഷത്തിലധികം ലൈക്കുകളും 36,000 ഷെയറുകളും ഈ ഹോം കോഫീ ഷോപ്പിന് ലഭിച്ചുകഴിഞ്ഞു.
'അച്ഛന്‍ എഡ്, വീടിന്റെ പിന്നില്‍ ഒരു കോഫി ഷോപ്പ് നിര്‍മ്മിച്ചു, അതും ഒറ്റയ്ക്ക് മൂന്ന് മാസംകൊണ്ട്? സത്യമാണ്.' ജൂലിയാന ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.
'അച്ഛന്‍ വീടിനുചുറ്റും ഇത്തരത്തില്‍ മനോഹരമായത് ഓരോന്ന് ഒരുക്കുന്നതുകണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. അദ്ദേഹത്തിന് കോഫിയും അത് കുടിക്കാന്‍ പറ്റിയ നല്ല സ്‌പോട്ടുകളോടും പ്രത്യേക താല്‍പര്യമുണ്ട്. എങ്കില്‍ പിന്നെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വന്നിരിക്കാനും കോഫി നുണയാനും ഒരിടം വീട്ടില്‍ തന്നെയിരിക്കട്ടെ എന്ന് കരുതിക്കാണും. ' ജൂലിയാന പറയുന്നു.

വലിയൊരു റിയല്‍ കോഫീ ഷോപ്പിന്റെ ഫീല്‍ തരുന്ന രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. മുമ്പില്‍ വലിയ ഗ്ലാസ് വിന്‍ഡോസും പുറത്ത് ഒരു സീറ്റിങ് ഏരിയയും മുകളിലായി തൂക്ക് വിളക്കും ഒരുക്കി. ലാ വിദ ('La Vida) എന്നാണ് ഷോപ്പിന്റെ പേര്.
ഉള്ളിലും ധാരാളം സ്ഥലമുണ്ട്. എല്ലാവര്‍ക്കും ഒന്നിച്ചിരിക്കാന്‍ പറ്റുന്ന് ടേബിളും സീറ്റിങും, ഒപ്പം ചെസ് സെറ്റ്, മാഗസിന്‍ റാക്ക്, ടി.വി, ബാര്‍ സീറ്റിങ്... ഇത്രയുമുണ്ട് സൗകര്യങ്ങള്‍.
ഒപ്പം കോഫി മേക്കര്‍, മിനിഫ്രിഡ്ജ്, പേസ്ട്രി കേസ്, മെനുബോര്‍ഡ്‌സ്.. ഇങ്ങനെ റിയല്‍ ഷോപ്പിലുള്ളതെല്ലാം ഉണ്ട് ഇവിടെയും. ''Mo'cha Latte, Alex'presso, Ju Ju Cha Cha Chai and Carty Cocoa.' മെനുബോര്‍ഡിലെ വിഭവങ്ങളാണ് ഇവ.

'അച്ഛന്‍ ഇതിന്റെ പണിതുടങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞത് അദ്ദേഹത്തിന് വട്ടാണെന്നാണ്. പിന്ററസ്റ്റില്‍ നോക്കി പലതരം കോഫീഷോപ്പ് മോഡലുകള്‍ അദ്ദേഹം കണ്ടെത്തി. ശേഷമാണ് ഞങ്ങളോട് പറഞ്ഞത് ഞാന്‍ നമ്മുടെ വീടിന് പിന്നില്‍ ഒരു കോഫീഷോപ്പ് പണിയാമെന്ന് വിചാരിക്കുന്നു എന്ന്. തമാശയാണെന്നാണ് ഞങ്ങള്‍ കരുതിയത്.' ജൂലിയാന ട്വിറ്ററില്‍ കുറിക്കുന്നു.
പല സാധനങ്ങളെയും പുനരുപയോഗിക്കുകയാണ് ഇയാള്‍ ചെയ്തത്. എന്തിലും സൗന്ദര്യം കണ്ടെത്താനുള്ള അച്ഛന്റെ കഴിവിനെ ഞാന്‍ സമ്മതിക്കുന്നു എന്നാണ് ഇതേ പറ്റി ജൂലിയാന പറയുന്നത്.

എഡ് ഒരു കോണ്‍ട്രാക്ടറാണ്. സൈറ്റുകളിലെല്ലാം ഉപേക്ഷിക്കുന്ന സാധനങ്ങളെ റീമോഡല്‍ ചെയ്‌തെടുക്കുന്ന ശീലമുണ്ട്. കോഫീ ഷോപ്പ് ചെയ്യാന്‍ ഇത്തരം സാധനങ്ങളാണ് എഡ് ഉപയോഗിച്ചത്.
ഇപ്പോള്‍ മകള്‍ അച്ഛനുവേണ്ടി 'Ed (E.L.S) THE BUILDER!' എന്നൊരു ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിട്ടുണ്ട്. 'Looking to build something? I’m your guy,' എഡിന്റെ ബയോ ഇങ്ങനെയാണ്.
Content Highlights: California Dad Builds Mini Coffee Shop in His Backyard