Representative Image
സൗകര്യവും ഭംഗിയും ഒന്നിക്കുന്നിടമാണ് ഇപ്പോള്‍ അടുക്കളകള്‍. പണികള്‍ എളുപ്പമാക്കാന്‍ എന്തെല്ലാം സൗകര്യങ്ങളൊരുക്കാമോ അതെല്ലാം ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് പുതിയ അടുക്കളകള്‍. അതിനനുസരിച്ച് മുക്കിലും മൂലയിലും വരെ അഴിച്ചുപണി നടത്താറുമുണ്ട്. അടുക്കും ചിട്ടയും ഭംഗിയുമുള്ള അടുക്കളകള്‍ ഒരുക്കുമ്പോള്‍ അത് വീടിന് അധികച്ചെലവായി മാറാതിരിക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം.
1. ഓവല്‍ ആകൃതിയിലുള്ള ഓപ്പണ്‍ കിച്ചണാണ് കണ്ടംപററി ശൈലിയിലുള്ള അടുക്കളകളുടെ ട്രെന്‍ഡ്. സ്ഥലം കൂടുതലുള്ള വീടുകളില്‍ ഐലന്‍ഡ് കിച്ചണുകളും ഇടം പിടിക്കാറുണ്ട്.
2. ഓപ്പണ്‍ ഷെല്‍ഫ്, ടോള്‍ യൂണിറ്റ്, കോര്‍ണര്‍ യൂണിറ്റ് ഇവയെല്ലാം അടുക്കളയില്‍ ആവശ്യത്തിന് വേണം. അത്യാവശ്യ സാധനങ്ങള്‍ സൂക്ഷിക്കാന്‍ വേണ്ടി മാത്രം മതി കാബിനറ്റുകള്‍. ഭിത്തി മുഴുവന്‍ കാബിനറ്റ് പിടിപ്പിക്കുന്നത് അഭംഗിയും അധികച്ചെലവുമാണ്.
3. വീട് പണിയുമ്പോള്‍ തന്നെ കോണ്‍ക്രീറ്റ് ഷെല്‍ഫുകള്‍ പണിയാം. പിന്നീട് ഇതിന് ആവശ്യം പോലെ തടിയുടെയോ മറ്റോ വാതിലുകള്‍ നല്‍കി കാബിനറ്റുകള്‍ നിര്‍മിക്കാം. ഇതിന് ചെലവ് കുറവാണ്. സുക്ഷിക്കാനുള്ള പാത്രങ്ങളുടെ എണ്ണവും വലുപ്പവുമനുസരിച്ച് ഷെല്‍ഫ് ഡിസൈന്‍ ചെയ്യാം.
4. കംപ്രസ്ഡ് വുഡല്ലാതെ പ്ലൈവുഡ്, പി.വി.സി, പ്ലാസ്റ്റിക്, ഫൈബര്‍ തുടങ്ങിയ മെറ്റീരിയലുകളും കാബിന്‍ നിര്‍മാണത്തിന് ഉപയോഗിക്കാം. ഇവ ചെലവ് കുറയ്ക്കും.
5. സ്ഥലം കുറവുള്ള അടുക്കലകളില്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ വോള്‍ റാക്കുകള്‍ അനുയോജ്യമാണ്. സ്പൂണുകള്‍ കറിപ്പൊടികള്‍ എന്നിവയൊക്കെ വേഗം എടുക്കാന്‍ പറ്റുന്നതുപോലെ ചുമരില്‍ ഉറപ്പിക്കാവുന്ന ഇത്തരം റാക്കുകളില്‍ സൂക്ഷിക്കാം.
6. കാബിനറ്റിന് ഉള്ളില്‍ വരുന്നതുപോലെ ഇന്‍ബില്‍റ്റ് ഫ്രിഡ്ജ് നല്‍കുന്നത് മറ്റൊരു ട്രെന്‍ഡാണ്. ഫ്രിഡ്ജില്‍ നിന്ന് സാധനങ്ങള്‍ എടുത്തു വയ്ക്കാന്‍ പാകത്തിന് അരികില്‍ ഒരു കൗണ്ടര്‍ടോപ്പും വയ്ക്കാം.
7. പച്ചക്കറികള്‍ കഴുകിയ ശേഷം വെള്ളം വാര്‍ന്ന് പോകുന്ന തരം ഡ്രിപ്പ് ബാസ്‌കറ്റ് മോഡല്‍ സിങ്കുകളുണ്ട്. ഡബിള്‍ ബൗള്‍ സിങ്കുകള്‍ മറ്റൊരു ട്രെന്‍ഡാണ്. സിങ്കിന്റെ ബൗളും ഡ്രെയിന്‍ ബാസ്‌കറ്റുമെല്ലാം മൂടുന്ന സ്ലൈഡിങ് ഡോറുകളുള്ളവയും വിപണിയില്‍ ലഭിക്കും.
Content highlights: Budget kitchen updates tips