Representative Image|Gettyimages.in
സ്വന്തമായൊരു വീട്, സ്വപ്‌നം കാണാത്തവര്‍ ആരുമുണ്ടാവില്ല. അരസെന്റിലാണെങ്കില്‍ പോലും ഒരു കൊച്ചു വീട് പണിയാനായാല്‍ അതില്‍പ്പരം മറ്റൊരു സന്തോഷമില്ല. പക്ഷേ ആ സ്വപ്‌നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ചെറിയ സ്ഥലത്ത് കുറഞ്ഞ ചെലവില്‍ ബജറ്റ് ഹോം നിര്‍മിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇതിനായി മികച്ച് പ്ലാനിങ്ങ് തന്നെ വേണം. പാരമ്പര്യമായി കണ്ടുപരിചയിച്ച് പ്ലാനിങില്‍ ചില മാറ്റങ്ങളായാലോ...
1. വളരെ കോംപാക്ട് ആയിട്ടുള്ള വീട് പണിയുന്നതാണ് ട്രെന്‍ഡ്. എന്നാല്‍ എല്ലാ സൗകര്യങ്ങളും അതിലുണ്ടാവണം. സ്പേസ് മാനേജ്മെന്റാണ് പ്രധാനം. മൂവായിരമോ നാലായിരമോ സ്‌ക്വയര്‍ഫീറ്റുള്ള വീട് പണിയുന്നതിനെക്കാള്‍ ചെറിയ വീട് പണിത് അത് ബുദ്ധിയോടെ മാനേജ് ചെയ്യുന്നതിലാണ് കാര്യം. വീടിന്റെ ഡിസൈന്‍ പരിശോധിച്ച് തുടക്കത്തില്‍ തന്നെ കൃത്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ ചെലവ് കുറയ്ക്കാനാവും. ആദ്യം സിറ്റൗട്ടില്‍നിന്നുതന്നെ തുടങ്ങാം.
2. എത്ര വലിയ വീടോ ചെറിയ വീടോ ആയിക്കോട്ടെ, നമ്മുടെ ജീവിതരീതിക്കനുസരിച്ചാവണം സിറ്റൗട്ട് ഡിസൈന്‍ ചെയ്യേണ്ടത്. അതായത് ജോലിക്ക് പോകുന്ന ഭാര്യയും ഭര്‍ത്താവുമാണെങ്കില്‍ അവര്‍ക്ക് വരാന്തയുള്ള വലിയ സിറ്റൗട്ടിന്റെ ആവശ്യമുണ്ടോ എന്ന് ആലോചിക്കണം. അവിടെ ഒന്നിരിക്കാന്‍പോലും സമയമില്ലാത്തവര്‍ക്ക് അത് വെറുമൊരുആഡംബരം മാത്രമായിപ്പോകും. സ്പേസും പണവും നഷ്ടമെന്നുമാത്രം.
3. വീടുപണിയിലെ പുതിയൊരു ആശയമാണ് ഫോയെര്‍. കാര്‍പോര്‍ച്ചില്‍നിന്ന് സിറ്റൗട്ടിലേക്ക് കയറിക്കഴിഞ്ഞാല്‍ ചെറിയൊരു സ്പേസ് ഉണ്ടാവും. അവിടുന്ന് തിരിഞ്ഞാല്‍ നേരെ ഫോര്‍മല്‍ ലിവിങ്ങിലേക്ക് കയറാം. അല്ലെങ്കില്‍ നേരെ ഇറങ്ങി വീട്ടിനകത്തേക്ക് വരാം. പുറത്ത് നിന്നൊരാള്‍ അകത്തേക്ക് കടന്നാല്‍ ഗസ്റ്റ്റൂമിലിരിക്കുന്നവര്‍ക്ക് കാണാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഗുണം. മാത്രമല്ല വീട്ടിലുള്ളവര്‍ക്കും അതിഥിക്കും സ്വകാര്യത കിട്ടുകയും ചെയ്യും. ഫോയറിനകത്തായി ഷൂറാക്ക് വെക്കാം. ചെറിയൊരു വിസ്തീര്‍ണമേ ഉണ്ടാവുകയുള്ളുവെങ്കിലും ഗുണങ്ങളേറെയാണ്.
4. ഫോര്‍മല്‍ ലിവിങ്റൂമില്‍ ധാരാളം സ്പേസ് കിട്ടാനായി ഡബിള്‍ ഹൈറ്റ് നല്‍കാം. ഇത് ചൂട് കുറയ്ക്കും. ചെറിയ വീടാണെങ്കിലും വലിയ വീടിന്റെ ലുക്ക് കിട്ടും. കഴിവതും മറ്റ് മുറികളേക്കാളും വ്യത്യസ്തമായ രീതിയില്‍ ഡിസൈന്‍ ചെയ്താല്‍ ഫോര്‍മല്‍ ലിവിങ് വേറിട്ട് നില്‍ക്കും.
5. ഫോര്‍മല്‍ ലിവിങ്ങിനോട് ചേര്‍ന്ന് ലാന്‍ഡ്സ്‌കേപ്പ് ചെയ്ത് ഫുള്‍ ഹൈറ്റ് വിന്‍ഡോ നല്‍കാം. പുറത്തേക്ക് നല്ല കാഴ്ച കിട്ടുന്നതിന് സഹായിക്കും. ഫാമിലി ലിവിങ് റൂമും നമുക്കിഷ്ടമുള്ളതുപോലെ ഡിസൈന്‍ ചെയ്തെടുക്കാം. ഡബിള്‍ ഹൈറ്റിലും ലിവിങ്ങിനോട് ചേര്‍ന്ന് സിറ്റൗട്ടോ പ്രെയര്‍ മുറിയോ സ്റ്റഡി റൂമോ കോര്‍ട്ട് യാര്‍ഡോ ഒക്കെ കുറഞ്ഞ ചെലവില്‍ സെറ്റ് ചെയ്യാം. വീടിന് ഭംഗിയും തോന്നും.
6. ഏറ്റവും കൂടുതല്‍ സ്വകാര്യത ആവശ്യമുള്ളയിടം ബെഡ്റൂം തന്നെയാണ്. വാതില്‍ തുറക്കുമ്പോള്‍ തന്നെ കിടപ്പുമുറിയിലെ ബെഡ് കാണുന്ന വിധത്തിലാവരുത് ഡിസൈന്‍. മിനിമം സ്വകാര്യത നല്‍കാനായി നാരോ സ്പേസ് കൊടുത്ത് ബെഡ്റൂമിലേക്ക് കയറിച്ചെല്ലാം.
7. ബെഡ്റൂമിനകത്ത് ചെറിയൊരു സ്പേസില്‍ ഡ്രസ്സിങ് സോണ്‍ ഉണ്ടാക്കാം. അതിനകത്ത് അലമാരവയ്ക്കാനും ഉപയോഗിച്ച തുണികള്‍ ഇടാനുമൊക്കെ സൗകര്യമൊരുക്കാം. എന്നിട്ട് കിടപ്പുമുറിയെ ഫ്രീയാക്കാം.
8. കിടപ്പുമുറിക്കകത്ത് വലിയ ജനലുകള്‍ നല്‍കാം. അകത്തേക്ക് കൂടുതല്‍ കാറ്റും വെളിച്ചവും കിട്ടും. ബെഡ്റൂമിനോട് ചേര്‍ന്നൊരു ഗാര്‍ഡന്‍ സെറ്റ് ചെയ്യുന്നതാണ് മറ്റൊരു ട്രെന്‍ഡ്. കിടപ്പുമുറിയുടെ കോംപൗണ്ട് വാള്‍ പൊക്കിക്കെട്ടി അതിനോട് ചേര്‍ന്ന് പ്രൈവറ്റ് സിറ്റൗട്ട് നല്‍കാം. ഗ്രില്‍ ഉള്ള സ്ളൈഡിങ് ഗേറ്റും പിടിപ്പിക്കാം. വളരെ ചെറിയ സ്പേസില്‍ ഇതൊക്കെ ഒരുക്കാന്‍ കഴിയും.
9. കിടപ്പുമുറിയിലെ കട്ടിലിനെ സ്റ്റോറേജ് സ്‌പേസാക്കാന്‍ മടിക്കേണ്ട. കട്ടിലിനടിയില്‍ കുത്തിത്തിരുകി സാധനങ്ങള്‍ വയ്ക്കുന്നതിനുപകരം ഇതിനുള്ളില്‍ എടുത്തുവയ്ക്കാം.
10. വെറ്റ് ആന്റ് ഡ്രൈ ബാത്ത്റൂം വളരെ ചെലവ് കൂടുതലായ ആശയമാണെന്നത് തെറ്റിദ്ധാരണയാണ്. എത്ര പൈസയില്ലെങ്കിലും ബാത്ത്റൂമില്‍ വെറ്റ് ഏരിയ ഡ്രൈ ഏരിയ വെവ്വേറെ ഡിസൈന്‍ ചെയ്യുന്നതാണ് നല്ലത്. തെന്നിവീഴുന്നത് ഒഴിവാക്കാന്‍ ഏറ്റവും നല്ല പോംവഴി. ബാത്ത്റൂമിലെ ഏറ്റവും മൂലയിലാവണം കുളിക്കാനുള്ള വെറ്റ് ഏരിയ ചെയ്യേണ്ടത്. അതും മറ്റ് ഏരിയെക്കാളും പത്ത് സെന്റീമീറ്റര്‍ താഴ്ത്തി പണിയണം. അല്പം കൂടി ബജറ്റുണ്ടെങ്കില്‍ അവിടെ കര്‍ട്ടനോ ഗ്ലാസോ നല്‍കി മറയ്ക്കാം. ബാക്കി സ്ഥലം ഡ്രൈ ഏരിയയാക്കാം.
11. വാഷ് ബേസിനടിയിലും സ്റ്റോറേജ് സ്പേസ് നല്‍കാം. ബാത്ത്റൂം ഫിറ്റിങ്സ് എല്ലാം തന്നെ ആദ്യമേ തിരഞ്ഞെടുക്കാം. ഒരു ബാത്ത്റൂമിന് അമ്പതിനായിരം അല്ലെങ്കില്‍ ഒരു ലക്ഷം രൂപയേ ചെലാവാക്കുള്ളൂ എന്നുറപ്പിക്കാം. ബാത്ത്റൂമിനകത്തേക്ക് കൂടുതല്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നതിനുപകരം ഗ്ലാസ് ഡോര്‍ കൊടുത്താല്‍ ബെഡ്റൂമിലെ വെളിച്ചം ബാത്ത്റൂമിനകത്തേക്കും ലഭിക്കും. ഇതുകൂടാതെ വലിയ വിന്‍ഡോ നല്‍കാം. വേണമെങ്കില്‍ സീലിങ്ങില്‍ പര്‍ഗോള പിടിപ്പിക്കാം.
12. ഡൈനിങ് ഏരിയയില്‍ വലിയ ജനലുകളോ ഓപ്പണ്‍ സ്പേസോ നല്‍കാം. ഇതും ട്രെന്‍ഡാണ്. ഡൈനിങ് ഹാളിലും ഡബിള്‍ ഹൈറ്റ് നല്‍കാം. മുകളിലത്തെ നിലയില്‍നിന്ന് നോക്കുമ്പോള്‍ ഓപ്പണ്‍ ഡിസൈന്‍ പോലെ ഭംഗി തോന്നും.
13. ചെറിയ വീടുകളിലും ഓപ്പണ്‍ കിച്ചനാണ് ട്രെന്‍ഡ്. അടുക്കളയിലെ മണം പുറത്തേക്ക് വരാത്ത രീതിയില്‍ നല്ല ചിമ്മിനി സെറ്റ് ചെയ്യാം. ചിമ്മിനി ഓണ്‍ ആക്കുമ്പോള്‍ തൊട്ടപ്പുറത്തെ മുറിയിലെ ഫാന്‍ ഓഫ് ചെയ്യാന്‍ മറക്കരുത്. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍കൂടി കൊടുത്താല്‍ ഭംഗിയായി.
14. അടുക്കള ഡിസൈന്‍ ചെയ്യുമ്പോള്‍ ട്രയാങ്കിള്‍ ഷെയ്പ്പില്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. വാഷിങ് സിങ്ക്, ഫ്രിഡ്ജ്, കുക്കിങ് സ്റ്റൗ... ഇത് മൂന്നും തമ്മിലുള്ള അകലം കൂട്ടിക്കഴിഞ്ഞാല്‍ 16 അടിയേക്കാള്‍ കൂടുതലാവരുത്. പണി എളുപ്പമാക്കാനും ചെലവ് ചുരുക്കാനും ഇത് ഉപകരിക്കും.
15. അടുക്കള പാര്‍ട്ലി ഓപ്പണായും ചെയ്യാം. അഞ്ച് സെന്റ് സ്ഥലത്താണെങ്കില്‍ സ്റ്റോര്‍ റൂം ഉണ്ടാക്കി വെറുതെ ആ സ്പേസ് കളയേണ്ടതില്ല. എല്ലാത്തരം പുള്‍ ഔട്ട് യൂണിറ്റുകളും വിപണിയിലുണ്ട്. അരി വരെ അതില്‍വെക്കാനാവും. വര്‍ക്കിങ് ഏരിയയില്‍ മിക്സി, ഗ്രൈന്‍ഡര്‍ എന്നിവയൊക്കെ സെറ്റ് ചെയ്യാം. വാഷിങ് മെഷീന്‍ താഴത്തെ നിലയില്‍ തന്നെ വെയ്ക്കാം.
16. സ്റ്റെയര്‍ കേസിനു താഴെ ചെറിയൊരു കോര്‍ട്ട്‌യാര്‍ഡോ പ്രേയര്‍ ഏരിയയോ നല്‍കാം. അടിഭാഗം ലാന്‍ഡ്സ്‌കേപ്പോ ബെബിള്‍ കോട്ടോ ഫിഷ് പൂളോ ഡിസൈന്‍ ചെയ്യാം. വീട് മനോഹരമാക്കാന്‍ സഹായിക്കും.
17. വിലകൂടിയ തേക്കുകൊണ്ട് ജനാലകള്‍ പണിയുന്നതിനുപകരം പവര്‍ കോട്ടഡ് അലൂമിനിയം, യുപിവിസി, കോണ്‍ക്രീറ്റ്...എന്നിവ ഉപയോഗിക്കാം.
18. വീടിനകത്ത് കോര്‍ട്ട്‌യാഡിന് മുകളില്‍ പര്‍ഗോള നല്‍കാം. വീടിനകത്തെ പര്‍ഗോള ഗ്ലാസിട്ട് അടയ്ക്കരുത്. അപ്പോള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. ചെറിയ വീടാണെങ്കിലും വീടിന്റെ മൂലകളില്‍ ലാന്‍ഡ്സ്‌കേപ്പ് ചെയ്ത് പച്ചപിടിപ്പിക്കാം. എത്ര ചെറിയ വീടാണെങ്കിലും കോംപൗണ്ട് ഭിത്തിയോട് ചേര്‍ന്ന് ലാന്‍ഡ്സ്‌കേപ്പ് ചെയ്ത് ചെയ്‌തെടുക്കാം. വീടിന്റെയും കോംപൗണ്ട് വാളിന്റെയും ഇടയിലായി ചെടികള്‍ നട്ട് ലാന്‍ഡ്സ്‌കേപ്പ് ഒരുക്കാം.
19. കാര്‍പോര്‍ച്ച് പോളികാര്‍ബണേറ്റ് ഷീറ്റിട്ട് പണിയാനാവും. രണ്ടുലക്ഷം രൂപ ചെലവാകുന്നിടത്ത് അമ്പതിനായിരമോ ഒരുലക്ഷമോ ഒക്കെ മതിയാവും.
20. വീടിന്റെ ചെരിവിനനുസരിച്ചാവണം ലാന്‍ഡ്സ്‌കേപ്പ് ചെയ്യേണ്ടത്. അധികം വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് പുല്ല് പിടിപ്പിക്കാം. ഇല്ലെങ്കില്‍ മുടക്കിയ പൈസ വെള്ളത്തിലാവും. അതല്ലെങ്കില്‍ വെള്ളം ഒഴുകിപ്പോവാന്‍ കൃത്യമായ ഡ്രെയ്നേജ് സെറ്റ് ചെയ്തിടാം. അധികം പരിചരണം ആവശ്യമില്ലാത്ത പൂന്തോട്ടം ഒരുക്കിയാല്‍ അതിലും ചെലവ് കുറയ്ക്കാനാവും.
(തയ്യാറാക്കിയത്- രേഖാ നമ്പ്യാര്‍)
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: budget friendly compact home plans 20 tips