വെള്ളപ്പൊക്ക ബാധിതമേഖലകളിലും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഏറ്റവും അനുയോജ്യമായതാണ് റാപ്പിഡ് വാള്‍ അഥവാ ജിപ്സം വാള്‍ ഉപയോഗിച്ചുള്ള നിര്‍മാണം. ചുമരും മേല്‍ക്കൂരയും നിര്‍മിക്കാനുപയോഗിക്കുന്ന വലിയ ജിപ്സം പാളിയാണ് റാപ്പിഡ് വാള്‍.
കേരളത്തില്‍ പൊതുമേഖലാസ്ഥാപനമായ എഫ്.എ. സി.ടി.യില്‍ ഇതു നിര്‍മിക്കുന്നുണ്ട്. ഒരു സ്‌ക്വയര്‍ മീറ്ററിന് ജി.എസ്.ടി. അടക്കം 1120 രൂപ നല്‍കണം. വീടുപണിയുടെ ചെലവ് 20 മുതല്‍ 30 ശതമാനംവരെ കുറയ്ക്കാനാകുമെന്ന് എഫ്.എ.സി.ടി.യിലെ ജി.എഫ്.ആര്‍.ജി. വിഭാഗം മാര്‍ക്കറ്റിങ് ഓഫീസര്‍ വിനീത് പറയുന്നു. ആവശ്യം കൂടിയാല്‍ അതിനനുസരിച്ച് ജിപ്‌സം വാള്‍ നിര്‍മിച്ചുനല്‍കാനും എഫ്.എ.സി.ടി. തയ്യാറാണ്.
ചെലവുകുറഞ്ഞ രീതിയില്‍ ജിപ്സം വാള്‍ നിര്‍മിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയാല്‍ വളരെ ഫലപ്രദമായി ഇതുപയോഗിക്കാം. 12 ശതമാനം വരുന്ന ജി.എസ്.ടി. എടുത്തുകളഞ്ഞാല്‍ത്തന്നെ ഒരു സ്‌ക്വയര്‍മീറ്ററിന് 120 രൂപ കുറയ്ക്കാനാവുമെന്ന് എഫ്.എ.സി.ടി. അധികൃതര്‍ പറയുന്നു.
ചരിത്രം
1990-കളില്‍ ഓസ്ട്രേലിയയാണ് ആദ്യമായി ജിപ്സം വാള്‍ ഉപയോഗിച്ചത്. സുസ്ഥിര നഗരവികസനത്തിന് ഏറ്റവും അനുയോജ്യമായ രീതിയെന്നനിലയില്‍ യു.എന്നും ഇത് അംഗീകരിച്ചതാണ്. ചൈന, ഓസ്ട്രേലിയ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും ഇന്ത്യയിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ മുംബൈയിലും കൊച്ചിയിലും മാത്രമാണ് ജിപ്‌സം വാള്‍ ഉത്പാദനമുള്ളത്. 2012-ലാണ് എഫ്.എ.സി.ടി. ഇതു നിര്‍മിക്കാനാരംഭിച്ചത്.
നിര്‍മാണം
കെട്ടിടം നിര്‍മിക്കാന്‍ ഇഷ്ടികയോ കഴുക്കോലോ കല്ലുകളോ സ്റ്റീല്‍ ഫ്രെയ്മുകളോ വേണ്ട. കല്‍ക്കരി വൈദ്യുതകേന്ദ്രങ്ങളും രാസകീടനാശിനിശാലകളും പുറന്തള്ളുന്ന ജിപ്സമാണ് പ്രധാനമായും നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ജിപ്സവും ഗ്ലാസ് ഫൈബറുകളും പ്ലാസ്റ്റര്‍ രൂപത്തിലാക്കിയാണ് പാനല്‍ നിര്‍മാണം. വെളുത്ത നിറത്തില്‍ 124 മില്ലിമീറ്റര്‍ കനത്തില്‍ 12 മീറ്റര്‍ നീളത്തിലും മൂന്നുമീറ്റര്‍ ഉയരത്തിലുമാണ് പാനലുകളുണ്ടാവുക. പ്ലംബിങ്, വൈദ്യുതീകരണം എന്നിവയ്ക്കുള്ള സംവിധാനവും ഇതിലുണ്ട്. ഫാക്ടറികളില്‍ നിര്‍മിച്ചെടുത്ത പാനലുകള്‍ ക്രെയ്ന്‍ ഉപയോഗിച്ച് ആവശ്യമായ സ്ഥലത്ത് ഫിറ്റ് ചെയ്യുകയാണ് രീതി.
* നിര്‍മാണം മൂന്നുമാസംകൊണ്ട് പൂര്‍ത്തിയാക്കാം
* തറയും ചുമരും മേല്‍ക്കൂരയും പരസ്പരം കൂട്ടിയോജിപ്പിക്കുന്ന രീതിയിലാണ് നിര്‍മാണം. ഇത് കെട്ടിടത്തിന് ബലംനല്‍കും.
* പല ഭാഗങ്ങളായി അടര്‍ന്നുപോകില്ല
* പത്തുനിലവരെയുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാം
* വെള്ളപ്പൊക്കത്തില്‍ കേടുപറ്റില്ല
* കട്ടികുറഞ്ഞ ചുമരുകളായതിനാല്‍ ചൂടുകുറയും
* കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ പുറന്തള്ളല്‍ കുറയ്ക്കും
* ഭൂകമ്പത്തെ ചെറുക്കും (പത്തുനില കെട്ടിടങ്ങള്‍ക്കുവരെ ഭൂകമ്പത്തെ ചെറുക്കാന്‍ ശേഷിയുണ്ട്)
* ചിതലരിക്കില്ല
* തീപ്പിടിത്തത്തെ പ്രതിരോധിക്കും
* പരിസ്ഥിതിസൗഹൃദം
* 100 ശതമാനവും പുനരുപയോഗിക്കാവുന്നത്
* ഊര്‍ജം ലാഭിക്കാം
* കോണ്‍ക്രീറ്റിനെ അപേക്ഷിച്ച് നാലിലൊന്ന് ഭാരമേ പാനലുകള്‍ക്കുള്ളൂ
Content Highlights: benefits using rapid wall