രാജ്യത്ത് തരംഗമായിക്കൊണ്ടിരിക്കുന്ന മീ ടൂ ക്യാമ്പയിനിനെ പരിഹസിച്ച് സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ. മുന്‍ ബിഗ്ബോസ് ജേതാവ് കൂടിയാണ് ശില്‍പ. മീ ടൂ ക്യാമ്പയിന്‍ ശുദ്ധ അസംബന്ധമാണെന്നും ബോളിവുഡില്‍ പീഡനങ്ങളില്ലെന്നും എല്ലാം പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളാണെന്നും ശില്‍പ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശില്‍പയുടെ പരിഹാസം.
'മീ ടൂ ക്യാമ്പയിന്‍ ശുദ്ധ അസംബന്ധമാണ്. നിങ്ങള്‍ക്കെന്നാണോ മോശമായ അനുഭവം ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടായത്, അന്ന് തന്നെ പ്രതികരിക്കണമായിരുന്നു. കാലങ്ങള്‍ കഴിഞ്ഞ് അതിനെ കുറിച്ച് ഒച്ചവെക്കുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല. ആരും നിങ്ങളുടെ ഭാഗം കേള്‍ക്കില്ല. വിവാദം മാത്രമേ ഉണ്ടാവുകയുള്ളൂ. പീഡനം നേരിട്ട സമയത്ത് തന്നെ പ്രതികരിക്കുന്നതിന് ആത്മബലം വേണം' അവര്‍ പറഞ്ഞു.'
'സത്യത്തില്‍ എനിക്കീ മൂവ്‌മെന്റിനെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ല. എന്തിനാണ് ഇവര്‍ ഈ മേഖലയുടെ പേര് കളങ്കപ്പെടുത്തുന്നത്. ഇപ്പോള്‍ ആളുകളെല്ലാം നമ്മുടെ സിനിമാ മേഖലയെക്കുറിച്ചാണ് സംസാരിക്കുന്നത്. ബോളിവുഡ് സിനിമാ മേഖല മോശമല്ല, അതേസമയം അത്ര നല്ലതുമല്ല.
എല്ലാ തൊഴിലിടങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. എന്തിനാണ് എല്ലാവരും ചേര്‍ന്ന് ബോളിവുഡ് ഇന്‍ഡസ്ട്രിയുടെ പേര് ഇങ്ങനെ കളങ്കപ്പെടുത്തുന്നത് എന്നറിയില്ല. ഇവിടെയുള്ള എല്ലാവരും മോശം എന്നാണോ? ഒരിക്കലുമല്ല. ഇതെല്ലാം നിങ്ങളോട് ഒരാള്‍ എങ്ങനെയാണോ പെരുമാറുന്നത് അതിനോട് നിങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിന് അനുസരിച്ചിരിക്കും.
ബോളിവുഡില്‍ ലൈംഗിക അതിക്രമം ഇല്ലെന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. ഒന്നും നിര്‍ബന്ധിതമായി നടക്കുന്നില്ല. എല്ലാം പരസ്പര സമ്മതത്തോടുകൂടിയാണ്. നിങ്ങള്‍ തയ്യാറല്ലെങ്കില്‍ അവിടെ നിന്ന് മാറി നിന്നാല്‍ പോരെ ?'' - ശില്‍പ കൂട്ടിച്ചേര്‍ത്തു.
Shilpa Shinde Calls MeToo Movement Rubbish no rape in bollywood its a mutual thing shilpa big boss