ഇന്ന് ടിവി ചാനലുകളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് റിയാലിറ്റി ഷോകള്‍. പാട്ട്, നൃത്തം കോമഡി, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവു തെളിയിക്കുന്ന കലാകാരന്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ ഇക്കാലത്ത് സുപ്രധാന പങ്കു വഹിക്കുന്നുണ്ട് ഇത്തരം ടി വി ഷോകള്‍. എന്നാല്‍ അടുത്തിടെ ഷോകളില്‍ കാണുന്ന മോശം പ്രവണതകള്‍ കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ചെറിയ കുട്ടികളെ ഇത്തരം ഷോകളിലൂടെ അവതരിപ്പിക്കുന്ന രീതികളില്‍ ചിലത് ഉചിതമല്ലെന്നും കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് കേന്ദ്രം ഈ വിഷയത്തില്‍ ടിവി ചാനലുകള്‍ക്ക് താക്കീതുമായി രംഗത്തെത്തുന്നത്.
സിനിമയിലെ മുതിര്‍ന്നവര്‍ കാഴ്ച്ചവെക്കുന്ന നൃത്തച്ചുവടുകളാണ് ടിവി റിയാലിറ്റി ഷോകളില്‍ ചെറിയ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നാണ് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സിനിമയിലെ നായികാനായകന്‍മാര്‍ അഭിനയിക്കുന്ന ഗാനരംഗങ്ങളും മറ്റും അതേ പടി അനുകരിച്ചുകൊണ്ട് വേദിയിലെത്തുന്നത് കുട്ടികളെ മോശമാക്കുന്ന പ്രവണതയാണെന്നും ഇതു തുടരാന്‍ അനുവദിക്കാനാവില്ലെന്നും കുറിപ്പില്‍ പറയുന്നു. കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്നും താക്കീതു നല്‍കുന്നു. പ്രായത്തിനും അതീതമായി കുട്ടികള്‍ ചെയ്യുന്ന ഇത്തരം അനുകരണങ്ങള്‍ അവരില്‍ മോശം സ്വാധീനമാണ് സൃഷ്ടിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഈ പ്രവണത നല്ലതല്ലെന്നും കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്‌സ് റെഗുലേഷന്‍ ആക്ടിലെ പ്രോഗ്രാം ആന്റ് അഡ്വര്‍ടൈസിങ് കോഡ്‌സ് പ്രകാരമുള്ള നിബന്ധനകള്‍ ടിവി ചാനലുകള്‍ പാലിക്കേണ്ടതാണെന്നും താക്കീതു നല്‍കുകയാണ് കുറിപ്പിലൂടെ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.
ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നു കാണിച്ചുകൊണ്ടുളള താക്കീത് രാജ്യത്തെ എല്ലാ ടിവി ചാനലുകളുടെ മേധാവികള്‍ക്കും കൈമാറിയിട്ടുള്ളതായും പത്രക്കുറിപ്പിലൂടെ അറിയിക്കുന്നു.
Content Highlights : PIB against tv channels for indecent representation of children in reality shows