നിര്‍മ്മാതാവ് വിന്റ നന്ദ ഉന്നയിച്ച ലൈംഗിക ആരോപണത്തില്‍ നടനും ടെലിവിഷന്‍ താരവുമായ അലോക് നാഥിന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാന്‍ താരസംഘടനയായ സിന്റ(സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) തീരുമാനിച്ചു.
ഏകദേശം 20 വര്‍ഷം മുമ്പ് അലോക് നാഥ് തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് നന്ദയുടെ ആരോപണം. ഫെയ്‌സ്ബുക്കിലൂടെയാണ് വിന്റ നന്ദ് പ്രതികരിച്ചത്.
കഴിഞ്ഞ 19 വര്‍ഷമായി ഞാന്‍ കാത്തിരുന്നത് ഈയൊരു നിമിഷത്തിനു വേണ്ടിയായിരുന്നു, നന്ദ പറയുന്നു. സിനിമാ-ടെലിവിഷന്‍ രംഗത്തെ ഏറ്റവും കഴിവുറ്റ, സംസ്‌കാര സമ്പന്നനായ നടന്‍, എന്നാണ് പേരെടുത്തു പറയാതെ നന്ദ സൂചിപ്പിച്ചത്.
പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ അലോക് നാഥിനെ സംശയിക്കാനിടയാക്കി. ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സിയോടാണ് അലോക് നാഥ് തന്നെയാണ് തന്നെ ഉപദ്രവിച്ചതെന്ന് നന്ദ വെളിപ്പെടുത്തിയത്.
'മീ ടു ക്യാമ്പെയ്ന്‍ ശക്തമായതോടെയാണ് പ്രതികരിക്കാനുള്ള ധൈര്യം കൈ വന്നത്. അലോക് നാഥ് ഒരു മദ്യപാനിയും ലജ്ജയില്ലാത്തവനുമാണ് എന്നാണ് നന്ദ പറയുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഉണ്ടായിരുന്ന മുഖ്യനടിയേയും അലോക് നാഥ് ഉപദ്രവിച്ചിട്ടുണ്ടെന്ന് നന്ദ പോസ്റ്റില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് വിന്റ പറയുന്നതിങ്ങനെ. രാത്രി രണ്ടു മണിക്ക് അലോക് നാഥിന്റെ വീട്ടില്‍ നിന്നും പാര്‍ട്ടി കഴിഞ്ഞ് ഞാന്‍ ഒഴിഞ്ഞ തെരുവിലൂടെ വീട്ടിലേക്ക് നടക്കുകയായിരുന്നു. അതിനിടയില്‍ അലോക് നാഥ് കാറുമായി വന്നു. എന്നെ വീട്ടിലാക്കിത്തരാമെന്നു പറഞ്ഞു. ഞാന്‍ അയാളെ വിശ്വസിച്ച് കാറില്‍ കയറി. പിന്നീട് എന്റെ ബോധം പോയിത്തുടങ്ങി. എന്റെ വായിലേക്ക് കൂടുതല്‍ മദ്യം ഒഴിക്കുകയും തുടര്‍ന്ന് എന്നെ ക്രൂരമായി ആക്രമിക്കുകയും ചെയ്തതു മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ. പിറ്റേ ദിവസം ഉച്ചകഴിഞ്ഞാണ് ഞാന്‍ എണീറ്റത്. വല്ലാത്ത വേദനയായിരുന്നു. എന്റെ സ്വന്തം വീട്ടില്‍ കൊണ്ടുവന്നാണ് എന്നെ അയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്, നന്ദ പറഞ്ഞു.
എനിക്ക് കിടക്കയില്‍ നിന്നും എണീക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. എന്റെ ചില സുഹൃത്തുക്കളോട് ഇതേക്കുറിച്ചു പറഞ്ഞപ്പോള്‍ എല്ലാം മറക്കാനും മുന്നോട്ടു പോകാനുമാണ് അവര്‍ നിര്‍ദേശിച്ചത്.
പിന്നീട് പ്ലസ് ചാനലില്‍ പരിപാടികള്‍ക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുതാനും സംവിധാനം ചെയ്യാനും നന്ദയ്ക്ക് ജോലി ലഭിച്ചു. വീണ്ടും അത്തരം സന്ദര്‍ഭങ്ങള്‍ അയാള്‍ സൃഷ്ടിച്ചു കൊണ്ടേയിരുന്നു. എനിക്കു സഹകരിക്കേണ്ടതായും വന്നു. ആ സമയത്ത് താന്‍ ഭീഷണിയിലാണെന്ന് തോന്നിപ്പിക്കും വിധമുള്ള അന്തരീക്ഷം അയാള്‍ അവിടെയെല്ലാം സൃഷ്ടിച്ചെടുക്കുകയായിരുന്നു. അയാള്‍ക്കൊപ്പം സഹകരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് തന്നെ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുവെന്നും നന്ദ പോസ്റ്റിലൂടെ പറഞ്ഞിരുന്നു.