അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയിലെ കഥയ്ക്ക് സമാനമായ യാഥാർത്ഥ്യത്തിൽ ഒരു കഥാപാത്രമാകേണ്ടിവന്നാലോ...? തപ്സി പന്നുവിന് അത്തരമൊരു അനുഭവമുണ്ടായി. ഡൽഹിയിൽ ‘പിങ്ക്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തപ്സി കാറിൽ ഹോട്ടലിലേക്ക് പോകുകയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ഒരു പെൺകുട്ടിയെ ചിലർ ഉപദ്രവിക്കുന്നത് കാറിലിരുന്ന് കണ്ടു. മറ്റൊന്നും ചിന്തിക്കാതെ തപ്സി ചാടിയിറങ്ങി. അതോടെ അക്രമികൾ പിൻവലിഞ്ഞു. തപ്സി പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. തന്റെ സ്ഥാനത്ത് ആരായിരുന്നാലും ചെയ്യുന്നതേ താനും ചെയ്തുള്ളൂ എന്നാണ്, മമ്മൂട്ടിക്കൊപ്പം ‘ഡബിൾസി’ൽ നായികയായ താരം പറയുന്നത്.
‘പിങ്കി’ൽ അമിതാഭ് ബച്ചനോടൊപ്പമാണ് തപ്സി അഭിനയിക്കുന്നത്. അതിന്റെ പ്രധാന കഥാതന്തുവും ഇത്തരം ഒരാക്രമണം തന്നെ. ചിത്രത്തിലെ നായികയായ അറോറയും കൂട്ടുകാരികളും രാത്രിയിൽ വരുമ്പോൾ രജ്‌വീർ എന്ന ചെറുപ്പക്കാരനും കൂട്ടുകാരും ചേർന്ന് അവരെ ആക്രമിക്കുന്നു. ചെറുത്തുനില്പിനിടെ ഒരപകടം നടക്കുകയും തപ്സിയും കൂട്ടുകാരും പിടിയിലാവുകയും ചെയ്യുന്നു. ദീപക് എന്ന വക്കീൽ അവർക്കുവേണ്ടി കോടതിയിൽ ഹാജരാകുന്നു... ഇങ്ങനെയാണ് പിങ്കിന്റെ കഥ പുരോഗമിക്കുന്നത്.
ഏറെ നാളുകൾക്ക് ശേഷം ബച്ചനും ജയ ബച്ചനും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് പിങ്ക്.