തന്റെ ഏറ്റവും പുതിയ ചിത്രമായ പിങ്കിന്റെ ചിത്രീകരണത്തിനിടയില്‍ പൊട്ടിക്കരഞ്ഞെന്ന് നടി തപ്സി പന്നു. ചിത്രത്തിലെ രംഗങ്ങളുടെ തീവ്രതയാണ് തന്നെ വികാരാധീനയാക്കിയതെന്ന് തപ്‌സി പറയുന്നു. അനിരുദ്ധ് റോയ് ചൗധരി സംവിധാനം ചെയ്യുന്ന ഒരു ക്രൈം ത്രില്ലറാണ് പിങ്ക്. അമിതാഭ് ബച്ചനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.
രണ്ട് മാസമായി ഞാന്‍ പൂര്‍ണമായും പിങ്കിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ചിത്രീകരണം തുടങ്ങിയത് മുതലേ കഥാപാത്രം എന്റെ വ്യക്തിജീവിതത്തെയും സ്വാധീനിക്കാന്‍ തുടങ്ങി. ഇതു പലപ്പോഴും സിനിമാ സെറ്റില്‍ വച്ച് എന്നെ പൊട്ടിക്കരയിച്ചു. ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് പിങ്കിലേത്-തപ്‌സി പറയുന്നു.
ജനങ്ങള്‍ ഇതുവരെ എന്റെ പൊട്ടിച്ചിരിക്കുന്ന ഓമനത്തമുള്ള കഥാപാത്രങ്ങളെ മാത്രമേ കണ്ടിട്ടുള്ളു. പിങ്കില്‍ നിങ്ങള്‍ കാണാന്‍ പോകുന്നത് വേറെ തപ്‌സിയെയായിരിക്കും. പിങ്ക് എന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായി മാറുമെന്നാണ് എന്റെ വിശ്വാസം- തപ്‌സി കൂട്ടിച്ചേര്‍ത്തു.
ബൈ പോളാര്‍ മാനസിക അവസ്ഥയിള്ള ദീപക് എന്ന അഭിഭാഷകനായിയാണ് ബച്ചന്‍ ചിത്രത്തിലെത്തുന്നത്. ധര്‍തീമന്‍ ചാറ്റര്‍ജി, അംഗാദ് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജയാ ബച്ചനും ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.