മകനൊപ്പമുള്ള സ്വിമ്മിങ് പൂള്‍ ചിത്രം പങ്കുവച്ച സൗന്ദര്യ രജനീകാന്തിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം. ചെന്നൈ നഗരം നേരിടുന്ന കൊടും വരള്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സൗന്ദര്യ പങ്കുവച്ച ചിത്രത്തിനെതിരേ ട്രോളുകളും വിമര്‍ശനങ്ങളും സജീവമായത്. ഇതിനെത്തുടര്‍ന്ന് ചിത്രം സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിച്ചു.
"എന്റെ അവധിയാഘോഷത്തില്‍ നിന്നും പകര്‍ത്തിയ സദുദ്ദേശ്യത്തോടെ പങ്കുവച്ച ചിത്രങ്ങള്‍ നീക്കം ചെയ്തു. നമ്മള്‍ നേരിടുന്ന ജലക്ഷാമത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നു.. കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ക്കേ ശാരീരികമായ കായികാധ്വാനം നല്‍കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതായിരുന്നു മുന്‍പ് പങ്കുവച്ച ചിത്രങ്ങള്‍." സൗന്ദ്രര്യ ട്വീറ്റ് ചെയ്തു .
കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് സൗന്ദര്യയയും യുവനടന്‍ വിശാഖന്‍ വണങ്കാമുടിയും വിവാഹിതരായത്. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്‍. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
രജനികാന്ത് നായകനായെത്തിയ കൊച്ചടയാനാണ് സൗന്ദര്യയുടെ അരങ്ങേറ്റ ചിത്രം. സാങ്കേതിക വിദ്യയുടെ ധാരാളിത്തവും മികവില്ലായ്മയും മൂലം ചിത്രം വന്‍ പരാജയമായി. പിന്നീട് ധനുഷിനെ നായകനാക്കി 'വേലയില്ലാ പട്ടധാരി 2' എന്ന ചിത്രം സൗന്ദര്യ സംവിധാനം ചെയ്തു. 'വേലയില്ലാ പട്ടധാരി 2' ഏറെ ശ്രദ്ധിക്കപ്പെടുകയും ഗംഭീര വിജയമായി മാറുകയും ചെയ്തു.
Content Highlights :Soundarya Rajinikanth Trolled For Sharing Swimming pool Picture With Son Deletes Later