കഴിഞ്ഞ വര്‍ഷം മെയ് എട്ടിനാണ് ബോളിവുഡ് നടി സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായത്. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മുംബൈയിലെ സോനത്തിന്റെ വസതിയില്‍ വച്ച് ഇരുവരുടെയും വിവാഹം നടന്നത്. സോനത്തിന്റെ കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് ആനന്ദ്.
ഇപ്പോള്‍ ആനന്ദിന്റെ 36-ാം ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്നെത്തിയിരിക്കുകയാണ് കപൂര്‍ കുടുംബാംഗങ്ങള്‍.
"എന്റെ ജീവിതത്തിലെ പ്രണയത്തിന് പിറന്നാള്‍ ആശംസകള്‍... നീ ആണ് എനിക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം. നീ സ്വപ്നം കാണുന്നതെല്ലാം നിനക്ക് ലഭിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.. നീ ആണ് മറ്റുള്ള ആരെക്കാളും മികച്ചത്". തങ്ങളൊരുമിച്ചുള്ള ചിത്രം പങ്കുവച്ചു കൊണ്ട് സോനം കപൂര്‍ കുറിച്ചു.
മരുമകനുള്ള അനില്‍ കപൂറിന്റെ ആശംസ ഇങ്ങനെയായിരുന്നു- ' നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന നിമിഷം മുതല്‍ ഞങ്ങളുടെ വീടും മനസും ജീവിതവും സന്തോഷഭരിതമാക്കി... സുനിതയ്ക്കും എനിക്കും നിന്നെകുറിച്ചോര്‍ത്ത് അഭിമാനിക്കാന്‍ ഒരുപാട് കാരണങ്ങള്‍ തന്നതിന് നിനക്ക് നന്ദി. ജന്മദിനാശംസകള്‍ മകനെ... ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു.
"ആനന്ദ് അഹൂജ... നീ എങ്ങനെ ഇത് കൈകാര്യം ചെയ്തു എന്ന് എനിക്കറിയില്ല. പക്ഷെ നീ കപൂര്‍ കുടുംബത്തിന്റെ ഭ്രാന്തിലേക്ക് സ്വാഭാവികമായും ഇഴുകി ചേര്‍ന്നു.. ഇന്ന് നീയില്ലാതെ ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് ചിന്തിക്കാനാകില്ല. ഇത്രയും നാള്‍ നീ ഉണ്ടായിരുന്നില്ല എന്ന ചിന്ത തന്നെ ഭ്രാന്തമാണ്. ഭൂമിയിലെ ഏറ്റവും മികച്ച മനസിന്റെ ഉടമയ്ക്ക് ജന്മദിനാശംസകള്‍". ആനന്ദിന് ആശംസ നേര്‍ന്നു കൊണ്ട് സോനത്തിന്റെ സഹോദരി റിയ കപൂര്‍ കുറിച്ചു.
സുഹൃത്തുക്കള്‍ വഴിയാണ് സോനവും ആനന്ദും കണ്ടുമുട്ടുന്നത്. ഇരുവരുടെയും പ്രണയം സിനിമാക്കഥയെ വെല്ലുന്ന ഒന്നാണ്. യഥാര്‍ത്ഥത്തില്‍ ആനന്ദിന്റെ സുഹൃത്തിന് വേണ്ടി സോനത്തിനെ ആലോചിക്കാനായിരുന്നു താരത്തിന്റെ സുഹൃത്തിന് താല്പര്യം. എന്നാല്‍ ആനന്ദും സോനവും പരിചയപ്പെടുകയും ആ പരിചയം പതിയെ പ്രണയമാവുകയുമായിരുന്നു.
Content Highlights : Sonam Kapoor Annd Family Wishes Anand Ahuja On His Birthday