സിനിമയില്‍ ഇല്ലെങ്കിലും ബോളിവുഡില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് സജീവമാണ് രാഖി സാവന്ത്. ഏറ്റവും അവസാനം തനുശ്രീ ദത്തയ്ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചാണ് രാഖി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇപ്പോഴിതാ ഒരു ഗുസ്തിതാരത്തെ വെല്ലുവിളിച്ച് ഇടികൊണ്ട് ആശുപത്രിയിലായിരിക്കുകയാണ് രാഖി.
താന്‍ അവശയാണെന്നും ശരീരം വേദനിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രാഖി പറയുന്നു. ചികിത്സിക്കാനെത്തിയ ഡോക്ടറോട് തന്റെ ആരോഗ്യ നിലയെക്കുറിച്ച് സംസാരിക്കുന്ന ദൃശ്യങ്ങളാണ് രാഖി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹരിയാണയിലെ പഞ്ചകുലയില്‍ നടന്ന കോണ്ടിനെന്റല്‍ റെസ്‌ലിങ് എന്റര്‍ടെയിന്‍മെന്റ് മത്സരത്തിനിടെയാണ് സിനിമാ സ്‌റ്റൈല്‍ സംഭവം അരങ്ങേറിയത്. മത്സരം കാണാനെത്തിയ രാഖി ഗുസ്തി താരത്തെ വെല്ലുവിളിക്കുകയും തുടര്‍ന്ന് ഇടി അവശയാവുകയുമായിരുന്നു. വയറിനും നടുവിനുമാണ് രാഖിക്ക് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പരിക്കുകള്‍ സാരമുള്ളതല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. രാഖിയെ താങ്ങിപ്പിടിച്ച് കൊണ്ടുപോവുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
തന്നെ കരുതിക്കൂട്ടി ആക്രമിച്ചതാണെന്നാണ് രാഖി ആരോപിക്കുന്നത്. നേരത്തെ മീ ടൂ വിവാദവുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട തനുശ്രീ ദത്തയുടെ പക്കല്‍ നിന്നും പണം വാങ്ങിയാണ് ഗുസ്തിതാരം തന്നെ ഇടിച്ച് നിലംപരിശാക്കിയതെന്നാണ് രാഖിയുടെ ആരോപണം.
എന്നാല്‍ സംഭവം നാടകമാണെന്ന തരത്തില്‍ വലിയ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. രാഖിയും ഗുസ്തി താരവും തമ്മില്‍ ധാരണയില്‍ എത്തിയതിന് ശേഷമാണ് മത്സരം നടന്നതെന്ന് ഒരു വിഭാഗം ആളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിക്കുന്നു.
Content Highlights: rakhi sawant in hospital after wresting, female wrestler