ബോളിവുഡിലെ വിവാദനായിക രാഖി സാവന്ത് വിവാഹിതയാകാന്‍ പോകുന്നുവെന്ന വലിയ തരംഗമാണ് സൃഷ്ടിച്ചത്. കൊമേഡിയനായ ദീപക് കലാലാണ് തന്റെ വരനെന്ന് രാഖി പറഞ്ഞിരുന്നു. ഇപ്പോള്‍ വിവാഹം മുടങ്ങിയെന്നാണ് രാഖി പറയുന്നത്. ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അതുകൂടാതെ അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും രാഖി പറയുന്നു. തന്റെ ആരാധകരുടെ അപേക്ഷയെ മാനിക്കാതെയാണ് ദീപകിനെ താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങിയതെന്നും അദ്ദേഹം ഉടന്‍ തന്നെ ഈ ലോകം വിട്ടുപോകുമെന്നും രാഖി ഒരു അഭിമുഖത്തില്‍ പറഞ്ഞു. രാഖിയുടെ വിചിത്രമായ വാദങ്ങളെ പരിസഹിച്ച് ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ ഏതറ്റംവരെയും പോകുന്ന രാഖിക്ക് ഇതൊന്നും പുത്തരിയല്ല.
''ദീപക് ഒരു സ്ത്രീയാണ്. രണ്ട് സ്ത്രീകള്‍ തമ്മില്‍ എങ്ങനെ വിവാഹം കഴിക്കും. എന്റെ എല്ലാ ആരാധകരും പറഞ്ഞു ദീപകിനെ വിവാഹം കഴിക്കരുതെന്ന്. ദീപക് എന്നോട് പറഞ്ഞു, പ്രിയപ്പെട്ടവളേ നിനക്ക് ഒരു കുഞ്ഞിനെ തരാന്‍ എനിക്ക് സാധിക്കുകയില്ല എന്ന്.
ഇപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത് ദീപകിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്ന്. അദ്ദേഹം ഉടന്‍ ഈ ലോകം വിട്ടുപോകും. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ദുഖത്തോടെയാണ് ഞാന്‍ ഈ കാര്യം ലോകത്തോട് പറയുന്നത്. അദ്ദേഹത്തെ വിവാഹം കഴിച്ചാല്‍ ഞാന്‍ വിധവയായി തീരും. പിന്നെ ഞാന്‍ എങ്ങിനെ സെക്‌സിയായ വസ്ത്രങ്ങള്‍ ധരിക്കും. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചത്. ''
മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹത്തില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തതിനെ രാഖി പരിസഹിച്ചു. തന്നെ അംബാനി ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് പോകാന്‍ സൗകര്യപ്പെട്ടില്ല എന്നും രാഖി പറയുന്നു.
''ബോളിവുഡിലെ എല്ലാവരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. അംബാനിയുടെ മകളുടെ ആയിരം കോടി രൂപ ചെലവിട്ട വിവാഹത്തിന് എന്റെ സുഹൃത്തായ ആമീര്‍ ഖാനെകൊണ്ട് ഭക്ഷണം വിളമ്പിച്ചു, സല്‍മാന്‍ ഖാനെ കൊണ്ട് നൃത്തം ചെയ്യിച്ചു, പുരോഹിതനെ വിളിച്ചില്ല പകരം, പ്രിയപ്പെട്ട അമിതാഭ് ബച്ചനെ കൊണ്ട് പുരോഹിതന്റെ പണിയും ചെയ്യിച്ചു. അംബാനി ആ പണം എന്തുകൊണ്ട് കൃഷിക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കിയില്ല.
നോക്കൂ, അംബാനി എന്നെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. പക്ഷേ ഭാഗ്യത്തിന് ഞാന്‍ അതില്‍ പങ്കെടുത്തില്ല. ഞാന്‍ നൃത്തം ചെയ്യാന്‍ പോയില്ല. അവര്‍ എനിക്ക് പകരം ബിയോണ്‍സിനെ വിളിച്ചു. ഞാന്‍ ഒരു കോടിയാണ് പ്രതിഫലം വാങ്ങുന്നത്. 20 ലക്ഷം രൂപ നല്‍കി എന്റെ ഡ്യൂപ്ലിക്കേറ്റായ ബിയോണ്‍സിനെ കൊണ്ടുവന്നു. എന്റെ ഡ്രസ്സ് പോലു അവര്‍ കോപ്പിയടിച്ചു. അതുകൊണ്ടാണ് ഞാന്‍ ആ വിവാഹത്തിന് പോകാതിരുന്നത്.''
Content Highlights: rakhi sawant about cancelling her marriage with deepak kalal criticizes mukesh ambani beyonce