ഹരിഹരന്‍ സംവിധാനം ചെയ്ത വടക്കന്‍ വീരഗാഥയിലൂടെ മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ ചതിയന്‍ ചന്തുവായി അരങ്ങുവാണു. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം കേരളവര്‍മ പഴശ്ശിരാജായായി ഹരിഹരന്‍ ചിത്രത്തില്‍ വീണ്ടും. ഇപ്പോഴിതാ എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിലൂടെ ചരിത്രപുരുഷ കഥാപാത്രമായി മമ്മൂട്ടി വീണ്ടുമെത്തുന്നു.
വടക്കന്‍ വീരഗാഥ പുറത്തിറങ്ങിയിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഒരു കാര്യത്തിന് മാറ്റമില്ല, മമ്മൂട്ടിയുടെ ഗെറ്റപ്പിന് തന്നെ. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൊടിപ്പൊടിക്കുകയാണ്. പഴകും തോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറയുന്നതുപോലെ അഭിനയത്തോടുള്ള അഭിനിവേശത്തിന് യാതൊരു കുറവുമില്ല. 67 വയസ്സിലും യൗവനം കാത്തുസൂക്ഷിക്കുന്ന നടന്‍. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കിയ 10 ഇയര്‍ ചാലഞ്ച് മമ്മൂട്ടിയുടെ മുന്നില്‍ തോറ്റു പോയെന്ന് ആരാധകര്‍ പറയുന്നു.
വള്ളുവനാടിന്റ ചരിത്രം പറയുന്ന മാമാങ്കത്തില്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വച്ച് നടന്നിരുന്ന മാമാങ്കാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ണിമുകുന്ദനും ചിത്രത്തില്‍ വേഷമിടുന്നു. സജീവ് പിള്ളയുടേതാണ് കഥയും തിരക്കഥയും.
പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ഇതിനോടകം സൂചനകള്‍ ലഭിച്ചുകഴിഞ്ഞു.
കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍, പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: mammootty epic characters, oru vadakkan veeragatha, pazhassi raja to mamangam, 10 year challenge