കഴിഞ്ഞ രണ്ട് ദിവസമായി അഞ്ഞൂറിനും ആയിരത്തിനും ചില്ലറ തപ്പി നടക്കുകയാണ് നാട്ടുകാരെല്ലാം. എന്നാൽ, പത്ത് മുപ്പത്തിയാറ് കൊല്ലം മുൻപ് ഇതുപോലെ ചില്ലറ തപ്പി നടക്കേണ്ടിവന്നിട്ടുണ്ട് നടൻ മോഹൻലാലിന്. ആയിരത്തിനൊന്നുമല്ല. ഒരു പോസ്റ്റ്കാർഡ് അയക്കാൻ വേണ്ടി. പക്ഷേ, അന്ന് ലാൽ മടിച്ചു. ചില്ലറ തപ്പി നടക്കാൻ വയ്യാത്തത് കൊണ്ട് ആ പോസ്റ്റ് കാർഡ് ചുരുട്ടി സ്കൂട്ടറിന്റെ സീറ്റിനടിയിൽ വച്ചു. സുഹൃത്ത് സുരേഷ് കുമാറാണ് അത് കണ്ടുപിടിച്ച് വീണ്ടും അയച്ചത്. ആ അപേക്ഷയാണ് ലാലിന് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേയ്ക്ക് വഴിയൊരുക്കിയത്. മഞ്ഞിൽവിരിഞ്ഞ പൂക്കളും കടന്ന് പുലിമുരുകൻ എന്ന കോടിയുടെ ക്ലബിൽ വരയെത്തിയശേഷമാണ് നവംബർ ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ലാൽ ഇക്കഥ പറയുന്നത്.
ആ കഥ ഇങ്ങനെ:
"എന്റെ കാര്യത്തില്‍ പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട്. സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ അഭിലാഷമായിരുന്നില്ല. സിനിമയിലേയ്ക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പത്രപ്പരസ്യം കണ്ടുപിടിച്ചത് എന്റെ സുഹൃത്തുക്കാളാണ്. അപേക്ഷ എഴുതിയത് അവരാണ്. അത് പോസ്റ്റ് ചെയ്യാന്‍ പോസ്റ്റ് ഓഫീസിലേയ്ക്ക് ചെന്നപ്പോള്‍ ചില്ലറ വേണം എന്ന് അവിടത്തെ ഓഫീസര്‍ പറഞ്ഞു. അതന്വേഷിച്ച് നടക്കാനുള്ള മടി കൊണ്ട് ഞാന്‍ ആ അപേക്ഷ സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ അറയില്‍ വച്ചു. അതറിഞ്ഞ സുരേഷ്‌കുമാര്‍ അത് കണ്ടെടുത്ത് വീണ്ടും അയപ്പിച്ചു. അന്ന് അപേക്ഷ ലഭിക്കേണ്ട അവസാന ദിവസമായിരുന്നു. ഇന്റര്‍വ്യൂവിന് ചെന്നു. അവര്‍ പറഞ്ഞതെല്ലാം ചെയ്തു, എനിയ്ക്ക് കിട്ടി. ഞാന്‍ അഭിനയിച്ചു തുടങ്ങി മുപ്പത്തിയാറ് വര്‍ഷമായി. അത് തുടരുന്നു. എങ്ങനെ ഇങ്ങനെ നിലനിന്നു എന്ന കാര്യം ദൈവത്തിന് മാത്രമേ അറിയൂ.''