ജീവിതത്തില്‍ ഒറ്റത്തവണയെങ്കിലും പ്രതികാരം ചെയ്യാന്‍ തോന്നാത്തവര്‍ ചുരുക്കമായിരിക്കും. ചിലപ്പോള്‍ ഏതെങ്കിലും വ്യക്തികളോടാകാം അല്ലെങ്കില്‍ ഏതെങ്കിലും സാഹചര്യങ്ങളോട്. തന്റെ ജീവിതത്തിലെ ഒരു കുഞ്ഞു പ്രതികാരത്തെക്കുറിച്ച് മനസു തുറക്കുകയാണ് ജീത്തു ജോസഫിന്റെ ഊഴത്തില്‍ നായികയായെത്തിയ ദിവ്യ പിള്ള.
എന്നാല്‍ ഊഴത്തിന് സമാനമായ ഒരു പ്രതികാര കഥയല്ല ദിവ്യക്ക് പറയാനുള്ളത്. ജീവിതത്തില്‍ കടുത്ത പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ കൈവിട്ടവര്‍ക്ക് മുന്‍പില്‍ ജയിച്ചു കാണിച്ചതാണ് ദിവ്യയുടെ മധുര പ്രതികാരം.
ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ മനസ് തുറന്നത്. ദുബായില്‍ സ്ഥിരതാമസമാക്കിയ ദിവ്യയുടെ കുടുംബത്തെ 2008 ലെ സാമ്പത്തിക മാന്ദ്യം ഗുരുതരമായി ബാധിച്ചു. തന്റെ ജീവിതത്തിലെ ഒരു കറുത്ത അധ്യായമായിരുന്നു അതെന്നും അച്ഛന്റെ 35 വര്‍ഷത്തെ സമ്പാദ്യം ഒറ്റയടിക്ക് നഷ്ടമായെന്നും ദിവ്യ പറയുന്നു.
നല്ല കാലത്ത് ചിരിച്ച് കൂടെയുണ്ടായിരുന്നവരില്‍ പലരും പണമില്ലാതായപ്പോള്‍ അകന്നു. എന്നാല്‍ ആ സമയത്ത് തങ്ങളുടെ കൂടെ നിന്നത് പ്രതീക്ഷിക്കാത്ത വ്യക്തികളാണ്. അന്നാണ് പണത്തിന് ജീവിതത്തില്‍ ഇത്രയധികം സ്ഥാനമുണ്ടെന്ന് മനസിലാകുന്നത്.
എന്നാല്‍ തന്റെ കുടുംബം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു. ആപത്തില്‍ കൈവിട്ടവരുടെ മുന്‍പില്‍ ജയിച്ചു കാണിക്കുന്നതായിരുന്നു തന്റെ ഏറ്റവും വലിയ പ്രതികാരമെന്ന് ദിവ്യ പറയുന്നു.