ആ കണ്ണു ചിമ്മലും പുരികക്കൊടിയിളക്കവും ഇതുവരെ വെള്ളിത്തിരയില്‍ കാണാനായിട്ടില്ല. താരമാക്കിയ പടം പുറത്തിറങ്ങിയിട്ടില്ലെങ്കിലും പ്രിയ ഇളക്കിവിട്ട തരംഗം ഒരു സംഭവമായിരുന്നു പോയ വർഷം. ഇനിയും പുറത്തിറങ്ങാത്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒരൊറ്റ ഗാനത്തിലെ ഒരൊറ്റ പുരികക്കൊടിയിളക്കം കൊണ്ടാണ് പ്രിയ ഇന്ത്യ മുഴുവൻ കീഴടക്കിയത്. ഇപ്പോഴിതാ ബോളിവുഡിന്റെയും ഹോളിവുഡിന്റെയും മനസ്സ് കീഴടക്കിയ സാക്ഷാല്‍ പ്രിയങ്ക ചോപ്രയെയും മസില്‍മാന്‍ സല്‍മാന്‍ ഖാനെയും പോലും പിന്തള്ളി ഒരു നേട്ടം സ്വന്തമാക്കിയിരിക്കുന്നു പ്രിയ.
ഈ വര്‍ഷം ഗൂഗിള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ വ്യക്തി എന്ന ഖ്യാതിയാണ് പ്രിയ സ്വന്തമാക്കിയത്. കല്ല്യാണം കൊണ്ട് ബോളിവുഡിനും ഹോളിവുഡിനും ആഘോഷ നിമിഷങ്ങള്‍ സമ്മാനിച്ച പ്രിയങ്ക ചോപ്രയെയും നിക്ക് ജൊനാസിനെയും പിന്തള്ളിയാണ് പ്രിയ ഈ ഖ്യാതി സ്വന്തമാക്കിയത്.
ബോളിവുഡിന്റെ പ്രിയങ്കയെ സ്വന്തമാക്കിയ നിക്ക് ജൊനാസാണ് രണ്ടാം സ്ഥാനത്ത്. പ്രിയങ്കയുമായുള്ള വിവാഹമാണ് നിക്കിനെ തിരയാന്‍ ആളുകളെ പ്രേരിപ്പിച്ചത്.
ബോളിവുഡിന്റെയും ഹോളിവുഡിനെയും മനസ്സ് ഒരുപോലെ കീഴടക്കിയ നിക്കിന്റെ ഭാര്യ പ്രിയങ്കയ്ക്ക് പക്ഷേ, സെര്‍ച്ചില്‍ നാലാമതെത്താനേ കഴിഞ്ഞുള്ളൂ.
ഏറെയൊന്നും പ്രശസ്തയല്ലെങ്കിലും ഹരിയാണയില്‍ നിന്നുള്ള ഗായികയും സ്‌റ്റേജ് പെര്‍ഫോര്‍മറും സപ്‌ന ചൗധരിയാണ് പ്രിയങ്കയെ പിന്തള്ളി മൂന്നാം സ്ഥാനം പിടിച്ചെടുത്തത്. കുടുംബത്തെ സാമ്പത്തികമായി കരകയറ്റാന്‍ ചെറിയ പ്രായത്തില്‍ തന്നെ നൃത്തം ചെയ്തു തുടങ്ങിയ സപ്‌ന തന്റെ കലാജീവിതം കൊണ്ട് പിന്നീട് ഇന്റര്‍നെറ്റിനെ കീഴടക്കുകയായിരുന്നു. 2017ല്‍ സപ്‌നയുടെ സംഗീത വീഡിയോകള്‍ വൈറലായി. ഇതുവഴി റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ ഇടം നേടുകയും ചെയ്തു. വീരെ ഡി വെഡ്ഡിങ് പോലുള്ള ഏതാനും സിനിമികളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുമുണ്ട്.
സോനം കപൂറിനെ വിവാഹം കഴിച്ച ആനന്ദ് അഹൂജ, സാറ അലി ഖാന്‍, സല്‍മാന്‍ ഖാന്‍, മേഘന്‍ മെര്‍ക്കല്‍, ഗായകന്‍ അനൂപ് ജലോട്ട, ബോണി കപൂര്‍ എന്നിവരാണ് അഞ്ച് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.
നേഹ കക്കറിന്റെ ദില്‍ബര്‍, അര്‍ജിത് സിങ്ങിന്റെ തേര ഫിയൂര്‍, ആതിഫ് അസ്ലമിന്റെ ദേക്‌തെ ദേക്‌തെ എന്നിവയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ബോളിവുഡ് ഗാനങ്ങള്‍.
ഫിഫ ലോകകപ്പാണ് കഴിഞ്ഞ വര്‍ഷം ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്.
Content Highlights: Google India Most Searched Personality Priya Warrier Priyanka Chopra Nick Jonas Salman Khan Actress