അമാനുഷനാണ് ബാഹുബലി. കരുത്തിന്റെ കാര്യത്തില്‍ വെല്ലാന്‍ മറ്റൊരാളില്ല. അപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യം പറയാനുണ്ടോ?
എന്നാല്‍, താരങ്ങളെ തോന്നിയപോലെ ഭക്ഷണം അടിച്ചുവിടാനൊന്നും അനുവദിക്കുന്ന ആളായിരുന്നില്ല സംവിധായകന്‍ എസ്.എസ്. രാജമൗലി. ബാഹുബലിയായ പ്രഭാസും ഭല്ലലദേവനായ റാണ ദഗ്ഗുബട്ടിയും എന്നു വേണ്ട സിനിമയിലെ സകല പ്രധാന താരങ്ങള്‍ക്കും കൃത്യമായ ആഹാരക്രമമുണ്ടായിരുന്നു. കര്‍ശനമായ ക്രമീകരണവും. സെറ്റും ഗ്രാഫിക്‌സും ഒരുക്കുന്ന അതേ കൃത്യതയോടെ തന്നെയാണ് രാജമൗലി തന്റെ താരങ്ങളുടെ ഭക്ഷണക്രമവും ഒരുക്കിയത്.
എന്നാല്‍, മാസത്തിലൊരിക്കല്‍ ഈ താരങ്ങള്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പരോളുണ്ട്. അന്ന് ഇഷ്ടം പോലെ തട്ടാം. വയറ് നിറച്ച് എന്തും കഴിക്കാം. ഈ അവസരം ഏറ്റവും അധികം മുതലാക്കിയത് മറ്റാരുമല്ല, നായകന്‍ പ്രഭാസ് തന്നെ. അമരേന്ദ്ര ബാഹുബലിയുടെയും മഹേന്ദ്ര ബാഹുബലിയുടെയും ബലിഷ്ഠങ്ങളായ ശരീരം നിലനിര്‍ത്താന്‍ കഠനമായ പഥ്യം അനുഷ്ഠിച്ചുപോരുന്ന പ്രഭാസ് അന്ന് തട്ടി വിടുന്നത് എന്താണെന്ന് കേട്ടാല്‍ എല്ലാവരും ഞെട്ടും. പത്ത് മുതല്‍ പതിനഞ്ച് വരെ തരം ബിരിയാണികള്‍.
അതിശയോക്തിയല്ല. സംവിധായകന്‍ രാജമൗലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികളോടാണ് അദ്ദേഹം തന്റെ സെറ്റിലെ രസകരമായ ഈ അനുഭവം വിവരിച്ചത്.
താരങ്ങള്‍ക്ക് അവരുടേതായ ഒരു പഥ്യമുണ്ടായിരുന്നു. അത് ഞാന്‍ അവര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഞാന്‍ ഒരു ആഹാരക്രമവും അടിച്ചേല്‍പിച്ചിട്ടില്ല. എന്നാല്‍, ഇക്കാര്യത്തില്‍ പ്രഭാസിനെ സംബന്ധിച്ച ഒരു രസകരമായ അനുഭവവുണ്ട്. മാസത്തില്‍ ഒരിക്കല്‍ അവര്‍ക്ക് ഈ പഥ്യമൊക്കെ ഉപേക്ഷിച്ച് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിരന്തരമായി ഭക്ഷണം ക്രമീകരിക്കുന്ന അവര്‍ക്ക് ശരീരം നിലനിര്‍ത്താന്‍ അത് ആവശ്യമായിരുന്നു. ആ ദിവസം പ്രഭാസ് കഴിക്കുന്നത് പത്തോ പതിനഞ്ചോ തരം ബിരിയാണികളാണ്. ബിരിയാണികള്‍ മാത്രം. ഇത് അതിശയോക്തിയല്ല. ഇത്രയും ബിരിയാണികള്‍ നാട്ടില്‍ ഉണ്ടോ എന്നുപോലും നമ്മള്‍ സംശയിക്കും. പലതരം മത്സ്യങ്ങള്‍, കോഴിയിറച്ചി, ആട്ടിറച്ചി... പൊരിച്ചതും കറികളുമായി അങ്ങിനെ നമുക്ക് ഊഹിക്കാവുന്നതിലം ഗംഭീരമാണ് ആ മെനു.
ആ ദിവസം പുലര്‍ച്ചെ രണ്ട് മണി വരെ ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കും. ഇത് കഴിഞ്ഞാണ് പിന്നെ കഴിക്കാനുള്ള ഇരിപ്പ്. മുന്നില്‍ വിവിധ ഭക്ഷണങ്ങള്‍ അങ്ങിനെ നിരന്ന് ഇരിക്കും. ഒരിക്കല്‍ ചട്ണി ആവശ്യപ്പെട്ട പ്രഭാസിനുവേണ്ടി സഹോദരന്‍ വീട്ടില്‍ പോയി പുലര്‍ച്ച രണ്ട് മണിക്ക് ഭാര്യയെ വിളിച്ചുണര്‍ത്തി ചട്ട്ണി ഉണ്ടാക്കിച്ച സംഭവം വരെയുണ്ട്. അന്ന് അത് കഴിച്ചുകഴിഞ്ഞേ പ്രഭാസ് മറ്റൊരു ഭക്ഷണം തൊട്ടുള്ളൂ-രാജമൗലി പറഞ്ഞു.