വിമർശനങ്ങളെയും ട്രോളുകളെയും ഭയം കൂടാതെ നേരിടുന്ന നടിയാണ് തപ്‌സി പന്നു. ട്വിറ്ററില്‍ തന്നെയും തന്റെ ഫോട്ടോകളെയും ട്രോളുന്നവര്‍ക്ക് ചുട്ട മറുപടി കൊടുക്കാറുണ്ട് താരം. കഴിഞ്ഞ ദിവസം ട്വിറ്ററിൽ പഴയകാല സൂപ്പർതാരം ഋഷി കപൂറിനെ അനുകരിക്കുകയാണെന്ന് പറഞ്ഞ ആൾക്ക് കണക്കിന് തന്നെ മറുപടി കൊടുത്തു തപ്സി. താരത്തിന്റെ കുറിക്കു കൊള്ളുന്ന മറുപടി ലഭിച്ചതോടെ ട്രോൾ ചെയ്ത ആൾ ക്ഷമാപണവുമായി രംഗത്തുവന്നു. എതിരാളി ഇത്ര പെട്ടന്ന് കീഴടങ്ങിയതിൽ പക്ഷേ, താരത്തിന് സന്തോഷമായിരുന്നില്ല. എന്തിന് ഇങ്ങനെ പെട്ടന്ന് കീഴടങ്ങി? രസമൊക്കെ പോയല്ലോ എന്നായിരുന്നു തപ്സിയുടെ രസകരമായ പരിഭവം.
സെലിബ്രിറ്റികളെ പോലെ സംസാരിക്കാന്‍ താരത്തിന് ക്രാഷ് കോഴ്‌സ് ആവശ്യമാണെന്നും ട്വിറ്ററില്‍ കയറി തനിക്കെതിരേയുള്ള ട്രോളുകളെടുത്ത് തര്‍ക്കിക്കാന്‍ നില്‍ക്കുന്ന ഋഷി കപൂറിനെ പോലെയാണ് താരം പെരുമാറുന്നതെന്നുമായിരുന്നു തപ്സിക്കെതിരായ ആക്ഷേപം. ബോളിവുഡ് കണ്ടതില്‍ വെച്ച് ഏറ്റവും നല്ല നടന്മാരിലൊരാളെന്നു നിസ്സംശയം പറയാവുന്ന ഋഷി കപൂറിനെ പോലൊരാളുടെ പകുതിയെങ്കിലും തനിക്കെത്താന്‍ കഴിഞ്ഞാല്‍ സന്തോഷമാണെന്നാണ് തപ്‌സി ഇതിന് മറുപടി നല്‍കിയത്.
രാത്രി എട്ടു മണിക്കു ശേഷം ട്വിറ്ററിലെത്തുന്ന ഋഷി കപൂറിനെയാണ് താന്‍ ഉദ്ദേശിച്ചതെന്നും ട്രോൾ ചെയ്ത ആൾ വിശദീകരിച്ചു. തപ്‌സിയുടെ ചുട്ട മറുപടികള്‍ക്കൊടുവില്‍ തന്റെ ട്വീറ്റുകള്‍ നടി വകവയ്ക്കുകയേ ചെയ്യരുതായിരുന്നുവെന്നും അവര്‍ പറയുന്നു. നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ തെറ്റുകുറ്റങ്ങളൊന്നും പറയാനില്ലാത്തതാണ് താരത്തിന്റെ അഭിനയമെന്നും തനിക്ക് ആരാധനയുണ്ടെന്നും പറഞ്ഞ ട്രോളറോട് താരം ചോദിച്ചു. 'ഇത്ര വേഗം തോല്‍വി സമ്മതിച്ചോ' രസമെല്ലാം പോയി.'
ഈ വര്‍ഷം പുറത്തിറങ്ങിയ മള്‍ക്ക് എന്ന ചിത്രത്തില്‍ ഋഷി കപൂറിനൊപ്പം തപ്‌സി അഭിനയിച്ചിരുന്നു. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന ഋഷി കപൂര്‍ ഇയ്യടുത്ത കാലം വരെ ട്വിറ്ററിലെ ഡയറക്ട് മെസേജിൽ അസഭ്യ സന്ദേശങ്ങള്‍ അയച്ചതിന് വലിയ വിമര്‍ശനം നേരിട്ടിരുന്നു.