ഒരു ഗാനം പിറവി കൊള്ളുന്നത് വളരെയേറെ സമയമെടുത്താണ്. ഗായകന്റെ, സംഗീത സംവിധായകന്റെ മറ്റ് ഇന്‍സ്ട്രുമെന്റലിസ്റ്റുകളുടെ അങ്ങനെ നിരവധിയാളുകളുടെ ദീര്‍ഘനേരത്തെ പരിശ്രമമാണ്. സാങ്കേതിക വിദ്യ ഏറെ പുരോഗമിച്ച ഇന്നത്തെ കാലത്ത് ഒരു പാട്ട് റെക്കോര്‍ഡ് ചെയ്‌തെടുക്കുക എന്നത് അത്ര വലിയ സംഭവമല്ല. പറഞ്ഞു വരുന്നത് ഇൗ കാണുന്ന സാങ്കേതികവിദ്യകളാെക്കെ വളർന്നു തുടങ്ങിയ കാലത്തെക്കുറിച്ചാണ്.
സംഗീതത്തില്‍ മാന്ത്രികൻ എ.ആര്‍ റഹ്മാന്റെ ഈണത്തില്‍ പിറന്ന 'നേട്ര് ഇല്ലാത മാറ്റ്രം' എന്ന ഗാനത്തിന്റെ റെക്കോര്‍ഡിങ് വീഡിയോ ഇതിനുദാഹരണമാണ്. 1993ല്‍ പുറത്തിറങ്ങിയ പുതിയ മുഖം എന്ന ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ സ്വന്തം സുജാതയാണ്.
അനുപല്ലവിയിലെ ഒരു വരി പാടുന്നത് ശരിയാകാതെ നിരവധി തവണ പാടി പഠിക്കുന്ന വീഡിയോ ഗായിക സുജാതയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.
മധുരിക്കുന്ന ഓര്‍മകള്‍എന്ന കാപ്ഷ്യനോടെയാണ് സുജാത ഈ വീഡിയോ പങ്കുവച്ചത്. എങ്ങനെ പാടിയിട്ടും വിചാരിച്ച രീതിയിലെത്താതെ വിയര്‍ക്കുന്ന സുജാതയേയും ക്ഷമയോടെ അത് വീണ്ടും വീണ്ടും പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന റഹ്മാനെയും വീഡിയോയില്‍ കാണാം.