Photo Courtesy: Facebook
ഓരോ ഗോളിനും ഒരോ താളമുണ്ട്, എതിരാളിയെ കടന്നുപോകുമ്പോള്‍ അത് ഒഴുകിവരുന്ന സംഗീതംപോലെയല്ലേ, ഗോളടിച്ചുകഴിഞ്ഞ് സന്തോഷിക്കുമ്പോള്‍, നല്ലൊരു പാട്ടുകേട്ട ഫീല്‍ തോന്നാറില്ലേ... എനിക്കങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്.
നല്ല പാട്ടുകള്‍ എന്നും ലഹരിയാണ്. അതും ദാസേട്ടന്റെ പാട്ടുകള്‍. കുട്ടിക്കാലത്ത് തൃശ്ശൂരില്‍ ഗാനമേളയ്‌ക്കൊക്കെ പോകുമ്പോള്‍ ദൂരെനിന്ന് ദാസേട്ടന്റെ പാട്ടുകള്‍ കേട്ടിട്ടുണ്ട്. പിന്നെ കേട്ടുകേട്ട് കാണാന്‍ കൊതിയോടെ നടന്ന എത്രയോ നാളുകള്‍...
2000 ഏപ്രിലില്‍ ആണെന്നാണ് ഓര്‍മ. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത, നേടിയ ഗോളുകളെപ്പോലെ മനോഹരമായ ആ സംഭവം നടന്നത്. ദാസേട്ടനെ നേരിട്ടു കാണുന്നു, സംസാരിക്കുന്നു. ഫുട്ബോള്‍ പരിശീലനവുമായി ബന്ധപ്പെട്ടുള്ള ഫൗണ്ടേഷന്റെ (ഐ.എം. വിജയന്‍ സ്‌പോര്‍ട്സ് ഫൗണ്ടേഷന്‍) ഉദ്ഘാടനത്തിന് ഒരു സെലിബ്രിറ്റി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചിരുന്നു. മമ്മൂക്കയും ലാലേട്ടനുമൊക്കെ പങ്കെടുത്ത മത്സരം. അതിലേക്ക് ക്ഷണിക്കാനാണ് പോയത്. അവസരമൊരുക്കിയത് പത്രപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായ രവിയേട്ടനും (രവി മേനോന്‍).
ദാസേട്ടന്‍ താമസിച്ച ഹോട്ടലിലെത്തുമ്പോള്‍ ഹൃദയമിടിപ്പിന്റെ ശക്തി കൂടിക്കൊണ്ടിരുന്നു. ഒന്നും സംസാരിക്കാന്‍ കഴിയാതെ, കാഴ്ച മങ്ങുന്നതുപോലെയുള്ള അവസ്ഥ. അകത്തുകയറുന്നു, ദാസേട്ടന്‍ അടുത്തുവരുന്നു. കൈപിടിക്കുന്നു, സംസാരിക്കുന്നു. എന്തൊക്കയോ പറഞ്ഞു. ഏതോ ലോകത്ത് എത്തിപ്പെട്ടതുപോലെ. കുട്ടിക്കാലം മുതല്‍ കേട്ടാരാധിക്കുന്ന ഒരാളുടെ മുന്നില്‍.
കളി കാണാറുള്ളതും ഫുട്ബോളിനെക്കുറിച്ചുമൊക്കെ ദാസേട്ടന്‍ കുറെനേരം സംസാരിച്ചു. ഞാന്‍ അപ്പോഴാ ശബ്ദത്തെക്കുറിച്ചും പാട്ടുകളെപ്പറ്റിയും ആലോചിച്ചു. എത്രയോ പാട്ടുകള്‍ ആ സമയത്ത് മനസ്സിലൂടെ കടന്നുപോയി.
ക്ഷണം അദ്ദേഹം സ്വീകരിച്ചു. എന്നാല്‍, ഗ്രൗണ്ടിലേക്ക് വരാനുള്ള അസൗകര്യം അറിയിക്കുകയും മകന്‍ വിജയ് യേശുദാസിനെ വിടുകയും ചെയ്തു. പാട്ടുപോലെ തഴുകിയെത്തുന്ന സ്‌നേഹം... പിന്നെയും കണ്ടിട്ടുണ്ട്. ഒരിക്കല്‍ തൃശ്ശൂര് വന്നപ്പോള്‍ ദാസേട്ടന്‍ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അന്ന് കുറെനേരം സംസാരിച്ചു. അതെല്ലാം വലിയ പുണ്യമാണ്.
എനിക്കേറ്റവും ഇഷ്ടപ്പെട്ട ദാസേട്ടന്റെ പാട്ട് 'ഉണ്ണികളെ ഒരു കഥ പറയാം' ആണ്. ഒരു വേദിയില്‍ ആ സിനിമയുടെ സംവിധായകന്‍ കമലിനെ സാക്ഷിയാക്കി ആ പാട്ടിന്റെ രണ്ടുവരി പാടിയിട്ടുണ്ട്. പാട്ട് കഴിഞ്ഞപ്പോള്‍ കമല്‍ വന്നു പറഞ്ഞു: താനാണ് ആ സിനിമയുടെ സംവിധായകനെന്ന്... മലയാളത്തിന് കിട്ടിയ അപൂര്‍വഭാഗ്യമാണ് കെ.ജെ. യേശുദാസ്. ഇനിയും ഒട്ടേറെ പാട്ടുകള്‍ അദ്ദേഹത്തില്‍നിന്ന് നമുക്ക് ലഭിക്കാന്‍ കഴിയട്ടെ. 80-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഈ ആരാധകന്റെ ഒരു വലിയ പിറന്നാള്‍ ആശംസകള്‍...
Content Highlights: im vijayan about yesudas on his birthday