ലിറിൽ സോപ്പിന്റെ പരസ്യത്തിൽ നിന്നും, വൻരാജ് ഭാട്യ| Photo: https:||www.facebook.com|ravi.menon.1293
ഇന്ന് ലോകസംഗീത ദിനം
വൻരാജ് ഭാട്യയുടെ ചലച്ചിത്രഗാനങ്ങളേക്കാൾ ഇന്ത്യയിലെ സാധാരണക്കാരുടെ ഹൃദയങ്ങളോട് ചേർന്നുനിന്നത് അദ്ദേഹം സൃഷ്ടിച്ച ഒരു പരസ്യ ജിംഗിളാണ്: ലിറിൽ സോപ്പിന്റെ വിഖ്യാതമായ ലാ ലാ ലാ ലാ....''
നാലര ദശകം മുൻപ് ഹിന്ദുസ്ഥാൻ ലീവറിന്റെ പുതിയ പ്രീമിയം സോപ്പിന്റെ പരസ്യ നിർമ്മാണ ചുമതല ഏറ്റെടുക്കുമ്പോൾ കുട്ടിക്കാലത്ത് കണ്ട ടാർസൻ സിനിമകളായിരുന്നു ലിന്റാസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് അലീഖ് പദംസിയുടെ (1928 2018) ഓർമ്മയിൽ. ടാർസന്റെ പ്രണയിനി ജെയ്ൻ വെള്ളച്ചാട്ടത്തിനടിയിൽ നിന്ന് കുളിക്കുന്ന രംഗങ്ങൾ എങ്ങനെയോ ചെറുപ്പം മുതലേ മനസ്സിൽ പതിഞ്ഞിരുന്നു.''-- പദംസി ഒരിക്കൽ പറഞ്ഞു. പരസ്യം ഒരുക്കും മുൻപ് പദംസിയുടെ നിർദേശപ്രകാരം ലിന്റാസ് നടത്തിയ മാർക്കറ്റ് സർവേയിൽ കണ്ടെത്തിയത് കൗതുകകരമായ ഒരു സത്യം: ഇന്ത്യയിലെ അന്നത്തെ ശരാശരി വീട്ടമ്മ നിത്യജീവിതത്തിൽ ഏറ്റവുമധികം സ്വാതന്ത്ര്യം അനുഭവിക്കുന്നതും ആഘോഷിക്കുന്നതും കുളിമുറിയുടെ സ്വകാര്യതയിലാണ്. നാണം കുണുങ്ങിയായ ആ പെൺകുട്ടിയെ പുറത്തെ വിശാലലോകത്തേക്ക് ധീരമായി ഇറക്കിവിടുവുകയാണ് തങ്ങൾ ചെയ്തതെന്ന് പദംസി.
ഇനി വേണ്ടത് അവൾക്ക് മൂളാനൊരു ഈണമാണ്. അവളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒഴുകി വരുന്ന തികച്ചും ലളിതമായ ഒരീണം.സുഹൃത്തായ വൻരാജ് ഭാട്യയെ ആ ചുമതല ഏൽപ്പിക്കുന്നു പദംസി. (ഇന്ത്യയിലെ ആദ്യത്തെ പരസ്യചിത്രത്തിന് സംഗീതം നൽകിയത് ഭാട്യ ആണ്-- 1959 ൽ ശക്തി സിൽക്‌സിന് വേണ്ടി). വാക്കുകളില്ലാതെ വാക്കുകളേക്കാൾ വാചാലമായ ഒരു സംഗീത ശകലം -- അതായിരുന്നു ഇത്തവണ ഭാട്യക്ക് മുന്നിലുള്ള വെല്ലുവിളി. അന്താരാഷ്ട്ര സോപ്പ് ബ്രാൻഡ് ആയ ഫാ''യുടെ പഴയൊരു ജിംഗിളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തികച്ചും സ്വതന്ത്രമായ ഒരീണം സൃഷ്ടിക്കുന്നു ഭാട്യ. വാക്കുകളും വരികളുമുണ്ടായിരുന്നില്ല ഏതാനും സെക്കന്റുകൾ മാത്രം നീണ്ടുനിന്ന ആ ഈണത്തിൽ. ലാലാലാ എന്ന മട്ടിലുള്ള മൂളൽ (സെൽഫ് എക്‌സ്പ്രഷൻ എന്ന് ഭാട്യയുടെ ഭാഷ്യം) മാത്രം. ഒരു തരം സ്വാതന്ത്ര്യ പ്രഖ്യാപനം..
ബിക്കിനിയണിഞ്ഞ് വെള്ളച്ചാട്ടത്തിനടിയിൽ മുങ്ങിനിവർന്ന കരേൽ ലുനൽ എന്ന സുന്ദരിയെ പോലെ, വൻരാജ് ഭാട്യയുടെ ജിംഗിളും ഇന്ന് ചരിത്രം. പദംസിയും കൂട്ടരും ആ പരസ്യ ചിത്രം ഷൂട്ട് ചെയ്ത കൊടൈക്കനാലിലെ വെള്ളച്ചാട്ടം പിൽക്കാലത്ത് അറിയപ്പെട്ടത് ലിറിൽ ഫാൾസ് എന്ന പേരിൽ. പരസ്യം ദൂരദർശനിൽ കാണിച്ചു തുടങ്ങി പതിനെട്ട് മാസത്തിനകം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന സോപ്പായി മാറി ലിറിൽ. കാൽ നൂറ്റാണ്ടോളം ആ നമ്പർ വൺ പദവി പോറലേൽക്കാതെ കൊണ്ടുനടന്നു ലിറിൽ.
എണ്ണമറ്റ പരസ്യചിത്രങ്ങൾക്ക് പുറമെ അങ്കൂർ, നിഷാന്ത്, ഭൂമിക, ജുനൂൻ തുടങ്ങിയ ക്ലാസിക് ചിത്രങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ച വൻരാജ് ഭാട്യ തൊണ്ണൂറ്റി മൂന്നാം വയസ്സിൽ കഥാവശേഷനായി...