-
(ഇന്ന് മൈക്കിള്‍ ജാക്‌സന്റെ പതിനൊന്നാം ചരമവാര്‍ഷികം...)
വീട്ടിലെ പഴയ ഫ്രിഡ്ജ് പുറപ്പെടുവിക്കുന്ന കടകകട ശബ്ദത്തിനൊത്ത് ചുവടുവയ്ക്കുന്ന കുരുന്നു പയ്യന്‍. അന്നേ അവന്റെ താളബോധം അമ്മ ശ്രദ്ധിച്ചിരുന്നു. അന്നത്തെ പയ്യന്‍ ആദ്യം സഹോദരങ്ങള്‍ക്കൊപ്പം സംഗീതത്തില്‍ തരംഗം തീര്‍ത്തു. അവിടെ നിന്നും മൈക്കിള്‍ ജാക്സണെന്ന ഇതിഹാസ പോപ്പ് താരമായി മാറി. പാശ്ചാത്യ ജനപ്രിയ സംഗീതത്തിലെ അവസാന വാക്കായി. വര്‍ണ, വര്‍ഗ, ജാതി വ്യത്യാസമില്ലാതെ ജനങ്ങള്‍ അവന്റെ ആരാധകരായി മാറി. മൈക്കിള്‍ ജാക്സണ്‍ ജീവിക്കുന്ന ഇതിഹാസം തന്നെയായി.
പ്രശസ്തിക്കൊപ്പം വിവാദങ്ങളും ജാക്സണെ വിടാതെ പിന്തുടര്‍ന്നു. ബാലപീഡകന്‍, സ്വവര്‍ഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവന്‍... ആരെയും തകര്‍ക്കുന്ന ആരോപണങ്ങള്‍. ഇതിനിടെ സൗന്ദര്യ വര്‍ദ്ധനയ്ക്കായി ചെയ്ത ശസ്ത്രക്രിയകളും ത്വക്രോഗത്തിന്റെ പ്രശ്നങ്ങളും. ദുരന്തമായി കലാശിച്ച രണ്ടു വിവാഹങ്ങള്‍. ഒടുവില്‍ അമ്പതാം വയസ്സില്‍ പ്രശസ്തിയുടെയും പ്രതിസന്ധികളുടെയും നടുവില്‍ തനിക്ക് മാത്രം സ്വന്തമായ ഒരു ഇടം അവശേഷിപ്പിച്ച് ജാക്സണ്‍ കടന്നു പോയി. ജൂണ്‍ 25 ഞായറാഴ്ച.
യഥാര്‍ത്ഥത്തില്‍ ആരായിരുന്നു മൈക്കിള്‍ ജാക്സണ്‍. ജാക്സന്റെ സന്തത സഹചാരിയായിരുന്ന ഡേവിഡ് ഗെസ്റ്റ് നിര്‍മ്മിച്ച് ആന്‍ഡ്രൂ ഈസ്റ്റല്‍ സംവിധാനം ചെയ്ത 'മൈക്കിള്‍ ജാക്സണ്‍: ദ ലൈഫ് ഓഫ് ആന്‍ ഐക്കണ്‍' എന്ന ഡോക്യുമെന്ററി ഇതിന് ഉത്തരം നല്‍കും. ജാക്സന്റെ അമ്മ കാതറീന്‍, സഹോദരന്‍ ടിറ്റോ, സഹോദരി റെബ്ബി, ജാക്സണെ അടുത്തറിയുകയും കരിയറിലെ ബ്രേക്ക് നല്‍കുകയും ചെയ്ത ബോബി ടെയ്ലര്‍, ജാക്സണ് പ്രോത്സാഹനം നല്‍കുകയും അക്കാലത്ത് പ്രശസ്തരായിരുന്നവരുമായ ഗായകര്‍ തുടങ്ങിയവരുമായുള്ള അഭിമുഖങ്ങളും അവരുടെ അഭിപ്രായങ്ങളും വഴി അദ്ദേഹത്തിന്റെ ജീവിതത്തിലെയും കരിയറിലെയും ഉയര്‍ച്ച താഴ്ചകള്‍ രണ്ടര മണിക്കൂറുള്ള ഈ ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നു. 2011 നവംബറിലാണ് പുറത്തിറങ്ങിയത്.