അവസാന നിമിഷമാണ് ലതാ മങ്കേഷ്‌കറുടെ ഫോണ്‍ വന്നത്: ``റെക്കോര്‍ഡിംഗിന് എത്താന്‍ പറ്റില്ല. മറ്റൊരു ദിവസത്തേക്ക് നീട്ടിവെച്ചാല്‍ ഉപകാരം.''
``ചീല്‍ ചീല്‍ ചില്ലാ കേ കജ്രി സുനായെ'' എന്ന തമാശപ്പാട്ട് സ്വതസിദ്ധമായ ശബ്ദക്കസര്‍ത്തുകളോടെ ആഘോഷപൂര്‍വം പാടിത്തീര്‍ത്ത ശേഷം, ലതയോടൊപ്പമുള്ള യുഗ്മഗാനത്തിന്റെ റെക്കോര്‍ഡിംഗിനായി മെഹബൂബ് സ്റ്റുഡിയോയില്‍ അക്ഷമനായി കാത്തിരിക്കുകയാണ് കിഷോര്‍ കുമാര്‍. സ്വാഭാവികമായും മുന്നറിയിപ്പൊന്നും കൂടാതെയുള്ള ലതയുടെ പിന്‍വാങ്ങല്‍ അത്ര മാന്യമായ ഏര്‍പ്പാടായി തോന്നിയില്ല അദ്ദേഹത്തിന്. ``റെക്കോര്‍ഡിംഗ് നീട്ടിവെക്കാനാണെങ്കില്‍ എനിക്ക് പകരം വേറെ ആരെയെങ്കിലും കണ്ടെത്തിക്കോളൂ പാട്ടുകാരനായി. ഞാനങ്ങ് പോയേക്കാം.'' -- കിഷോര്‍ പറഞ്ഞു.
``ഹാഫ് ടിക്കറ്റ്'' (1962) എന്ന സിനിമയില്‍ നായകനും മുഖ്യ ഗായകനും കിഷോര്‍ തന്നെ. ആ നിലക്ക് മറ്റൊരാളെ പകരം പാടാന്‍ വിളിക്കുന്നത് അനൗചിത്യവും അനീതിയുമാകുമെന്ന് സംഗീത സംവിധായകന്‍ സലില്‍ ചൗധരി. ``എങ്കില്‍ പിന്നെ ഒരു വഴിയുണ്ട്. ലതയ്ക്ക് പകരം ഞാന്‍ തന്നെ പാടാം -- പെണ്‍ശബ്ദത്തില്‍..'' എന്നായി കിഷോര്‍.
തമാശയായിരിക്കുമെന്നാണ് സലില്‍ദാ ആദ്യം കരുതിയത്. ഏതു തരം കിറുക്കും വഴങ്ങുമല്ലോ കിഷോറിന്. എന്നാല്‍ നൂറു ശതമാനം സീരിയസ് ആയിരുന്നു കിഷോര്‍. ``ചരിത്രത്തില്‍ ആദ്യമായി യുഗ്മഗാനത്തിലെ ആണിന്റെയും പെണ്ണിന്റെയും ഭാഗം ഒരാള്‍ തന്നെ പാടുന്നു എന്ന് പരസ്യം ചെയ്യാം നിങ്ങള്‍ക്ക്. മാത്രമല്ല ലതക്ക് കൊടുക്കുന്ന പ്രതിഫലത്തിന്റെ പകുതി തന്നാലും എനിക്ക് സന്തോഷം. നിങ്ങള്‍ക്ക് ലാഭവും...'' കേട്ടിരുന്നവര്‍ക്ക് പൊട്ടിച്ചിരി അടക്കാനായില്ലെങ്കിലും കിഷോറിന്റെ മുഖത്ത് ഗൗരവമായിരുന്നുവെന്ന് സലില്‍ദാ.
ഗോഷ്ഠികളിലൂടെ നല്ലൊരു ഈണം നശിപ്പിച്ചു കളയാന്‍ തയ്യാറല്ലായിരുന്നു അങ്ങേയറ്റം പെര്‍ഫെക്ഷനിസ്റ്റ് ആയിരുന്ന സലില്‍ ചൗധരി. എന്നാല്‍ കിഷോറുണ്ടോ അടങ്ങുന്നു. ``കണ്ടോളൂ ഇതാണ് എന്റെ സ്റ്റൈല്‍'' എന്ന് പറയാതെ പറഞ്ഞുകൊണ്ട് നൃത്തച്ചുവടുകളുടെ അകമ്പടിയോടെ സ്റ്റുഡിയോ ഫ്ലോറിലൂടെ ഓടിനടന്ന് ഗാനം പാടിത്തുടങ്ങുന്നു അദ്ദേഹം. പെണ്‍ ശബ്ദത്തില്‍ തുടങ്ങി ആണ്‍ ശബ്ദത്തിലൂടെ സഞ്ചരിച്ച് വീണ്ടും പെണ്‍ ശബ്ദത്തിലെത്തുന്ന പാട്ട്. ആംഗ്യവിക്ഷേപങ്ങളോടെയുള്ള കിഷോറിന്റെ ``ആണ്‍ പെണ്‍'' പ്രകടനം കണ്ട് അന്തം വിട്ടു നില്‍ക്കുന്നു സൗണ്ട് എഞ്ചിനീയറും ഓര്‍ക്കസ്ട്രക്കാരും സഹ സംഗീത സംവിധായകന്‍ കാനു ഘോഷും ഉള്‍പ്പെടെയുള്ള കാണികള്‍.
ഒടുവില്‍ കിഷോറിന്റെ വാശി തന്നെ ജയിച്ചു. അറ്റകൈക്ക് ഒരു പരീക്ഷണം നടത്തിനോക്കാന്‍ സമ്മതിക്കുന്നു സലില്‍ദാ. കിഷോര്‍ പരിപൂര്‍ണ സന്തുഷ്ടന്‍. പേരിനൊരു റിഹേഴ്‌സല്‍ പോലും വേണ്ടിവന്നില്ല അദ്ദേഹത്തിന്. മൈക്രോഫോണിന് മുന്നില്‍ ഒരേ സമയം ആണും പെണ്ണുമായി പകര്‍ന്നാടുന്ന കിഷോറിനെയാണ് പിന്നെ കണ്ടത്. ശൈലേന്ദ്രയുടെ രസികന്‍ വരികളിലൂടെ, സലില്‍ ചൗധരിയുടെ ഇമ്പമുള്ള ഈണത്തിലൂടെ സ്വയം മറന്നൊഴുകുന്നു അദ്ദേഹം: ``ആ കേ സീഥി ലഗി ദില്‍ പേ ജൈസേ കടരിയാ ഓ സാവരിയാ...''
ട്രാക്ക് സിംഗിംഗ്, പഞ്ചിംഗ്, കട്ട് ആന്‍ഡ് പേസ്റ്റ്, ഓട്ടോ ട്യൂണ്‍ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊന്നും സങ്കല്‍പ്പങ്ങളില്‍ പോലും ഇല്ലാതിരുന്ന കാലം. ആണ്‍ ശബ്ദവും പെണ്‍ ശബ്ദവും വഴിക്കു വഴിയായി വരണം പാട്ടില്‍. അതേ സമയം ആലാപനത്തില്‍ ശ്രുതിഭംഗം ഉണ്ടാകരുത് താനും. മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പാളിപ്പോയേക്കാമായിരുന്ന ആ പരീക്ഷണം കിഷോര്‍ അനായാസം ഏറ്റെടുത്തു വിജയിപ്പിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചു നോക്കി നിന്നു സ്റ്റുഡിയോയിലെ സര്‍വചരാചരങ്ങളും. ആണിന്റെ ശബ്ദത്തില്‍ നിന്ന് പെണ്ണിന്റെ ശബ്ദത്തിലേക്കും തിരിച്ചുമുള്ള ``സ്വിച്ചോവര്‍'' തികച്ചും സ്വാഭാവികം. സ്വതവേ ഗൗരവക്കാരനായ സലില്‍ദാ പോലും കിഷോറിന്റെ ഇരട്ട വേഷം കണ്ട് ചിരിയടക്കാന്‍ പാടുപെട്ടു എന്നതാണ് ചരിത്രം.
പ്രണയഭരിതമാണ് ശൈലേന്ദ്രയുടെ രചന. സിനിമയില്‍ കിഷോറും മധുബാലയും പ്രത്യക്ഷപ്പെടുന്ന പ്രേമരംഗത്ത് കടന്നു വരേണ്ടിയിരുന്ന പാട്ട്. എന്നാല്‍ മൈക്കിന് മുന്നില്‍ കിഷോറിന്റെ ഏകാംഗ പ്രകടനം കണ്ട് ഹരം കയറിയ സംവിധായകന്‍ കാളിദാസ് ആ പാട്ടിന് വേണ്ടി മറ്റൊരു നര്‍മ്മപ്രധാനമായ രംഗം ആസൂത്രണം ചെയ്യുന്നു. രംഗത്ത് കിഷോര്‍ വരുക സ്ത്രീവേഷത്തില്‍. ഒപ്പമുള്ള ``കാമുക'' റോളിലാകട്ടെ, പടത്തിലെ വില്ലനായ പ്രാണും. പ്രാണിനെ പാട്ടുപാടി നൃത്തം ചെയ്ത് വശീകരിക്കുകയാണ് കിഷോറിന്റെ ദൗത്യം. ജനം ആ രംഗവും പാട്ടും ഹൃദയപൂര്‍വം സ്വീകരിച്ചു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ അപൂര്‍വതകളില്‍ ഒന്നായി നിലനില്‍ക്കുന്നു ആറ് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ``ആ കേ സീഥി ലഗി''.
ഈ പാട്ടില്‍ ലതാ മങ്കേഷ്‌കര്‍ക്ക് ``പകരക്കാരി''യാകാനായിരുന്നു കിഷോറിന് യോഗമെങ്കിലും, ``ഹാഫ് ടിക്കറ്റി''ലെ മറ്റ് രണ്ടു യുഗ്മഗാനങ്ങള്‍ അവിസ്മരണീയമാക്കിയത് കിഷോര്‍ -- ലത ദ്വയം തന്നെ. ഓപ്പറ സിംഗിംഗിന്റെ സാദ്ധ്യതകള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ പ്രയോജനപ്പെടുത്തിയ ``വോ ഏക് നിഗാഹ് ക്യാ മിലി'' ആയിരുന്നു അക്കൂട്ടത്തില്‍ മറക്കാനാവാത്ത ശ്രവ്യാനുഭവം. ``ചാന്ദ് രാത് തും ഹോ സാഥ്'' എന്ന ഗാനത്തെ ആകര്‍ഷകമാക്കിയതാകട്ടെ കിഷോറിന്റെ വിഖ്യാതമായ യോഡലിംഗ് പാടവവും.
പ്രശസ്തിയിലേക്കുള്ള ഫുള്‍ ടിക്കറ്റ് ആയിരുന്നു കിഷോര്‍ കുമാറിന് ``ഹാഫ് ടിക്കറ്റ്'' എന്ന സിനിമ. ഇന്ന് ആ പടം കാണുമ്പോള്‍, അതിലെ പകരം വെക്കാനില്ലാത്ത പാട്ടുകള്‍ കേള്‍ക്കുമ്പോള്‍, കിഷോര്‍ കുമാര്‍ ഗാംഗുലി എന്ന ബഹുമുഖ വ്യക്തിത്വത്തിന്റെ അസാമാന്യ പ്രതിഭയ്ക്ക് മുന്നില്‍ നമ്രശീര്‍ഷരാകുന്നു നാം. ഇനിയുണ്ടാകുമോ ഇതുപോലൊരു ഇതിഹാസ താരം?
Content Highlights : Kishore Kumar Death Anniversary, pattuvazhiyorathu ravimenon