കുടുംബപ്രേക്ഷകര്‍ക്ക് വിഭവ സമൃദ്ധമായ സദ്യ | Varane Avashyamund Movie Review


അനസൂയ

2 min read
Read later
Print
Share

അമ്മ എന്ന ഉത്തരവാദിത്തം ഒരു സ്ത്രീയുടെ ആഗ്രഹങ്ങളിലും തിരഞ്ഞെടുപ്പിലും ചെലുത്തുന്ന സ്വാധീനമാണ് ചിത്രം സംസാരിക്കുന്നത്. എന്നാല്‍ ഈ ഉത്തരവാദിത്തങ്ങള്‍ ഒരിക്കലും അവരുടെ സ്വാതന്ത്ര ജീവിതത്തിന് വിലങ്ങുതടിയാകരുതെന്ന സന്ദേശം ചിത്രം പങ്കുവയ്ക്കുന്നു.

-

ര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം. നിരവധി ഫാമിലി എന്റര്‍ടൈനര്‍ സിനിമകളിലൂടെ ശ്രദ്ധേയനായ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി ആദ്യമായി വേഷമിടുന്ന മലയാള ചിത്രം. യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ ചിത്രം എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകളുമായാണ് വരനെ ആവശ്യമുണ്ട് വാര്‍ത്തകളിലിടം നേടിയത്. രസകരമായി കണ്ടിരിക്കാവുന്ന ഒരു മികച്ച ഫാമിലി എന്റര്‍ടൈനര്‍ എന്ന വിശേഷണത്തിലേക്ക് ഈ ചിത്രത്തെ കൂട്ടിക്കെട്ടാം. ഒരു കാലത്ത് മലയാള സിനിമയെ അടക്കിവാണിരുന്ന താരങ്ങളെ മനോഹരമായ കഥാപാത്രങ്ങളിലൂടെ വീണ്ടും കാണാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യവും.

അമ്മ എന്ന ഉത്തരവാദിത്തം ഒരു സ്ത്രീയുടെ ആഗ്രഹങ്ങളിലും തിരഞ്ഞെടുപ്പിലും ചെലുത്തുന്ന സ്വാധീനമാണ് ചിത്രം സംസാരിക്കുന്നത്. എന്നാല്‍ ഈ ഉത്തരവാദിത്തങ്ങള്‍ ഒരിക്കലും അവരുടെ സ്വാതന്ത്ര ജീവിതത്തിന് വിലങ്ങുതടിയാകരുതെന്ന സന്ദേശം ചിത്രം പങ്കുവയ്ക്കുന്നു. കുടുംബ ബന്ധങ്ങളിലെ സങ്കീര്‍ണതയെ ഹാസ്യത്തിന്റെ മേമ്പൊടിയോടു കൂടിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഫ്രഞ്ച് അധ്യാപിക നീനയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ശോഭനയാണ് നീനയെ അവതരിപ്പിക്കുന്നത്. വിവാഹമോചിതയായ അവര്‍ മകള്‍ നിഖിതയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ബാങ്ക് ജീവനക്കാരിയായ നിഖിത തനിക്ക് വേണ്ടി ഒരു വരനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. മകളുടെ സ്വകാര്യതയിലും താല്‍പര്യങ്ങളിലും അധികമൊന്നും ഇടപെടാത്ത സ്വതന്ത്ര ചിന്താഗതി വച്ചു പുലര്‍ത്തുന്ന ഒരമ്മയാണ് നീന. വൈവാഹിക ജീവിതം എന്നാല്‍ ലൗകികമായ എന്തോ ഒന്നാണെന്നാണ് പിടിവാശിക്കാരിയായ നിഖിതയുടെ കാഴ്ചപ്പാട്. അതിനെ ശക്തമായി വിമര്‍ശിക്കുന്ന നീന മകളുടെ വിവാഹാലോചനയില്‍ പങ്കാളിയാകുന്നില്ല.

അങ്ങനെയിരിക്കേ നീനയും മകളും താമസിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിലേക്ക് താമസക്കാരനായി മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന പട്ടാളക്കാരന്‍ എത്തുന്നു. മുന്‍കോപിയായ എന്നാല്‍ അത്രമാത്രം തന്നെ അന്തര്‍മുഖനായ ഒരാളാണ് മേജര്‍ ഉണ്ണികൃഷ്ണന്‍. ആള്‍ക്കൂട്ടത്തെ ഭയക്കുന്ന നാലാളോട് സംസാരിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഇയാളുടെ ജീവിതത്തിലേക്ക് നീന അപ്രതീക്ഷിതമായി കടന്നുവരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.

നീനയുടെയും മകളുടെയും ഫ്‌ലാറ്റ് സമുച്ചയത്തിലെ മറ്റൊരു പുതിയ താമസക്കാരനാണ് ബിബീഷും കുടുംബവും. അനിയനും വല്യമ്മ എന്ന് വിളിക്കുന്ന ഒരു മുത്തശ്ശിക്കൊപ്പമാണ് ബിപിന്‍ താമസിക്കുന്നത്. സീരിയല്‍ നടിയായ വല്യമ്മയെ അവതരിപ്പിച്ചിരിക്കുന്നത് കെ.പി.എ.സി ലളിതയാണ്. ഫ്രോഡ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ബിപിന്‍, കുടുംബ ബന്ധങ്ങളെക്കുറിച്ച് നിഖിത വച്ചു പുലര്‍ത്തുന്ന കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തുന്നു.

ചിത്രത്തില്‍ ഏറെ എടുത്തു പറയേണ്ട പ്രകടനം സുരേഷ് ഗോപിയുടേതാണ്. മുന്‍കോപവും പരിഭ്രമവും നാണവും കലര്‍ന്ന മധ്യവയസ്‌കനായ മേജര്‍ ഉണ്ണികൃഷ്ണന്റെ കഥാപാത്രം സുരേഷ് ഗോപിയുടെ കയ്യില്‍ ഭദ്രമായിരുന്നു. തുടക്കത്തില്‍ മാസസികാസ്വാസ്ഥ്യമുള്ള ഒരാളായും പിന്നീടങ്ങോട്ട് റൊമാന്റികായും തിളങ്ങിയ സുരേഷ് ഗോപി ഇത്തരത്തില്‍ ഒരു വേഷം ചെയ്യുന്നത് ആദ്യമായാണ്. കഥാപാത്രത്തിന് രൂപം നല്‍കിയ തിരക്കഥാകൃത്തിന്റെ ഡീറ്റെയിലിങ്ങിന് ഒരു കയ്യടി നല്‍കാം, അതുപോലെ സുരേഷ് ഗോപിയുടെ പ്രകടനത്തിനും. തന്റേടമുള്ള എല്ലായ്‌പ്പോഴും ഒരു പ്രണയിനിയുടെ മനസ്സോടു കൂടി ജീവിക്കുന്ന നീനയുടെ വേഷം ശോഭനയും അതിഗംഭീരമായി അവതരിപ്പിച്ചു. ഏതാനും സീനുകളില്‍ മാത്രമേയുള്ളൂവെങ്കിലും ഉര്‍വ്വശിയുടെ കഥാപാത്രവും ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്നതായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി, കെ.പി.എസ്.സി ലളിത, ജോണി ആന്റണി എന്നിവരും ശദ്ധേയമായ പ്രകടനമാണ് കാഴ്ച വച്ചത്. ലാലു അലക്‌സ്, മേജര്‍ രവി, സിജു വില്‍സണ്‍ തുടങ്ങിയവരും അവരവരുടെ വേഷങ്ങള്‍ ഗംഭീരമാക്കി. വളറെ കളര്‍ഫുള്ളായ ഫ്രെയ്മുകളാണ് മുകേഷ് മുരളീധരന്‍ ഒരുക്കി വച്ചിരിക്കുന്നത്. അതുപോലെ അല്‍ഫോണ്‍സ് ജോസഫ് ഒരുക്കിയ പാട്ടുകള്‍ സിനിമയുടെ പ്രമേയത്തോട് ഇഴ ചേര്‍ന്നു നിന്നു.

Content Highlights: Varane Avashyamund Movie Review, Sobhana, Suresh Gopi, Dulquer Salmaan, Kalyani Priyadarshan, Anoop Sathyan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram