അന്ന് ആദ്യ ആര്‍.ജെയായി വന്നു, ഇന്ന് വീട്ടുകാരനായി ദുല്‍ഖര്‍ വീണ്ടും, കൂടെ കല്യാണിയും അനൂപും


2 min read
Read later
Print
Share

ചോദിച്ചു വാങ്ങിയ വേഷമാണിതിലേതെന്ന് ദുല്‍ഖര്‍.

ദുൽഖർ സൽമാൻ, കല്യാണി, അനൂപ് സത്യൻ എന്നിവർ ക്ലബ്ബ് എഫ്.എം. സ്റ്റുഡിയോയിൽ

ദുബായ്: ദുബായിലെ ക്ലബ്ബ് എഫ്.എം. 99.6 ന്റെ ആദ്യ ആര്‍.ജെ. യായി സ്റ്റേഷന്റെ ശബ്ദം ലോകത്തിന് മുന്നിലെത്തിച്ചത് യുവാക്കളുടെ ഹരമായ ദുല്‍ഖര്‍ സല്‍മാനായിരുന്നു. സ്റ്റേഷന്‍ ഉദ്ഘാടനംചെയ്ത ശേഷം വീണ്ടും ഒരിക്കല്‍ കൂടി വ്യാഴാഴ്ച കാലത്ത് പുതുമുഖ നായിക കല്യാണി പ്രിയദര്‍ശന്‍, സംവിധായകന്‍ അനൂപ് സത്യന്‍ എന്നിവര്‍ക്കൊപ്പം സ്റ്റുഡിയോയിലെത്തുമ്പോള്‍ ദുല്‍ഖര്‍ ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്തു. ക്ലബ്ബ് എഫ്.എം. ദുബായിയെക്കുറിച്ച് എപ്പോഴും അന്വേഷിക്കാറുണ്ടായിരുന്നുവെന്ന് പറഞ്ഞ് ആതിഥേയന്റെ റോളിലേക്കും മാറി ദുല്‍ഖര്‍. വരനെ ആവശ്യമുണ്ട് എന്ന പുതിയ സിനിമയുടെ പ്രചാരണത്തിനുവേണ്ടി ദുബായില്‍ എത്തിയതായിരുന്നു എല്ലാവരും.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍, മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, ലിസിയുടെയും പ്രിയദര്‍ശന്റെയും മകള്‍ കല്യാണി. മലയാള സിനിമയ്ക്ക് സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയും മികച്ചസംഭാവനകള്‍ നല്‍കിയവര്‍. അവരുടെ മക്കള്‍ ഒരു സിനിമക്കായി ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് 'വരനെ ആവശ്യമുണ്ട്.' എന്ന ചിത്രത്തിന്.

നായകനെന്നതിനൊപ്പം ചിത്രത്തിന്റെ നിര്‍മാതാവും ദുല്‍ഖര്‍ സല്‍മാനാണ്. ചോദിച്ചു വാങ്ങിയ വേഷമാണിതിലേതെന്ന് ദുല്‍ഖര്‍. കഥ കേട്ട് ഇഷ്ടം തോന്നിയാണ് സിനിമാ നിര്‍മാണം ഏറ്റെടുത്തതെന്നും ദുല്‍ഖര്‍ പറയുന്നു. 'നേരത്തെ ഒരു അമ്മയുടെയും മകളുടെയും കഥയായാണ് കേട്ടത്. പിന്നീട് സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കിടെ ഈ കഥാപാത്രം ഏറെ ആകര്‍ഷിച്ചു. ഈ വേഷം താന്‍ ചെയ്‌തോട്ടെയെന്ന് സംവിധായകനോട് ചോദിക്കുകയായിരുന്നുവെന്ന് ദുല്‍ഖര്‍. അച്ഛന് പ്രേക്ഷകര്‍നല്‍കിയ സ്വീകാര്യത മനസ്സിലുണ്ടെന്നും അച്ഛന്‍ സംവിധായകനെന്നത് തന്റെ ഉത്തരവാദിത്തം കൂട്ടുന്നുവെന്നുമായിരുന്നു ആദ്യ സംരംഭത്തെക്കുറിച്ച് അനൂപ് സത്യന്റെ വിലയിരുത്തല്‍.

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന സുരേഷ് ഗോപിയെയും ശോഭനയെയും നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌ക്രീനില്‍ ഒപ്പം കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും സംവിധായകന്‍. അഭിനയത്തിലെയും ശരീരഭാഷയിലെയും പുതുമയാണ് കല്യാണിയെ നായികയാക്കാന്‍ കാരണമെന്ന് അനൂപ് പറഞ്ഞു.

സിനിമാ കുടുംബത്തില്‍നിന്ന് വന്നതുകൊണ്ട് ആ കലയോട് വല്ലാത്ത അഭിനിവേശം ഉണ്ടെന്നായിരുന്നുവെന്നാണ് കല്യാണിയുടെ ആദ്യപ്രതികരണം. അമ്മയും, അച്ഛനും സിനിമാ മേഖലയിലായതുകൊണ്ടാണ് സിനിമ തന്റെ ജീവിതത്തിന്റേയും ഭാഗമായത്.

വ്യത്യസ്തതകള്‍ ഏറെയുള്ള കഥാപാത്രമാണിത്. അതാണ് ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. ശോഭനയോടൊപ്പമുള്ള അഭിനയരംഗങ്ങളും കല്യാണി പങ്കുവെച്ചു. അമ്മ ലിസ്സിയുമായുള്ള ശോഭനയുടെ ആത്മബന്ധം ചിത്രീകരണവേളയില്‍ ഏറെ സഹായിച്ചുവെന്നും കല്യാണി എടുത്തുപറഞ്ഞു.

ദുല്‍ഖര്‍ എന്ന നിര്‍മാതാവ് വലിയ പ്രശ്‌നക്കാരനല്ലെന്നായിരുന്നു ഉച്ചയ്ക്ക് റീല്‍ സിനിമാസില്‍ നടന്ന പത്രസമ്മേളനത്തിനിടയില്‍ അനൂപ് സത്യന്റെ അഭിപ്രായം. അച്ഛന്റെ സിനിമകള്‍ക്കെല്ലാം ഗ്രാമീണ പശ്ചാത്തലമുണ്ടെങ്കിലും തന്റെ സിനിമ മൊത്തമായും ചെന്നൈ നഗരത്തിലാണ്. രണ്ടുവര്‍ഷം അവിടെ ഫ്‌ലാറ്റില്‍ ജീവിച്ചതിന്റെ പരിചയമാണ് അതിന് നിമിത്തമായതെന്നും അനൂപ് പറഞ്ഞു. ഏറെനാളായി സിനിമയില്‍നിന്ന് മാറിനില്‍ക്കുന്ന ശോഭനയെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിച്ചതിന്റെ ക്രെഡിറ്റ് സംവിധായകനാണെന്ന് ദുല്‍ഖര്‍.

ഒന്നര വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായിരുന്നു അതെന്ന് അനൂപിന്റെ മറുപടി. കുട്ടിക്കാലത്ത് പരസ്പരം ആര്‍ക്കും പരിചയമുണ്ടായിരുന്നില്ല. ലാല്‍ജോസിന്റെ വിക്രമാദിത്യന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അനൂപിനെ പരിചയപ്പെടുന്നത്. അന്നുതന്നെ ഇയാളുടെ കഴിവ് തിരിച്ചിറിഞ്ഞുവെന്നും അതാണ് ഈ സിനിമക്ക് നിമിത്തമായതെന്നും ദുല്‍ഖര്‍ പറഞ്ഞു.

Content Highlights : dulquer salmaan in club fm uae with kalyani priyadarshan and anoop sathyan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram