അച്ഛൻ പറഞ്ഞത് പോലെ കാത്തിരുന്നു, ഒടുവില്‍ ആ പേര് തന്നെ ഉറപ്പിച്ചു


ശ്രീലക്ഷ്മി മേനോന്‍

5 min read
Read later
Print
Share

ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. അതില്‍ കുടുംബ ബന്ധങ്ങളും കടന്നു വരുന്നു. ദുല്‍ഖര്‍,കല്യാണി, സുരേഷ് ഗോപി,ശോഭന എന്നിവര്‍ അതരിപ്പിക്കുന്ന നാല് പ്രധാന കഥാപാത്രങ്ങളുണ്ട് ചിത്രത്തില്‍. ഇവര്‍ നാല് പേരുടെയും ഒരു ഫ്‌ലേവര്‍ സിനിമയ്ക്കുണ്ട്.

-

ച്ചയായ, ജീവിതഗന്ധിയായ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഒരു സംവിധായകന്‍, മലയാള സിനിമയിലേക്ക് ഒരു അന്തിക്കാടന്‍ ടച്ച് കൊണ്ടുവന്ന സത്യന്‍ അന്തിക്കാടെന്ന സംവിധായകന്റെ ഇരട്ടക്കുട്ടികള്‍ തിരഞ്ഞെടുത്തതും സിനിമ തന്നെ. കൂട്ടത്തില്‍ ഒരാളുടെ കന്നിച്ചിത്രമായ വരനെ ആവശ്യമുണ്ട് പ്രദര്‍ശനത്തിനെത്തുന്ന വേളയില്‍ സംവിധായകന്‍ അനൂപ് സത്യന്‍ മാതൃഭൂമി ഡോട് കോമുമായി ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു

ടൈറ്റിലിലും ഒരു സത്യന്‍ അന്തിക്കാട് ടച്ച്

സ്വന്തം കല്യാണം സ്വയം ആലോചിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണയിത്. അതാണ് വരനെ ആവശ്യമുണ്ട് എന്ന ടൈറ്റിലും സൂചിപ്പിക്കുന്നത്. ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. അതില്‍ കുടുംബ ബന്ധങ്ങളും കടന്നു വരുന്നു. ദുല്‍ഖര്‍, കല്യാണി, സുരേഷ് ഗോപി, ശോഭന എന്നിവര്‍ അതരിപ്പിക്കുന്ന നാല് പ്രധാന കഥാപാത്രങ്ങളുണ്ട് ചിത്രത്തില്‍. ഇവര്‍ നാല് പേരുടെയും ഒരു ഫ്‌ലേവര്‍ സിനിമയ്ക്കുണ്ട്. അത് കുറേ നാളായി നമുക്ക് നഷ്ടമായിരുന്ന സംഭവം ആയിരുന്നത് കൊണ്ട് അതാണ് സിനിമയുടെ ആദ്യ ഹൈലൈറ്റ് .

പിന്നെ ഈ പേര് സിനിമ തുടങ്ങുന്ന സമയത്തേ ഞാന്‍ ആലോചിച്ച ഒന്നാണ്. പക്ഷെ അച്ഛന്‍ പറയാറുണ്ട് ചാടിക്കയറി പേരിടണ്ട, ചിലപ്പോള്‍ ചിത്രീകരണം തുടങ്ങിക്കഴിഞ്ഞാല്‍ അതിലും നല്ല പേര് കിട്ടുമായിരിക്കും എന്ന്. അതുകൊണ്ട് ചിത്രീകരണം കഴിയുന്നതുവരെ കാത്തിരുന്നു. പക്ഷെ ഇതിലും യോജിച്ച പേര് കിട്ടിയില്ല. അങ്ങനെ ഇത് തന്നെ ഫിക്‌സ് ചെയ്തു.

ആ കൂട്ടുകെട്ടിനായി ഒന്നര വര്‍ഷത്തെ കാത്തിരിപ്പ്

നസ്രിയ മാറി കല്യാണി വന്നു എന്ന മാറ്റം മാത്രമേ കാസ്റ്റിങ്ങില്‍ സംഭവിച്ചുള്ളൂ. ബാക്കിയുള്ള മൂന്നു കഥാപാത്രങ്ങളും അവര്‍ തന്നെയാണ് ചെയ്യുക എന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്. അതില്‍ ശോഭന-സുരേഷ് ഗോപി കൂട്ടുകെട്ട് എന്ത് തന്നെയായാലും വേണം എന്ന് ഉറപ്പിച്ചിരുന്നു. അതിനായി ഒന്നര വര്‍ഷം കാത്തിരിക്കുകയും ചെയ്തു. അവര്‍ സമ്മതം അറിയിച്ചതോടെയാണ് സിനിമയുടെ ബാക്കി കാര്യങ്ങളില്‍ തീരുമാനം ആയത്. ഈ ഒരു കോമ്പോ വന്നു കഴിഞ്ഞാല്‍ ഈ സിനിമയേ മാറുമെന്ന് എനിക്കറിയാമായിരുന്നു. ആ കഥയ്ക്കും സിനിമയ്ക്കും അത് വേറെ റേഞ്ച് കൊണ്ടുവരുമെന്ന് ഉറപ്പായിരുന്നു. സത്യത്തില്‍ ഇത് ഹിന്ദിയില്‍ ചെയ്യാനുള്ള പ്ലാന്‍ തുടങ്ങിയതാണ്. പക്ഷെ അതിന് മുന്‍പ് ഇവരുടെ രണ്ട് പേരുടെയും സമ്മതം കിട്ടി.

സുഹൃത്തുക്കളുടെ മക്കള്‍, പക്ഷേ ആദ്യം കാണുന്നത് സെറ്റില്‍

ദുല്‍ഖറിനെ നേരത്തെ അറിയാമായിരുന്നു, അദ്ദേഹം പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയ സമയമാണ് അപ്പോള്‍. ഇപ്പോള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി ദുല്‍ഖര്‍ ഇങ്ങോട്ട് വന്ന് താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

ഏറ്റവും വലിയ സന്തോഷം എന്തെന്നാല്‍ ദുല്‍ഖറിനെ ഒരു സ്റ്റാറായി കാണിക്കാതെ ഒരു കഥാപാത്രമായി കൊണ്ടുവരാന്‍ എനിക്ക് സാധിച്ചു എന്നതാണ്. പിന്നെ കല്യാണി വളരെ ഫ്രഷ് ആയ ഒരു നായികയാണ് സിനിമയില്‍. ആ ഒരു ഫ്രഷ്നസ്സ് ഈ ചിത്രത്തിനും കൊണ്ടുവരാന്‍ കല്യാണിയുടെ കഥാപാത്രത്തിന് കഴിയും. കഥ പറയാന്‍ ചെന്നപ്പോഴാണ് ആദ്യമായി ഞാന്‍ കല്യാണിയെ കാണുന്നത്.

ദുല്‍ഖറിനെയും സിനിമയിലൂടെ തന്നെയാണ് പരിചയപ്പെടുന്നതും. ഞങ്ങള്‍ പഠിച്ചതൊക്കെ അന്തിക്കാട് തന്നെയാണ് . സിനിമയിലേക്ക് സഹസംവിധായകനായി ഇറങ്ങുമ്പോഴാണ് ഞാന്‍ ശരിക്കും ഒരു ചിത്രീകരണം കാണുന്നത് തന്നെ. അതല്ലാതെ വലിയ സിനിമാ ബന്ധങ്ങള്‍ ഒന്നും തന്നെയില്ല. ഇവരെയൊക്കെ തന്നെ ഈ സിനിമയുമായി ബന്ധപ്പെട്ടാണ് ഞാന്‍ കാണുന്നത്.

നിര്‍മാതാവായ നടനും സംവിധായകനും കൂട്ടിമുട്ടുമ്പോള്‍

ലാല്‍ ജോസ് ചിത്രം വിക്രമാദിത്യനില്‍ സഹസംവിധായകനായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെയാണ് ദുല്‍ഖറിനെ പരിചയപ്പെടുന്നത്. അനൗപചാരികമായി എനിക്ക് കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയുന്നൊരു താരമാണ് ദുല്‍ഖര്‍. ആ ഒരു കംഫര്‍ട്ട് ഒരു നടനെന്ന നിലയിലും ഒരു നിര്‍മാതാവ് എന്ന നിലയിലും വളരെ അധികം സഹായിച്ചിട്ടുണ്ട്. നമ്മുടെ ഒരു സഹോദരന്‍ എന്ന പോലെ പെരുമാറാന്‍ കഴിയുന്നൊരു വ്യക്തിയാണ് ഡിക്യൂ. ഒരു വലിയ താരമാണ് എന്നതൊന്നും അവിടെ കടന്നു വരുന്നില്ല.

ദുല്‍ഖര്‍ ഇതില്‍ അഭിനേതാവ് മാത്രമല്ല നിര്‍മാതാവും കൂടിയാണ്. അതുകൊണ്ടു തന്നെ ഒരു സംവിധായകനും നിര്‍മാതാവും തമ്മിലുണ്ടാകാവുന്ന അല്ലറ ചില്ലറ സൗന്ദര്യ പിണക്കങ്ങള്‍ ഞങ്ങള്‍ തമ്മിലും ഉണ്ടായിട്ടുണ്ട്. ബാക്കിയുള്ളോര്‍ക്ക് അത് തമാശയാണ്. പക്ഷെ ആ വഴക്കൊക്കെ അപ്പപ്പോള്‍ തീര്‍ന്നു പോയിട്ടുമുണ്ട്.

ദുല്‍ഖര്‍ പുതിയൊരു നിര്‍മാതാവും, അനുഭവസമ്പത്തുള്ള ഒരു നടനുമാണ്. ആ നടനെ നമ്മള്‍ ഉപയോഗിച്ചിട്ടുണ്ട്, പുതിയ നിര്‍മാതാവെന്ന നിലയ്ക്കുള്ള ഫ്രഷ്നസ്സും ഉണ്ട്. അതേപോലെ പരിചയക്കുറവും ഉണ്ട്. അത് പക്ഷെ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍ നിര്‍മിക്കുന്ന മൂന്നാമത്തെ സിനിമയാണ്. ആ ഒരു പാറ്റേണ്‍ അറിയാവുന്നതുകൊണ്ട് ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ല.

സിനിമ സംസാരിക്കുന്ന വീട്, പക്ഷേ താരങ്ങള്‍ വെള്ളിത്തിരയില്‍ മാത്രം

ഞാന്‍ ഇവരെപ്പോലുള്ള താരങ്ങളെ ടി.വിയിലും സിനിമയിലും മാത്രമേ കണ്ടിട്ടുള്ളൂ. ഒരു സ്റ്റാര്‍ ഷോയിലാണ് ഇവരെ എല്ലാവരെയും ആദ്യമായി നേരിട്ട് കാണുന്നത്. അന്ന് കണ്ടു എന്നേയുള്ളൂ. അല്ലാതെ ആരെയും വ്യക്തിപരമായി അറിയില്ല. ഈ സിനിമയ്ക്കായി ഇവരുടെ അപ്പോയ്ന്റ്‌മെന്റ് എടുത്തതും അച്ഛന്‍ വഴി അല്ല.

അച്ഛന്റെ വഴിയേ

സത്യന്‍ അന്തിക്കാടിന്റെ മകന്‍ എന്നത് ഒരു സ്ഥലത്ത് പോകുമ്പോള്‍ പരിചയം കാണിക്കാന്‍ ഏറെ സഹായിക്കുന്ന ഘടകം തന്നെയാണ്. പക്ഷെ അതിനപ്പുറത്തേക്ക് അത് സഹായകമാകില്ല. അത് നമ്മള്‍ വിചാരിച്ചാലേ നടക്കൂ. ഒരു സംവിധായകന്റെ മകനാണ് എന്നത് കൊണ്ട് നമുക്കാരും ഡേറ്റ് തരില്ല എന്നത് എനിക്ക് വ്യക്തമായി മനസിലായ കാര്യമാണ്. നമ്മുടെ വര്‍ക്കില്‍ അവരെ കണ്‍വിന്‍സ് ചെയ്യിക്കുക എന്ന വലിയ ഉത്തരവാദിത്തം അത് അന്തിമമായി നമ്മുടെ കയ്യില്‍ തന്നെയാണ്. പിന്നെ ഇന്ന ആളുടെ മകന്‍ മോശമായി ഒരു കാര്യം ചെയ്യില്ല എന്ന വിശ്വാസവും നമ്മളെ സഹായിച്ചിട്ടുണ്ട്. അത് വലിയൊരു വെല്ലുവിളി കൂടിയാണ് പക്ഷെ അത്തരം വെല്ലുവിളി നല്ലതല്ലേ. പിന്നെ ശോഭന മാമിനും സുരേഷ് സാറിനും ഈ കഥ ഇഷ്ടമായി. അത് തന്നെയാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ആത്മവിശ്വാസവും.

അച്ഛന്റെ ഉപദേശവും എഴുത്തിലെ രീതിയും

അച്ഛന്‍ ഉപദേശം ഒന്നും തന്നിട്ടില്ല. അച്ഛനില്‍ നിന്നും നോക്കി പഠിക്കേണ്ട കുറെ കാര്യങ്ങള്‍ ഉണ്ട്. അച്ഛന്‍ ഓരോ സിനിമയെയും തന്റെ പുതിയ സിനിമ എന്ന രീതിയില്‍ നോക്കിക്കാണുന്ന ആളാണ്. കാരണം 57 സിനിമ കഴിഞ്ഞെങ്കിലും അടുത്തതിനും നന്നായി പരിശ്രമിച്ചാലേ അത് നന്നാവൂ എന്ന് കണ്ട് പെരുമാറുന്ന ആളാണ്. സിനിമയെ സീരിയസ് ആയും നല്ല എഫേര്‍ട്ട് ഇട്ടും കണ്ടാലേ നല്ല സിനിമ ഉണ്ടാകൂ എന്നത് അച്ഛനില്‍ നിന്നും പഠിച്ച കാര്യമാണ്. കുടുംബത്തില്‍ നിന്നും ഇപ്പോള്‍ രണ്ടു പേര്‍ സിനിമയിലേക്ക് ഇറങ്ങിയിട്ടുണ്ട്. നമ്മള്‍ കഥകള്‍ ചര്‍ച്ച ചെയ്യും എന്നല്ലാതെ വല്ലാതെ അതില്‍ ഇടപെടാന്‍ അച്ഛന്‍ വന്നിട്ടില്ല. ആ ഒരു സ്വാതന്ത്ര്യം തന്നിട്ടുണ്ട്. നമ്മുടെ തീരുമാനങ്ങള്‍ ശരിയാണെന്ന് തോന്നുകയാണെങ്കില്‍ മുന്നോട്ട് പോകണം എന്ന നിലപാടാണ് അച്ഛന്.

ഈ ചിത്രത്തിന്റെ തിരക്കഥയും ഞാന്‍ തന്നെയാണ്. കഥ പറയാന്‍ എനിക്കിഷ്ടമാണ്. പക്ഷെ എഴുതാന്‍ മടിയുള്ള കൂട്ടത്തിലും. കഥ പറഞ്ഞ് പറഞ്ഞ് ആ സിനിമ മൊത്തം എനിക്കറിയാമായിരുന്നു. പക്ഷെ എഴുതാന്‍ മടിയായിരുന്നു. ഒരു ഡ്രാഫ്റ്റ് എഴുതിക്കഴിഞ്ഞ്‌ ഞാന്‍ അച്ഛനെ കാണിച്ചിരുന്നു,അത്രയേള്ളൂ.

സത്യന്‍ അന്തിക്കാട് ടെക്‌നിക്

അച്ഛന്റെ സിനിമകളില്‍ കുറെ തവണ കണ്ട ചിത്രം നാടോടിക്കറ്റാണ്. വീട്ടില്‍ അതിന്റെ കാസറ്റ് ഉണ്ടായിരുന്നു. ഇടയ്ക്കിടെ ഇരുന്നു കാണും. ഓരോ സംഭാഷണവും കാണാപ്പാഠമാണ്. പിന്നെ സന്ദേശം, പൊന്മുട്ടയിടുന്ന താറാവ്, വിനോദയാത്ര , ഭാഗ്യദേവത ഇപ്പോള്‍ ഇറങ്ങിയ ഞാന്‍ പ്രകാശന്‍ അതെല്ലാം ഇഷ്ടമാണ്. ഒരെണ്ണം എടുത്തു പറയാന്‍ ബുദ്ധിമുട്ടാണ്. റിയലിസ്റ്റിക്കായ കുറെ കാര്യങ്ങള്‍ അച്ഛന്റെ സിനിമയില്‍ കാണാനാകും, നമുക്ക് പരിചയമുള്ള വ്യക്തികള്‍ സംഭാഷണങ്ങള്‍, നമുക്ക് എളുപ്പം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍.

സിനിമയ്ക്ക് വേണ്ടിയല്ലെങ്കില്‍ കൂടി ഒരു തമാശയോ മറ്റോ വീണുകിട്ടിയാല്‍ ഞങ്ങള്‍ പരസ്പരം പങ്കുവയ്ക്കാറുണ്ട്. അതില്‍ ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും ഒരേ താല്പര്യമാണ്. നിത്യജീവിതത്തിലെ കാര്യങ്ങള്‍ സിനിമയിലേക്ക് കൊണ്ട് വരുന്നത് അച്ഛന്റെ ഒരു ടെക്‌നിക്കാണ്.

ഈ സിനിമയും മാസ് തന്നെ

ഈ മാസ് ഒക്കെ നമ്മള്‍ ഉണ്ടാക്കുന്നതല്ലേ. അങ്ങനെ നോക്കിയാല്‍ ഈ സിനിമയിലും മാസ് ഉണ്ട്. ഒരു സിനിമ ഉണ്ടാക്കിയ ശേഷമേ അതിലേക്ക് ഈ മാസ് എലമെന്റ്‌സ് കൊണ്ട് വരാന്‍ പറ്റൂ. അങ്ങനെ നോക്കിയാല്‍ വരനെ ആവശ്യമുണ്ട് എന്നതും മാസ് സിനിമയാണ്.

Content Highlights : Anoop Sathyan Interview On New Movie Varane Avashyamund starring Dulquer kalyani Suresh Gopi Shobana

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram