സംഗീതമായിരുന്നു ആ മനസ്സ് നിറയെ. അത് ആവോളം പകര്‍ന്നു നല്‍കി മലയാളികള്‍ക്ക്. നാടകമായാലും സിനിമയായാലും ആ സംഗീതം പെയ്തിറങ്ങി. അത് കാസറ്റിലൂടെയും സ്‌ക്രീനിലൂടെയും ആസ്വാദകരില്‍ ലയിച്ചു. എം.കെ. അര്‍ജുനന്‍ എന്ന പ്രിയപ്പെട്ട അര്‍ജുനന്‍ മാഷ് വിടവാങ്ങുമ്പോള്‍ ആ സുന്ദര ഈണങ്ങള്‍ മാത്രം മതി അദ്ദേഹത്തെ എക്കാലവും ഓര്‍മ്മിക്കാന്‍.
പരിഭവം എന്ന വികാരം മനസ്സില്‍ പോലും സൂക്ഷിക്കാത്ത നിര്‍മ്മല മനസ്സിന്റെ ഉടമ. ഒന്നുമില്ലായ്മയില്‍ നിന്ന് പിച്ചവെച്ച് തുടങ്ങിയിട്ടും ഒന്നും വെട്ടിപ്പിടിക്കാന്‍ മുതിര്‍ന്നില്ല. അവസാനം കാലം വരെയും ഒന്നിനെ ചൊല്ലിയും ഒരിക്കലും വിഷമിച്ചില്ല പരിഭവിച്ചില്ല. തന്റെ ഈണവും പാട്ടും ആരും കേള്‍ക്കാതെ പോയാല്‍ സങ്കടം തോന്നും എന്ന് മാത്രമായിരുന്നു ആകുലപ്പെട്ടത്.
ഈണങ്ങളുടെ അനശ്വരത കൊണ്ട് ആ ഈണങ്ങളും പാട്ടുകളും എങ്ങനെ മലയാളിക്ക് കേള്‍ക്കാതിരിക്കാനാകും. മറക്കാനാകും. അത്രമേല്‍ ശുദ്ധനും നിര്‍മ്മല ഹൃദയത്തിന്റെയും ഉടമയുമാണ് ഈ കൊറോണക്കാലത്ത് മലയാളിയുടെ ദു:ഖനിമിഷമായി നില്‍ക്കുന്നത്. സാമൂഹിക അകലത്തിന്റെ വിലങ്ങുള്ളതിനാല്‍ അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ സംഗീതപ്രേമികള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ പലര്‍ക്കും കഴിയുന്നുമില്ല.
1936 ഓഗസ്റ്റ് 25-ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായി എം.കെ അര്‍ജ്ജുനന്‍ എന്ന അര്‍ജ്ജുനന്‍ മാഷിന്റെ ജനനം. പതിനാലുപേര്‍ ജനിച്ചെങ്കിലും രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമടങ്ങുന്ന നാലുപേര്‍ മാത്രമാണ് ബാക്കിയായത്. അവരില്‍ അവരില്‍ ശേഷിക്കുന്നയാള്‍ അര്‍ജ്ജുനന്‍ മാസ്റ്ററായിരുന്നു.
അര്‍ജ്ജുനന് ആറുമാസം മാത്രം പ്രായമുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ജീവിക്കാന്‍ മറ്റുവഴികളില്ലാതെ വന്നതോടെ മക്കളെ വളര്‍ത്താന്‍ അമ്മ പണിക്കുപോയിത്തുടങ്ങി. അമ്മയുടെ കഷ്ടപ്പാടുകള്‍ക്ക് കൂട്ടായി രണ്ടാം ക്ലാസ്സില്‍ അര്‍ജ്ജുനന്‍ പഠനം നിര്‍ത്തി. പലഹാരമുണ്ടാക്കി കൊണ്ടുനടന്നു വിറ്റും വീടുകളില്‍ ജോലിക്കു നിന്നും, ചുമട് എടുത്തും, കൂലിപ്പണി ചെയ്തും അര്‍ജ്ജുനന്‍ കുടുംബത്തിന് താങ്ങായി.
അന്ന് ഫോര്‍ട്ട് കൊച്ചിയിലുണ്ടായിരുന്ന രാമന്‍വൈദ്യന്‍ എന്നൊരു സാമൂഹികപ്രവര്‍ത്തകനാണ് അര്‍ജ്ജുനന്റെ ജീവിതത്തിലേക്ക് ആദ്യമായി സഹായ ഹസ്തവുമായെത്തിയത്. പഴനിയിലെ ഒരു ആശ്രമത്തിന്റെ അനാഥാലയത്തിലേക്ക് അര്‍ജ്ജുനനെയും ജ്യേഷ്ഠന്‍ പ്രഭാകരനെയും രാമന്‍വൈദ്യന്‍ കൂട്ടി കൊണ്ടുപോയി. അര്‍ജ്ജുനന്‍ മാസ്റ്ററുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ സംഭവം.
നാരായണസ്വാമി എന്നൊരാളുടെതായിരുന്നു ആ ആശ്രമം. ആശ്രമത്തില്‍ എല്ലാ ദിവസവും ഭജനയുണ്ട്. അര്‍ജ്ജുനനും പ്രഭാകരനും ഭജനയിലെ പാട്ടുകള്‍ പാടുന്നത് കണ്ടതോടെ കുട്ടികളുടെ സംഗീതവാസന മനസ്സിലാക്കിയ നാരായണസ്വാമി അവര്‍ക്കുവേണ്ടി ഒരു സംഗീതാധ്യാപകനെ ഏര്‍പ്പാടാക്കി. ഇരുവരും അവിടെ ഏഴുവര്‍ഷം സംഗീതത്തോടൊപ്പം ജീവിച്ചു. ആശ്രമത്തില്‍ അന്തേവാസികള്‍ കൂടുതലായതോടെ ഇരുവരും തിരികെ ഫോര്‍ട്ട് കൊച്ചിയിലേക്കെത്തി.
സംഗീതം കൈവശമുള്ളതുകൊണ്ട് സംഗീതകച്ചേരികള്‍ നടത്തിയും കൂലിപ്പണി എടുത്തും ഇടയ്ക്കു ഒരു സായിപ്പിന്റെ ബംഗ്ലാവില്‍ കാവല്‍ക്കാരനായും ജീവിതം മുന്നോട്ടുപോയി. അപ്പോഴും സംഗീത പഠനം അദ്ദേഹം കൈവിട്ടിരുന്നില്ല. പലരുടെയും കീഴിലായി തബലയും വായ്പ്പാട്ടും ഹാര്‍ണമോണിയവും അഭ്യസിച്ചു.
ഹാര്‍മോണിയം വായന പിന്നീട് അദ്ദേഹം ഉപജീവനമാര്‍ഗമാക്കി മാറ്റി. കൊച്ചുനാടക ട്രൂപ്പുകള്‍ക്കു വേണ്ടി വായിച്ചു തുടങ്ങി പിന്നീട് കോഴിക്കോട് നിന്നുള്ള 'കലാകൗമുദി ട്രൂപ്പുകാര്‍ ഒരു നാടകത്തിനു ഈണം നല്‍കാന്‍ ക്ഷണിച്ചതോടെയാണ് അര്‍ജ്ജുനന്‍ മാഷിലെ സംഗീത സംവിധായകന്‍ ജനിച്ചത്.
'തമ്മിലടിച്ച തമ്പുരാക്കള്‍.... എന്ന ഗാനത്തിനാണ് ആദ്യമായി അര്‍ജ്ജുനന്‍ മാഷ്
ഈണം പകര്‍ന്നത്. ഈ ഗാനം ജനങ്ങള്‍ ഏറ്റെടുത്തതോടെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തി. നിരവധി നാടകങ്ങള്‍ക്ക് ഈണം പകര്‍ന്നു.
നാടകരംഗത്തു പ്രവര്‍ത്തിക്കവേ, ദേവരാജന്‍ മാസ്റ്ററെ പരിചയപ്പെട്ടതാണ് അര്‍ജ്ജുനന്‍ മാസ്റ്ററുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്.
ദേവരാജന്‍ മാഷിനു വേണ്ടി നിരവധി ഗാങ്ങള്‍ക്ക് അദ്ദേഹം ഹാര്‍മോണിയം വായിച്ചു. 1968 -ല്‍ 'കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്തേക്ക് അര്‍ജ്ജുനന്‍ മാഷ് കടന്നുവന്നു. പി. ഭാസ്‌കരന്റെ വരികള്‍ക്ക് എം.കെ. അര്‍ജ്ജുനന്‍ ഈണം
നല്‍കി അങ്ങനെ 'ഹൃദയമുരുകി നീ കരയില്ലെങ്കില്‍ കദനം നിറയുമൊരു കഥ പറയാം... എന്ന ഗാനവും മലയാള ചലച്ചിത്ര സംഗീത ലോകത്ത് അര്‍ജ്ജുനന്‍ മാസ്റ്റര്‍ എന്ന പ്രതിഭയും ജനിച്ചു.
ആയിടയ്ക്കാണ് അര്‍ജ്ജുനന്‍ മാഷ് ശ്രീകുമാരന്‍ തമ്പിയുമായി പരിചയപ്പെടുന്നത്. ഇരുവരും ചേര്‍ന്ന് നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു. എം കെ അര്‍ജ്ജുനന്‍ ഈണമിട്ട ഗാനങ്ങളില്‍ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു. വയലാര്‍, പി. ഭാസ്‌കരന്‍, ഒ. എന്‍. വി. കുറുപ്പ് എന്നിവര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
പള്ളുരുത്തിയിലെ പാര്‍വതീ മന്ദിരം എന്ന വീട്ടിലായിരുന്നു താമസം.
1964-ല്‍ ആയിരുന്നു അര്‍ജ്ജുനന്‍ മാഷിന്റെ വിവാഹം. ഭാര്യ: ഭാരതി. മക്കള്‍: അശോകന്‍, രേഖ, നിമ്മി, ശ്രീകല, അനില്‍കുമാര്‍. മരുമക്കള്‍: സുഗന്ധി, മോഹനന്‍, അംബുജാക്ഷന്‍, ഷൈന്‍, റാണി. ചെറുമകന്‍ മിഥിന്‍ ചെെന്നെയില്‍ കീബോര്‍ഡിസ്റ്റാണ്.
1982-ലുണ്ടായ വാഹനാപകടം അദ്ദേഹത്തിന് ഏറെ ശാരീരികബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു. രണ്ടുവര്‍ഷം കിടക്കയില്‍ത്തന്നെ അര്‍ജ്ജുനന്‍ മാഷിനു കഴിയേണ്ടി വന്നു. പക്ഷേ അപ്പോഴും അദ്ദേഹം സംഗീതം കൈവിട്ടില്ല.
മാനത്തിന്‍ മുറ്റത്ത്, ഹൃദയമുരുകി നീ, പൗര്‍ണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിന്‍ മണിയറയിലെ, പാലരുവിക്കരയില്‍, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളില്‍, ആയിരം അജന്താശില്പങ്ങളില്‍, രവിവര്‍മ്മച്ചിത്രത്തിന്‍ രതിഭാവമേ തുടങ്ങിയ ഗാനങ്ങള്‍ അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന് ഹിറ്റായവയില്‍ ചിലത് മാത്രം.
Content Highlight: M.K Arjunan mash biography