Photo: B.Muralikrishnan| Mathrubhumi Archives
മൂന്നേ മൂന്ന് ചിത്രങ്ങള്‍. അതില്‍ ഒരെണ്ണം പോലും മറ്റൊന്നുമായി യാതൊരു സാമ്യവുമില്ല. മലയാള സിനിമയില്‍ ഈ പ്രത്യേകത അവകാശപ്പെടാവുന്ന ചുരുക്കം സംവിധായകരില്‍ ഒരാളാണ് എബ്രിഡ് ഷൈന്‍. നാലാമത്തെ ചിത്രമായ കുങ്ഫു മാസ്റ്ററുമായി വരുമ്പോള്‍ സംവിധായകനെന്ന നിലയില്‍ വ്യത്യസ്തതയുടെ പുതിയ തലങ്ങള്‍ തേടുകയാണ് അദ്ദേഹം. ഒരു മുഴുനീള ആക്ഷന്‍ ചിത്രം, അതും മലയാളത്തില്‍ അത്രയധികം കണ്ടിട്ടില്ലാത്ത ഫിസ്റ്റ് ഫൈറ്റ് സോണറിലുള്ള ചിത്രമൊരുക്കിയപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് എബ്രിഡ് ഷൈന്‍.
പൂമരത്തില്‍ നിന്ന് കുങ്ഫു മാസ്റ്ററിലേക്ക്
നാലുതരം പ്രമേയങ്ങളുള്ള സിനിമകളാണ് ഞാന്‍ ചെയ്തത്. ആദ്യ സിനിമയില്‍ ക്രിക്കറ്റും രണ്ടാമത്തെ സിനിമയില്‍ അതുമായി യാതൊരു ബന്ധവുമില്ലാത്ത പോലീസ് സ്‌റ്റേഷനും മൂന്നാമത്തെ സിനിമയില്‍ ഇതൊന്നുമായി ബന്ധമില്ലാത്ത ക്യാംപസുമായിരുന്നു വിഷയങ്ങള്‍. നാലാമത്തെ സിനിമ ഫിസ്റ്റ് ഫൈറ്റ് സോണറിലുള്ളതാണ്. പിന്നെ മറ്റു സിനിമകളുമായി തുടര്‍ച്ച തോന്നാത്തത് മനഃപൂര്‍വമല്ല. വ്യത്യസ്തമായ വിഷയത്തില്‍ സിനിമ ചെയ്യണമെന്ന് നമുക്കും ഒരു തോന്നലുണ്ടാവുമല്ലോ.
കുങ്ഫു മാസ്റ്റര്‍ എന്ന പേരിന് പിന്നില്‍...
ചെറുപ്പത്തില്‍ ജാക്കിചാന്റെ ഒരുപാട് ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. നേര്‍ക്ക് നേര്‍ വരുന്ന മാര്‍ഷല്‍ ആര്‍ട്‌സ് ഫൈറ്റാണ് സിനിമയിലുള്ളത്. അതുകൊണ്ട് ആ പേര് അങ്ങനെ തന്നെ ഇട്ടതാണ്.

താരങ്ങളുടെ തിരഞ്ഞെടുപ്പ്
പുതുമുഖങ്ങളെയെല്ലാം ഓഡിഷന്‍ വഴി തിരഞ്ഞെടുത്തതാണ്. സനൂപ് തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ മാര്‍ഷല്‍ ആര്‍ട്‌സിലുള്ള കഴിവ് കണ്ട് തന്നെയാണ് കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്. ജിജിയും അങ്ങനെ തന്നെ. അവരുടേയും ആക്ഷന്‍ സ്‌കില്‍ നോക്കിയിരുന്നു. പിന്നെ നീത പിള്ള മാര്‍ഷല്‍ ആര്‍ട്‌സ് നേരത്തെ ചെയ്തിട്ടുണ്ടായിരുന്നില്ല. പക്ഷേ നന്നായി പരിശ്രമിക്കാന്‍ തയ്യാറായി.
ചിത്രീകരണത്തിനായി ലൊക്കേഷന്‍ ഹണ്ട്
തിരക്കഥയെഴുതുന്ന സമയത്ത് തന്നെ ഏത് ലൊക്കേഷനിലാണ് ചിത്രീകരിക്കേണ്ടതെന്ന് മനസില്‍ കണ്ടിരുന്നു. ഹിമാലയന്‍ താഴ്‌വരയിലായിരുന്നു ചിത്രീകരണം. പിന്നെ ഇതൊരു റോഡ് മൂവിയൊന്നുമല്ല. മാര്‍ഷല്‍ ആര്‍ട്‌സ് വിഭാഗത്തില്‍പ്പെടുന്നതാണെങ്കിലും കുടുംബവുമായി ബന്ധപ്പെടുത്താവുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളുമുണ്ട്.
കൊടുംതണുപ്പിലെ ബുദ്ധിമുട്ടേറിയ ചിത്രീകരണം
നല്ല ബുദ്ധിമുട്ടായിരുന്നു തണുപ്പത്തുള്ള ചിത്രീകരണം. പുറത്ത് ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും മഞ്ഞ് എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നത്. അല്ലാതെ ആകെ കണ്ടിട്ടുള്ളത് ഫോട്ടോയിലും വീഡിയോയിലുമൊക്കെയാണ്. തണുപ്പുകാരണം ബാത്ത് റൂമില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥ. തെര്‍മല്‍ വസ്ത്രങ്ങളായിരുന്നു ആശ്രയം. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന സമയത്ത് ലൈറ്റ് വെയ്റ്റ് ഷൂവാണ് താരങ്ങള്‍ ധരിച്ചിരുന്നത്. അവരും നന്നായി ബുദ്ധിമുട്ടി. പിന്നെ വെളിച്ചം വളരെ കുറവായിരുന്നു. രാവിലെ പത്ത് മണിക്ക് വെളിച്ചം വന്നാല്‍ നാല് മണിയാകുമ്പോഴേക്കും പോകും. എന്നിരുന്നാലും സ്‌ക്രീനില്‍ അതെല്ലാം നന്നായി വരും എന്ന ശുഭപ്രതീക്ഷയിലാണ് അതെല്ലാം ചിത്രീകരിച്ചത്. പിന്നെ നല്ല മഞ്ഞായതിനാല്‍ വാഹനം തെന്നിപ്പോകും. ഒരുഭാഗത്താകട്ടെ കൊക്കയും. ചിത്രീകരണത്തിനിടെ മൂന്ന് തവണയാണ് വണ്ടി മറിഞ്ഞത്. ഭാഗ്യമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് തിരിച്ച് വീട്ടിലെത്തിയത്.
ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് പിന്നില്‍
വളരെയധികം പരിശീലനം ലഭിച്ച, വിദേശത്ത് നിന്നടക്കമുള്ള മാര്‍ഷല്‍ ആര്‍ട്‌സ് വിദഗ്ധരാണ് ആക്ഷന്‍ രംഗങ്ങളൊരുക്കിയത്. അഞ്ചാറ് പേരുടെ നേതൃത്വത്തിലായിരുന്നു ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. സാധാരണ നമ്മള്‍ കാണുന്ന സംഘട്ടനത്തിനപ്പുറം ബോഡി ടു ബോഡി കോണ്‍ടാക്റ്റ് ഉള്ള സംഘട്ടനങ്ങളായിരുന്നു എല്ലാം.
'കുങ്ഫു മാസ്റ്ററി'ന്റെ പ്രചോദനം
1983-ന് എന്റെ ജീവിതവുമായി ബന്ധമുണ്ട്. ആക്ഷന്‍ ഹീറോ ബിജുവാകട്ടെ ഞാന്‍ കണ്ട, അന്വേഷിച്ചുപോയ ഒരു പോലീസ് സ്‌റ്റേഷനാണ്. നേരിട്ടു കണ്ട സംഭവങ്ങളുമായി ബന്ധപ്പെടുത്താന്‍ പറ്റിയ കാഴ്ചകളുണ്ടതില്‍. പൂമരത്തിലുള്ളത് ഞാന്‍ ചെറുപ്പത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ പോയപ്പോള്‍ കണ്ട, യൂത്ത് ഫെസ്റ്റിവല്‍ ദിനങ്ങളില്‍ എനിക്കുണ്ടായ സന്തോഷവും അനുഭവിച്ച മാജിക്കുമൊക്കെയാണ്. കുങ്ഫു മാസ്റ്റര്‍ നമ്മള്‍ നേരത്തെ കണ്ടിട്ടുള്ള സിനിമകളില്‍ നിന്നുള്ള പ്രചോദനമാണ്.
സിനിമ തരുന്ന പുതിയ അനുഭവങ്ങള്‍
പൂമരത്തിന്റെ സമയത്ത് യൂത്ത് ഫെസ്റ്റിവല്‍ ചിത്രീകരിക്കാന്‍ ശരിക്കും ബുദ്ധിമുട്ടി. എല്ലാവരുടെ മുഖത്തും പ്രസരിപ്പ് വരുന്ന രീതിയില്‍ ഫ്രെയിം വെക്കുക എന്ന് പറഞ്ഞാല്‍ നല്ല പ്രയാസമായിരുന്നു. ഞാന്‍ ചെയ്യുന്ന സിനിമകള്‍ എനിക്ക് തന്നെ പുതിയ അനുഭവങ്ങള്‍ തരുന്നവയാണ്.
'ഇതെന്നെ പുറത്തിറക്കിയ സിനിമ'
1983 എന്റെ വീടിന്റെ ചുറ്റുവട്ടത്താണ് ചിത്രീകരിച്ചത്. ഒരു ക്രിക്കറ്റ് രംഗം മാത്രമാണ് പുറത്തെടുത്തത്. പാലക്കാടിനപ്പുറം. ആ രംഗം ചിത്രീകരിക്കാനായി കണ്ടുവെച്ച ഗ്രൗണ്ട് ശക്തിയായ മഴയില്‍ മുങ്ങിപ്പോയി. അങ്ങനെ മഴയില്ലാത്ത ഒരു സ്ഥലം തേടിപ്പോവുകയാണുണ്ടായത്. ആക്ഷന്‍ ഹീറോ ബിജു 90 ശതമാനവും ഫോര്‍ട്ട്‌കൊച്ചിയായിരുന്നു. പൂമരവും ഇതേ പരിസരത്തൊക്കെ തന്നെയായിരുന്നു. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ ആദ്യമായി പുറത്തിറങ്ങാന്‍ ഇടയാക്കിയ സിനിമയാണ് കുങ്ഫു മാസ്റ്റര്‍.
Content Highlights: Kung Fu Master Movie, Abrid Shine, Abrid Shine Interview, Malayalam Fist Fight Movie