-
മലയാളത്തില്‍ അത്രയധികം കണ്ടിട്ടില്ലാത്ത ഫിസ്റ്റ് ഫൈറ്റ് സോണറിലുള്ള ആക്ഷന്‍ ചിത്രവുമായി സംവിധായകന്‍ എബ്രിഡ് ഷൈന്‍ എത്തുകയാണ്. സംവിധായകന്റെ ദ കുങ്ഫു മാസ്റ്റര്‍ എന്ന നാലാമത്തെ ചിത്രം ആദ്യത്തെ മൂന്ന് സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തവുമാണ്. ഹിമാലയന്‍ താഴവാരങ്ങളിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിട്ടുള്ളത്. കൊടും തണുപ്പിലെ ഷൂട്ടിനിടയില്‍ ബുദ്ധിമുട്ട് സഹിക്കാനാവതെ പലരും ഇടയ്ക്കിടെ ഛര്‍ദ്ദിച്ചിരുന്നുവെന്നും അതൊന്നും തന്നോടു പറഞ്ഞിരുന്നുമില്ലെന്നു തുറന്നു പറയുകയാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് സംവിധായകന്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.
'നീതയ്ക്ക് മാര്‍ഷ്യല്‍ ആര്‍ട്‌സ് എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നില്ല.' എബ്രിഡ് ഷൈന്‍ പറയുന്നു. 'പരിശീലനം ഒരു പത്തുമാസത്തോളമെടുത്തു. ഡ്യൂപ്പില്ലാത്ത ഫൈറ്റ് ആയിരുന്നു. പത്തോ പതിനഞ്ചോ മൂവ്‌മെന്റ്‌സ് ഒന്നിച്ചെടുക്കുമ്പോള്‍ റിഹേഴ്‌സല്‍ വേണമല്ലോ. അതു കഴിഞ്ഞ് അവര്‍ ഗംഭീര പ്രകടനം കാഴ്ച്ചവെച്ചു. എതിരാളിയും മോശമില്ല. അതിനൊപ്പം നില്‍ക്കാന്‍ നീത കുറെ പാടുപെട്ടു. ഇടയ്ക്ക് ഇടി കിട്ടി താഴെ കിടക്കും. ആവേശം കൂടുമ്പോള്‍ സംഭവിക്കുന്നതാണ്. മഞ്ഞിലെ ഫൈറ്റ് ചിത്രീകരണം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. മഞ്ഞില്‍ പ്രതലം മൃദുലവും വഴുക്കലുള്ളതായതിനാലുമുള്ള വിഷമങ്ങളാണ്. പകല്‍ -3യും രാത്രി -10ും ഡിഗ്രിയാണ് താപനില. മഞ്ഞു കയറി നനഞ്ഞ ഷൂവും സോക്‌സും ധരിച്ചാണ് ഷൂട്ട്. കൊടും തണുപ്പ് സഹിക്കാനാകാതെ പലരും മാറിനിന്ന് ഛര്‍ദ്ദിക്കാറുമുണ്ടായിരുന്നു. എന്നോടു പറയില്ല, പിന്നീടാണ് ഞാനിതൊക്കെ അറിയുക. കാണുമ്പോള്‍ സ്വര്‍ഗം പോലെയാണെങ്കിലും മഞ്ഞില്‍ ഒരു ആക്ഷന്‍ പടം ചിത്രീകരിക്കുക എന്നത് എളുപ്പമല്ല എന്ന് മനസ്സിലായി.'
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനപ്പെടുത്തി കഥ പറയുന്ന ഒരു ചിത്രത്തില്‍ നീത പിള്ളയും പുതുമുഖമായ ജിജി സ്‌കറിയയുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. സനൂപ് ഡി, സംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlights : abrid shine about the kungfu master malayalam movie shoot in snow