
സത്യൻ
ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്താണെന്നാണ് ഓര്മ. ബാലാരിഷ്ടതകള്‍ കാരണം ഇടയ്ക്കിടെ വിരുന്നെത്തുന്ന പനിയും ഏതാണ്ട് 15 കിലോ ഭാരമുള്ള ഞാനും പരസ്പരം യുദ്ധം ചെയ്തിരുന്ന കാലം. സ്കൂളില്‍നിന്ന് കൂടെക്കൂടെ അവധിയെടുക്കുന്നതെല്ലാം തികച്ചും സ്വാഭാവികമായ കാര്യമായിരുന്നു, അതിലൊന്നും തെല്ലു പിശുക്കു കാണിച്ചിട്ടില്ല ഞാന്‍.
മടിച്ചിയായിരുന്നതിനാല് നേരംപോക്കിന് കൂട്ടുണ്ടായിരുന്നത് ദൂരദര്‍ശനും മെട്രോയും ആകാശവാണിയും ഒക്കെയായിരുന്നു. മലയാള സിനിമയുടെ സംപുഷ്ടമായ ഭൂതകാലത്തേക്കുള്ള വാതില്‍ തുറന്നത് മെട്രോ ചാനലായിരുന്നു. രാവിലെ 11 മണിയോടെ സിനിമ തുടങ്ങും. ഏതാണ്ട് രണ്ട് രണ്ടര മണിക്കൂറോളം സത്യനും ഷീലയും ശാരദയും നസീറും അടൂര്‍ഭാസിയും ബഹദൂറുമെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളായി വീട്ടില്‍ അതിഥികളായെത്തും.
നീലക്കുയില്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, അങ്കത്തട്ട്, വാഴ്വേമായം, കടത്തനാട്ടു മാക്കം, അരക്കള്ളന്‍ മുക്കാക്കള്ളന്‍, സി.ഐ.ഡി നസീര്‍, പടയോട്ടം, കോളിളക്കം... എന്നിങ്ങനെ പോകും സിനിമകള്‍. തൊണ്ണൂറുകളില്‍ ജനിച്ച ഞാന്‍ സ്വാഭാവികമായി കാണേണ്ടത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളാണ്. എന്റെ സമപ്രായക്കാരെല്ലാം അങ്ങിനെയാണ്. കുട്ടിക്കാലത്തെ കുഞ്ഞു സിനിമാചര്ച്ചകളില്നിന്ന് എന്നെ അവരെല്ലാം മാറ്റി നിര്‍ത്തിയത് ഈ വേറിട്ട അഭിരുചികൊണ്ടായിരിക്കാം. ഈ കാലത്ത് ജനിച്ച നീ എങ്ങനെയാണ് സത്യനെയും നസീറിനെയുമൊക്കെ സഹിക്കുന്നത് എന്നു ചോദിച്ച ഒരു കൂട്ടുകാരിയെ കായികപരമായി നേരിടാന്‍ തീരുമാനിച്ചറുപ്പിച്ചതും എന്നാല്‍ അതിനുള്ള ആരോഗ്യമില്ലാത്തതിനാല്‍ പിന്മാറിയതും വാല്‍ക്കഷ്ണം.
എന്റെ അച്ഛന് സത്യന്-മോഹന്‍ലാല്‍ ആരാധകനായിരുന്നു, അമ്മ പ്രേംനസീര്‍-മമ്മൂട്ടി വിഭാഗവും. കുട്ടിക്കാലം മുതല്‍ തന്നെ അച്ഛനും അമ്മയ്ക്കും ശക്തമായ സിനിമാ 'പാരമ്പര്യം' (സിനിമ കണ്ടു ലഭിച്ച പാരമ്പര്യം) കൈമുതലായുണ്ടായിരുന്നു. സിനിമാഭ്രാന്തനായ മുത്തശ്ശന് ഷീലയോടുള്ള ആരാധന കൊണ്ടാണ് അമ്മയ്ക്ക് ഷീല എന്ന് പേരിട്ടത്. എത്ര ദാരിദ്ര്യം ഉണ്ടായാലും മാസത്തില്‍ ഒരു സിനിമ, മുത്തച്ഛന് അതിന് യാതൊരു മുടക്കം വരുത്താറില്ലെന്ന് അമ്മ പറയുമായിരുന്നു. എന്നാല്‍, അച്ഛന്റെ സ്ഥിതി മറിച്ചായിരുന്നു, തിയേറ്ററില്‍ കൊണ്ടുപോകുന്ന കാരണവന്മാര് ഇല്ലാത്തതിനാല്‍ കശുവണ്ടിയും അടക്കയും കട്ടു വിറ്റ പണം കൊണ്ടായിരുന്നു അച്ഛന് സിനിമ കാണാന്‍ പോയിരുന്നത്. ഇവരുടെ പഴയ സാഹസിക കഥകളാണ് എന്നെ സിനിമയിലേക്ക് അടുപ്പിച്ചതും പഴയ സിനിമകളുടെ ആരാധികയാക്കിയതും.
ഞാന്‍ ജനിക്കുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച് മരിച്ചുപോയ സത്യന് എന്നെ സ്വാധീനിച്ച കഥയാണ് പറയുന്നത്. സത്യത്തില്‍, തുടക്കത്തില്‍ സത്യനെ എനിക്ക് ഇഷ്ടമായിരുന്നില്ല. സത്യന്റേതായി ഞാന്‍ കണ്ട ആദ്യസിനിമ യക്ഷിയായിരുന്നു. പാവം രാഗിണിയെ പ്രൊഫസര്‍ ശ്രീനിവാസന് ക്രൂരമായി കൊല്ലുന്ന രംഗം അത്രമേല്‍ എന്നെ ഭയപ്പെടുത്തിയിരുന്നു. 'സത്യനെ കാണാന്‍ ഭംഗിയില്ല, നസീറാണ് കൂടുതല്‍ സുന്ദരന്‍', എന്ന് പറഞ്ഞ് അച്ഛനുമായി ഞാന്‍ തര്‍ക്കിച്ചു.
അച്ഛന്റെ ഭ്രാന്തമായ സത്യന് ആരാധനയെ നോക്കി ഞാനും എന്റെ സഹോദരനും കൊഞ്ഞനം കുത്തിയിട്ടുണ്ട്. വാഴ്വേമായത്തിലെ ചലനം ചലനം... എന്ന് പാട്ട് ടിവിയിലോ റേഡിയോയിലെ വന്നാല്‍ ഒരു നിമിഷം കണ്ണടച്ച് മുകളിലേക്ക് നോക്കി നില്ക്കും. ഒരിക്കല്‍ ഇതേ ഗാനം റേഡിയോയില്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്റെ കണ്ണില്‍നിന്ന് കണ്ണുനീര് ധാരായായി ഒഴുകുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു നടനോട് ഒരു പ്രേക്ഷകന് ഇത്രമേല്‍ ആരാധന തോന്നുമോ എന്ന ചോദ്യം എന്റെ മനസ്സില്‍ ആദ്യമായി ജനിക്കുന്നതും അന്നായിരുന്നു.
മുന്‍ധാരണകളെ പടിക്ക് പുറത്ത് നിര്‍ത്തി സത്യന്റെ സിനിമകള്‍ കാണാന്‍ തുടങ്ങിയതും അതിന് ശേഷമായിരുന്നു. സത്യനെന്ന നടന് അസാമാന്യ പ്രതിഭയാണെന്ന് തിരിച്ചറിയാന്‍ അധികം സിനിമകളൊന്നും കാണേണ്ടി വന്നില്ല. 'ഓടയില്‍ നിന്നി'ലെ പപ്പു എന്റെ കാഴ്ചപ്പാടുകളെ തിരുത്തി എഴുതി. പിന്നീട് 'ചെമ്മീനി'ലെ പളനി, 'നീലക്കുയിലി'ലെ ശ്രീധരന് നായര്‍, 'കടല്‍പ്പാല'ത്തിലെ രഘുവും കൈമളും (ഡബിള്‍റോള്‍), 'വാഴ്വേമായ'ത്തിലെ സംശയരോഗിയായ ഭര്‍ത്താവ്, 'മുടിയനായ പുത്രനി'ലെ രാജന്, 'അശ്വമേധ'ത്തിലെ ഡോ. തോമസ്, 'കാട്ടുതുളസി', 'മൂലധനം', 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി', 'കായംകുളം കൊച്ചുണ്ണി', 'അടിമകള്‍' തുടങ്ങി എന്റെ പ്രായത്തിന് ദഹിക്കാത്ത സിനിമകളാണ് ഞാന്‍ കണ്ടുതീര്ത്തതെങ്കിലും ഞാനും പതിയെ സത്യന്റെ ആരാധികയായി മാറുകയായിരുന്നു.
പത്താം ക്ലാസില്‍വെച്ചാണ് 'അനുഭവങ്ങള്‍ പാളിച്ചകള്‍' കാണുന്നത്. സത്യന്റെ അവസാനചിത്രം. തൊഴിലാളി വര്‍ഗത്തിന്റെ നീതിയ്ക്ക് വേണ്ടി പോരാടുമ്പോഴും, എല്ലുമുറിയെ പണിയെടുത്ത് കുടുംബം പുലര്‍ത്തുന്ന ഭാര്യയെ ഉറങ്ങാന്‍ പോലും സമ്മതിക്കാതെ നിഷ്കരുണം ഉറക്കത്തില്‍നിന്ന് തൊഴിച്ചുണര്ത്തുകയും മദ്യപിച്ച് തല്ലുകയും ചെയ്യുന്ന ചെല്ലപ്പന്. വ്യക്തിജീവിതത്തില്‍ യാതൊരു ജനാധിപത്യബോധവുമില്ലാത്ത നായകനും പ്രതിനായകനുമായ ചെല്ലപ്പന് എന്ന അതിസങ്കീര്‍ണമായ കഥാപാത്രത്തെ സത്യനല്ലാതെ മറ്റാര്‍ക്കെങ്കിലും ചെയ്യാന്‍ കഴിയുമോ?
അനുഭവങ്ങള്‍ പാളിച്ചകളുടെ ചിത്രീകരണം അവസാനിക്കുന്നതിന് മുന്‍പ് തന്നെ രക്താര്‍ബുദം ബാധിച്ച് സത്യന് വിടപറഞ്ഞു. സത്യന്റെ സഹോദരനാണ് അദ്ദേഹത്തിന് പകരം ക്ലൈമാക്സില്‍ അഭിനയിച്ചതെന്ന് അച്ഛന് പറഞ്ഞിട്ടുണ്ട്. ഏതാണ്ട് പത്തിലേറെ തവണയാണേ്രത അച്ഛന് ഈ ചിത്രം തിയേറ്ററില്‍ പോയി കണ്ടത്. സിനിമ അവസാനിച്ചതിന് ശേഷം സത്യന്റെ അന്ത്യയാത്ര തിയേറ്ററുകളില്‍ കാണിച്ചിരുന്നതിന്റെയും അത് കണ്ട് പൊട്ടിക്കരഞ്ഞതിന്റെയും ഓര്‍മകള്‍ അച്ഛന് പങ്കുവയ്ച്ചിട്ടുണ്ട്.
യാദൃശ്ചികതയെന്നോണം മറ്റൊരു കാര്യവും ഇതോടൊപ്പം ചേര്‍ത്ത് പറയാനുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സുഖമില്ലാതെ അച്ഛനെ പ്രവേശിപ്പിച്ചു. അണുബാധ നല്കിയ ശാരീരിക അസ്വസ്ഥതള്ക്കിടയിലും ആശുപത്രിയിലെ ടിവിയില്‍ അച്ഛന് ഏറെ ശ്രദ്ധയോടെ കണ്ടു തീര്‍ത്ത ചിത്രവും സത്യന്റേതായിരുന്നു. 'ഒരു പെണ്ണിന്റെ കഥ.' അത് അച്ഛന്റെ 'അവസാനചിത്ര'മായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
Content Highlights: Sathyan Actor a Memoir, Sathyan 50 th death Anniversary, Malayala Cinema Legendary actor