sathyan 50th death anniversary sathyan movie characters
സത്യന് വിടവാങ്ങി 50 വര്‍ഷങ്ങള്‍
സർക്കാർ ഓഫീസിലെ ഗുമസ്തൻ, സ്കൂൾ അധ്യാപകൻ, ബ്രിട്ടീഷ് ആർമിയിലെ സുബേദാർ മേജർ, കമ്മീഷൻഡ് ഓഫീസർ, പോലീസിലെ സബ് ഇൻസ്പെക്ടർ, നാടകനടൻ...ഇങ്ങനെ ജീവിതത്തിൽ ചെറുതും വലുതുമായ വ്യത്യസ്തറോളുകൾ ചെയ്തശേഷമാണ് സത്യൻ സിനിമയിലേക്കെത്തുന്നത്. പല തൊഴിലാളി സമരങ്ങളും തകർത്ത തിരുവിതാംകൂർ പോലീസിന്റെ ഭാഗമായിരുന്നു സത്യൻ. പുന്നപ്ര-വയലാർ സമരം നടക്കുമ്പോൾ ആലപ്പുഴയിൽ അദ്ദേഹം ഇൻസ്പെക്ടറായിരുന്നു. അതേ ആലപ്പുഴക്കാലമാണ് അദ്ദേഹത്തെ സിനിമയിലേക്ക് ആകർഷിച്ചതും. ഇമേജ് പ്രശ്നമില്ലാത്ത ജീവിതത്തിലെ റോളുകൾ, സിനിമയിലെ വേഷങ്ങളും ഭംഗിയാക്കാൻ അദ്ദേഹത്തെ സഹായിച്ചിരിക്കാം. 41ാം വയസ്സിലാണ് സത്യൻ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. സുഹൃത്തുക്കളുടെ ഉപദേശത്താൽ പോലീസ് ഇൻസ്പെക്ടർ എന്ന ജോലിവിട്ട് സിനിമയിലേക്ക് വരികയായിരുന്നു.
ആദ്യസിനിമ ത്യാഗസീമ വെളിച്ചം കണ്ടില്ല. എന്നിട്ടും അദ്ദേഹം തോറ്റോടാൻ തയ്യാറായിരുന്നില്ല. ആത്മസഖി എന്ന സിനിമയായിരുന്നു അടുത്തത്. ഒരു മഹാനടന്റെ തുടക്കം. പിന്നീട് 20 വർഷത്തോളം സത്യൻ എന്ന നടന്റെ എത്രയെത്ര അനശ്വരമായ കഥാപാത്രങ്ങൾ നമ്മൾ കണ്ടു. 1954-ൽ പുറത്തിറങ്ങിയ നീലക്കുയിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്നെന്നും ഓർമിക്കാവുന്ന സിനിമയായി മാറി. ദേശീയതലത്തിലും ആദ്യമായി അംഗീകാരം നേടുന്ന മലയാളം സിനിമയാണ് നീലക്കുയിൽ. അവിടുന്നങ്ങോട്ട് വ്യത്യസ്തമായ കുറേ കഥാപാത്രങ്ങൾ. പാലാട്ട് കോമൻ, തച്ചോളി ഒതേനൻ, യക്ഷി, കാട്ടുതുളസി, മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഒരു പെണ്ണിന്റെ കഥ, ചെമ്മീൻ, കായംകുളം കൊച്ചുണ്ണി, ഓടയിൽനിന്ന്, വാഴ്വേ മായം, മുടിയനായ പുത്രൻ, അടിമകൾ, ത്രിവേണി, കരിനിഴൽ, അശ്വമേധം, ശരശയ്യ...തുടങ്ങി നൂറ്റമ്പതോളം സിനിമകളിലൂടെ മലയാളസിനിമയിൽ നിറഞ്ഞുനിന്നു. ഇതിൽ ശരശയ്യയിലെ അഭിനയത്തിന് മികച്ച നടനുള്ള (മരണാനന്തര) ബഹുമതി സത്യനെ തേടിയെത്തി.
വളരെ നിയന്ത്രിതമായ രീതിയിലാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അഭിനയത്തിലെ ബഹളങ്ങളൊഴിവാക്കി.
ഇമേജ് സത്യനെ ഒരിക്കലും അലട്ടിയിരുന്നില്ല. കാമുകനായും നായകനായും അച്ഛനായും അഭിനയിച്ചുതകർക്കുമ്പോൾ തന്നെ വൃദ്ധന്റെയും സംശയരോഗിയുടെയും വില്ലന്റെയും റോളുകൾ സ്വീകരിച്ചു. സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സമയത്താണ് പൊള്ളലേറ്റ പാതിമുഖവുമായി അഭിനയിക്കാനുള്ള ധൈര്യവും കാണിച്ചത്.
ആളുകളെ കോരിത്തരിപ്പിക്കുന്ന ഡയലോഗുകളിലോ ബഹളമയമായ അഭിയനത്തിലോ ആയിരുന്നില്ല സത്യന്റെ വിജയം. തുളച്ചുകയറുന്ന നോട്ടം, ചെറുപുഞ്ചിരി, അമർത്തിയുള്ള മൂളൽ...അതിലൂടെയായിരുന്നു സത്യൻ അഭിനയിച്ചിരുന്നത്. ദേഷ്യവും സങ്കടവും അടക്കിപ്പിടിക്കുമ്പോൾ കണ്ണുകളിൽ അത് തെളിഞ്ഞുകണ്ടു. മുഖത്തെ മാംസപേശികളും നെറ്റിയിലെയും പുരികത്തിലെയും ചുളിച്ചിലുകളിലും അത് പ്രകടിപ്പിച്ചു.
അനുഭവങ്ങൾ പാളിച്ചകൾ
അനുഭവങ്ങൾ പാളിച്ചകളിലെ ആ മദ്യപാനരംഗം തന്നെ നോക്കുക. ചെല്ലപ്പനും ഗോപാലനുമാണ് (സത്യനും നസീറും) സീനിൽ. മേശപ്പുറത്തേക്ക് വെച്ച കള്ളുകുപ്പിയിൽനിന്ന് രണ്ടുപേരും ഗ്ലാസിലേക്ക് കള്ള് പകരുന്നു. ചെല്ലപ്പൻ പതുക്കെ ഗ്ലാസിൽനിന്ന് ഒരല്പം വിരലിലെടുത്ത് പുറത്തേക്ക് തെറിപ്പിക്കുന്നു. പിന്നെ പതുക്കെ ഒന്ന് രുചിച്ച്, ഒറ്റവലിക്ക് മുഴുവൻ കുടിക്കുന്നു. ഒടുവിൽ തനികുടിയൻമാരെപ്പോലെ ഒരു വശത്തേക്ക് നീട്ടിയൊരു തുപ്പലും. അത് കുടിക്കുമ്പോഴുള്ള മുഖത്തെ ചുളിവുകളും കണ്ണും മുഖവുമൊക്കെ ചുളിച്ച്. മുമ്പിലെ പ്ലേറ്റിൽ ഒരല്പമെടുത്ത് നാക്കിലേക്ക് വെച്ച് കാലൊക്കെ മേശപ്പുറത്തേക്കെടുത്തുവെച്ചു. അവസാനം പതറിപ്പതറിയുള്ള ആ നടപ്പും.
അതിൽ തന്നെ മകൾ മരിച്ചെന്നറിയുന്ന സീനിൽ ചെല്ലപ്പന്റെ ക്ലോസപ്പ് ഷോട്ടാണ് കാണിക്കുന്നത്. മുഖം മറയ്ക്കാതെയാണ് ആ സീൻ ചെല്ലപ്പനിലൂടെ സത്യൻ അഭിനയിച്ചുതീർക്കുന്നത്. വിതുമ്പലും തേങ്ങലും ഉള്ളിലടക്കുമ്പോൾ മൂക്കും ചുണ്ടും മുഖത്തെ മാംസപേശികളും മാത്രം ചെറുതായി ചലിക്കുന്നു.
കടൽപ്പാലത്തിൽ മകൻ രഘു അച്ഛനോട് പറയുന്നൊരു ഡയലോഗുണ്ട്. 'അടിയിൽ തിരമാലകൾ അടിച്ചുകൊണ്ടിരിക്കുമ്പോഴും അച്ഛൻ സംശയിച്ചില്ല'. അതുപോലെയായിരുന്നു സത്യനും. ഉള്ളിൽ സംഘർഷങ്ങൾ തിരമാലകൾ പോലെ ആഞ്ഞടിക്കുമ്പോഴും, അദ്ദേഹം ഒട്ടും സംശയിച്ചില്ല. ആരെയുമൊന്നും അറിയിച്ചുമില്ല. ആഴ്ചയിലൊരിക്കൽ ആസ്പത്രിയിൽ പോയി രക്തം മാറ്റിവന്നിട്ടാണ് സത്യൻ അഭിനയിച്ചിരുന്നത്. അങ്ങനെ അഞ്ച് വർഷത്തോളം അദ്ദേഹം സെറ്റിൽനിന്ന് സെറ്റിലേക്ക് ഓടിക്കൊണ്ടേയിരുന്നു. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ രക്തം ഛർദിച്ച് കുഴഞ്ഞുവീഴുമ്പോഴാണ്, അസുഖം ഇത്രയും കൂടുതലാണെന്ന് പലരും അറിയുന്നത്. അവിടുന്ന് നേരെ ആസ്പത്രിയിലേക്ക് പോയ സത്യന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. ഒടുവിൽ ചെല്ലപ്പൻ മരിച്ചതായി കാണിച്ചാണ് അനുഭവങ്ങൾ പാളിച്ചകൾ അവസാനിപ്പിക്കുന്നത്. കരകാണാക്കടൽ, പഞ്ചവൻകാട്, ശരയശയ്യ, ഇൻക്വിലാബ് സിന്ദാബാദ്...തുടങ്ങി വേറെയും കുറേ സിനിമകൾ അദ്ദേഹത്തിന്റെ മരണശേഷമാണ് ലോകം കണ്ടത്. കഥാപാത്രങ്ങളോടും ഈ ലോകത്തോടും ചിരിച്ചും കലഹിച്ചും അദ്ദേഹം മരണത്തിലേക്ക് നടന്നുപോയി. വയലാർ എഴുതിയതുപോലെ...
അഗ്നിപർവതം പുകഞ്ഞു
ഭൂചക്രവാളങ്ങൾ ചുവന്നു
മൃത്യുവിന്റെ ഗുഹയിൽ
പുതിയൊരു രക്തപുഷ്പം വിടർന്നു
content highlights : sathyan 50th death anniversary sathyan movie characters