ഉറങ്ങുന്ന എന്നെ തോളിലിട്ട് വീട്ടിലെത്തിക്കുന്ന സത്യന്‍ മാസ്റ്റര്‍- കമല്‍ഹാസന്‍


ചിലപ്പോൾ സത്യൻമാഷിന്റെ തോളിൽ കിടന്നാവും ഞാൻ ഉറങ്ങുന്നത്. ഷൂട്ടിങ് കഴിഞ്ഞാൽ ഉറങ്ങുന്ന എന്നെയും തോളിലിട്ട് മാസ്റ്റർ ആൾവാർപേട്ടിലെ എന്റെ വീട്ടിലേക്ക് വരും.

Kamal Hassan, Sathyan

സത്യനെക്കുറിച്ച് കമൽഹാസൻ

സത്യൻമാസ്റ്ററെ ഓർക്കുമ്പോഴെല്ലാം ആറുവയസ്സുള്ള ഒരു കുട്ടിയിലേക്ക് എന്റെ ഓർമകൾ കടന്നുചെല്ലും. അറുപതുവർഷങ്ങൾക്കുമുൻപേ 'കണ്ണും കരളും' എന്ന സിനിമയുടെ ലൊക്കേഷനിലിരിക്കുമ്പോൾ ഒരു വെള്ള അംബാസഡർ കാറിൽനിന്നിറങ്ങിവരുന്ന കരിവീട്ടിയുടെ നിറമുള്ള ആ മനുഷ്യനെ ചൂണ്ടി സേതുമാധവൻസാർ എന്നോട് ചോദിച്ചു: ''മോന് ആ വരുന്ന ആളിനെ അറിയാമോ?''. ''ഇല്ല'' എന്ന് ഞാനുടനെ മറുപടി പറഞ്ഞു. ''മോനേ... അതാണ് സത്യൻ. മലയാളത്തിലെ വലിയ നടൻ'' എന്ന് സേതുമാധവൻസാർ പറഞ്ഞപ്പോൾ ഞാനോർത്തത് എന്റെ അച്ഛന്റെ വാക്കുകളാണ്. വീട്ടിൽവെച്ച് അച്ഛൻ പലപ്പോഴും സത്യൻമാസ്റ്ററെക്കുറിച്ച് പറയാറുണ്ടായിരുന്നു.

പക്ഷേ, അതുവരെ മാസ്റ്റർ അഭിനയിച്ച ഒരു സിനിമപോയിട്ട് അദ്ദേഹത്തിന്റെ ഒരു ഫോട്ടോപോലും ഞാൻ കണ്ടിരുന്നില്ല. ഗാംഭീര്യത്തോടെ സ്റ്റുഡിയോയുടെ പടികൾ കയറിവന്നപാടെ നിറഞ്ഞ പുഞ്ചിരിയോടെ സത്യൻമാസ്റ്റർ ചോദിച്ചു: ''ഇത് നമ്മുടെ പയ്യനല്ലേ.'' തമിഴിൽ ജെമിനി ഗണേശനും ശിവാജി ഗണേശനും എംജിആറിനുമൊപ്പമഭിനയിച്ച എന്നെ മാസ്റ്റർക്ക് നന്നായി അറിയാമായിരുന്നു. അതിലുപരി ആദ്യചിത്രമായ 'കളത്തൂർ കണ്ണമ്മ'യിലെ അഭിനയത്തിന് ദേശീയ അവാർഡ് വാങ്ങിയ ബാലതാരമെന്നനിലയിലും. മാസ്റ്റർ എന്നെ എടുത്ത് മടിയിലിരുത്തി കുറെ കാര്യങ്ങൾ ചോദിച്ചു. നന്നായി പഠിക്കണമെന്നും വലിയ നടനായിമാറണമെന്നുമൊക്കെ പറഞ്ഞു.

സത്യൻ എന്ന നടന്റെ വലുപ്പം അന്നെനിക്കറിയില്ലായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകളിൽ ഒന്നുമാത്രം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചു 'വലിയ നടനാകണം'.'കണ്ണും കരളും' എന്ന എന്റെ ആദ്യ മലയാളചിത്രത്തിലെ നായകനായിരുന്നു സത്യൻമാസ്റ്റർ. അദ്ദേഹത്തോടൊപ്പം മലയാളത്തിൽ തുടക്കംകുറിക്കാനായത് എനിക്ക് ലഭിച്ച മഹാഭാഗ്യമായിരുന്നു. മാസ്റ്റർ ലൊക്കേഷനിലുള്ളപ്പോഴെല്ലാം വലിയൊരു ആൾക്കൂട്ടം അദ്ദേഹത്തിന് ചുറ്റും ഉണ്ടായിരുന്നു. അവരിൽ പലരും മലയാളത്തിലെ വലിയ നിർമാതാക്കളും സംവിധായകരുമാണെന്ന കാര്യം കുറേക്കാലം കഴിഞ്ഞാണ് ഞാൻ തിരിച്ചറിയുന്നത്. പലരും അദ്ദേഹത്തെ സമീപിച്ചത് ഭയത്തോടെയായിരുന്നു. അപ്പോഴൊക്കെ എന്റെ കുഞ്ഞുമനസ്സ് ചിന്തിച്ചിട്ടുണ്ട്, എന്തിനാണ് ഈ മനുഷ്യർ മാസ്റ്ററെ കാണുമ്പോൾ ഇങ്ങനെ ഭയപ്പെടുന്നത്?

സത്യത്തിൽ മാസ്റ്റർ പരുക്കനായിരുന്നില്ല. അദ്ദേഹത്തെക്കുറിച്ച് ചിലർ ഉണ്ടാക്കിവെച്ച ധാരണകൾ അങ്ങനെയായിരുന്നു. വളരെ സൗമ്യമായിരുന്നു ആ പെരുമാറ്റം. പക്ഷേ, തെറ്റ് എവിടെ കണ്ടാലും അദ്ദേഹം എതിർത്തു. അതായിരുന്നു നടനെന്നതോടൊപ്പം ആ വലിയ മനുഷ്യന്റെ സവിശേഷതയും.

കണ്ണും കരളും ഷൂട്ട്ചെയ്യുന്ന കാലത്ത് മദ്രാസിലെ സ്റ്റുഡിയോ ഫ്ളോറുകളിൽ പലപ്പോഴും രാത്രിയായിരുന്നു മലയാള സിനിമാ ചിത്രീകരണങ്ങൾ നടന്നത്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങൾ കഴിഞ്ഞാലേ മലയാള സിനിമ ഷൂട്ട് ചെയ്യാൻ സ്റ്റുഡിയോ ഫ്ളോറുകൾ ലഭിക്കുകയുള്ളൂ.

അക്കാലത്തൊക്കെ ലൊക്കേഷനിലേക്ക് എനിക്ക് കൂട്ടുവന്നത് ജ്യേഷ്ഠൻ ചന്ദ്രഹാസനായിരുന്നു. നേരം വൈകുമ്പോൾ ഞാനുറങ്ങിപ്പോവും. ചിലപ്പോൾ സത്യൻമാഷിന്റെ തോളിൽ കിടന്നാവും ഞാൻ ഉറങ്ങുന്നത്. ഷൂട്ടിങ് കഴിഞ്ഞാൽ ഉറങ്ങുന്ന എന്നെയും തോളിലിട്ട് മാസ്റ്റർ ആൾവാർപേട്ടിലെ എന്റെ വീട്ടിലേക്ക് വരും. സോഫയിൽ എന്നെ കിടത്തിയശേഷമാണ് അദ്ദേഹം മടങ്ങുക. ആദ്യമൊക്കെ അമ്മ കരുതിയത് ഇയാൾ പ്രൊഡക്ഷൻ മാനേജരാണെന്നാണ്. പിന്നീടാണ് സിനിമയിലെ നായകൻ സത്യനാണ് തന്റെ മകനെയും തോളിലിട്ട് വീട്ടിൽ വരുന്നതെന്ന് അമ്മയ്ക്ക് മനസ്സിലായത്.

തയ്യാറാക്കിയത്: ഭാനുപ്രകാശ്


Content Highlights : Kamal Hassan About Actor Sathyan On his death Anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram