'സത്യൻ കാണിച്ച ധൈര്യം പിന്നീട് മറ്റൊരാളിലും കണ്ടിട്ടില്ല'


ജയരാജ് വാര്യർ

രണ്ട് പുരികങ്ങൾക്കിടയിലെ നെറ്റിയിലുള്ള 'ചുളിച്ചിൽ' ആണ് സത്യൻസാറിന്റെ അഭിനയത്തിന്റെ സംഘർഷസമയത്തുള്ള ആവിഷ്‌കാരം.

sathyan 50th death anniversary sathyan movie characters

അഭിനയകലയ്ക്കുവേണ്ടിയുള്ള സമർപ്പിത ജീവിതമായിരുന്നു സത്യൻസാറിന്റെത്. അധ്യാപകനായും പട്ടാളക്കാരനായും പോലീസ് ഓഫീസറായും ഒട്ടനവധി മുഹൂർത്തങ്ങളിൽ കട്ടും ആക്ഷനും ഇല്ലാതെ ജീവിച്ചതിനുശേഷമാണ് നാല്പത്തി ഒന്നാം വയസ്സിൽ സത്യൻസാർ സിനിമയിൽ സജീവമാകുന്നത്.

നാല്പത്തി ഒന്നാമത്തെ വയസ്സിലാണ് മനുഷ്യൻ നടക്കാൻ പഠിക്കുന്നത് എന്ന ചൈനീസ് പഴമൊഴി ഓർത്തുപോകുന്നു. ജീവിതാനുഭവവും പക്വതയും നേടിയതിനുശേഷം ആ അനുഭവകാലം തനിക്ക് ലഭിച്ച കഥാപാത്രങ്ങൾക്ക് ഇണങ്ങുംവിധം അദ്ദേഹം ഉപയോഗിച്ചിരിക്കാം. 1951-ൽ ത്യാഗസീമയിൽ തുടങ്ങിയ സിനിമാജീവിതം 20 വർഷം വൈവിധ്യമാർന്ന കഥാപാത്രങ്ങളായി സിനിമയിൽ നിറഞ്ഞുനിന്നു. ആദ്യകാലത്ത് നെഗറ്റീവ് ടച്ചുള്ള നായകനായാണ് സത്യൻസാർ സിനിമയിൽ തിളങ്ങിയത്.

മലയാളസിനിമയുടെ തന്നെ 'ഭാവുകത്വം' മാറ്റിമറിച്ച നീലക്കുയിലി (1954) ലൂടെയാണ് സത്യനും വളർന്നത്. മാനുവൽ സത്യനേശൻ എന്ന മനുഷ്യൻ കേരളക്കരയുടെ നായകനായി മാറി. കരുത്തിനെ സൗന്ദര്യമാക്കി. ഞാൻ 3-ാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചുപോയ സത്യൻ സാറിന്റെ സിനിമകൾ തേടിപ്പിടിച്ച് കണ്ടത് പിന്നീടാണ്. കടൽപ്പാലം, ഒതേനന്റെ മകൻ, വെളുത്ത കത്രീന, നിലയ്ക്കാത്ത ചലനങ്ങൾ, വിവാഹിത, ശരശയ്യ എന്നിവ കണ്ട ഓർമയുണ്ട് കുട്ടിക്കാലത്ത്.

പിന്നീട് ഞാൻ ജനിച്ചുവളർന്ന ഗ്രാമമായ പനമുക്കിൽനിന്ന് ഒരു കിലോമീറ്റർ കിഴക്കുള്ള കണിമംഗലം 'മേരിമാതാ' ടാക്കീസിൽ ചൊവ്വ, ബുധൻ, വ്യാഴം, ദിവസങ്ങളിൽ സത്യൻസാറിന്റെ ക്ലാസിക് സിനിമകൾ കാണുവാൻ പോകുമായിരുന്നു.ഓലമേഞ്ഞ ടാക്കീസിന്റെ തിരശ്ശീലയിൽ സത്യനെന്ന വിസ്മയത്തെ കാണുകയായിരുന്നു.

15 വയസ്സിന് മുമ്പ് കണ്ട സിനിമകളും കേട്ട പാട്ടുകളും ഒരാളെ സ്വാധീനിക്കും എന്ന് പറയാറുണ്ടല്ലോ. വായിച്ച പുസ്തകങ്ങളും കണ്ടകാഴ്ചകളും അങ്ങിനെ തന്നെ. എനിക്ക് ഇരുപത് വയസ്സുള്ളപ്പോൾ മിക്കവാറും എല്ലാസത്യൻ സിനിമകളും ഞാൻ കണ്ടുകഴിഞ്ഞു. കറുപ്പിലും വെളുപ്പിലുമാണ് മിക്ക ചിത്രങ്ങളും വെളുത്ത തിരശ്ശീലയിൽ സ്വതവേ കറുത്ത നിറമുള്ള സത്യൻസാർ വെളുത്ത സുന്ദരനായി... ഇഷ്ടനടനുമായി. കറുപ്പും വെളുപ്പും സ്വപ്നസമാനമായ അനുഭവങ്ങൾ പകർന്നുതന്നു.

സത്യൻമാസ്റ്ററെന്നും കരുത്തനായ നായകനെന്നും ചലച്ചിത്രപ്രേമികൾ വാഴ്ത്തിയ 'നടൻ' എന്റെയും പ്രിയനടനായി മാറി. സത്യൻസാറിന്റെ മികച്ച കഥാപാത്രങ്ങളിൽ എന്നും 'കടൽപ്പാലം' (1969) ആണ് ഞാൻ ഏറ്റവും കൂടുതൽ കണ്ടതും ഇഷ്ടപ്പെട്ടതും. അച്ഛനും മകനുമായി സത്യൻ. നാരായണകൈമൾ എന്ന കാർക്കശ്യമുള്ള അച്ഛന്റെ അതേ മുഖച്ഛായയുള്ള മകൻ രഘുവിന്റെ ഭാഗത്തായിരുന്നു എന്റെ മനസ്സും ഇഷ്ടവും. അച്ഛനെ ഉടമസ്ഥനായി കണ്ട് കലഹിച്ചിരുന്ന മകൻ.

അച്ഛനായ കൈമൾ നാടകീയത നിറഞ്ഞ ആവിഷ്കാരം നടത്തി മുന്നേറുമ്പോൾ, മകൻ രഘു വളരെ യഥാതഥമായ (Natural) രീതിയിൽ സത്യനിലൂടെ പകർന്നാടി. രണ്ടുതരം അഭിനയരീതി പകർന്നുനൽകിയ അഭിനയചാരുതയായിരുന്നു അത്. ഒരാൾ അഭിനയിച്ച് കയറുന്നു. അതേ ആൾ ജീവിതത്തിലെപ്പോലെ പെരുമാറുന്നു.

'അനുഭവങ്ങൾ പാളിച്ച'കളിലെ ചെല്ലപ്പൻ ചുവന്ന അഗ്നിപർവതംപോലെ ഉള്ളുരുകി അഭിനയത്തെ ആവിഷ്കരിച്ചിരുന്നു. ചെല്ലപ്പന്റെ മുഖത്തെ ഭാവഹാവാദികളും ശരീരചലനങ്ങളിൽ പുലർത്തിയ സൂക്ഷ്മതയും പ്രേക്ഷകനെ അനുഭവിപ്പിച്ചു അദ്ദേഹം. വിൻസെന്റ്മാസ്റ്റർ സംവിധാനം ചെയ്ത 'അശ്വമേധ'ത്തിലെ ഡോ. തോമസ് എന്റെ പ്രിയ കഥാപാത്രമാണ്. ഇത്രയും ഗംഭീരമായി ആവിഷ്കരിക്കപ്പെട്ട ഒരു ഡോക്ടറെ മലയാളസിനിമയിൽ കണ്ടിട്ടില്ല.

വിവാഹിതയിലെ ബാരിസ്റ്റർ, അടിമകളിലെ രസികനായ അപ്പുക്കുട്ടൻ നായർ, കരകാണാക്കടലിലെ തോമാ. ഇവയിൽനിന്ന് വ്യത്യസ്തനായിരുന്നു 'ത്രിവേണി' യിലെ ദാമോദരൻ മുതലാളി. സത്യൻ ആളിക്കത്തുകയായിരുന്നു. ഭാവചലനങ്ങളിലും സംഭാഷണ പ്രയോഗങ്ങളിലും ദാമോദരൻ മുതലാളി വേറിട്ടുനിന്നു. പാലാട്ടുകോമനായും ആരോമൽ ചേകവരായും തച്ചോളി ഒതേനനായും വടക്കൻപാട്ടിലെ പുരുഷ സൗന്ദര്യത്തിന്റെയും കരുത്തിന്റെയും ഭംഗി നിറഞ്ഞ കഥാപാത്രങ്ങളെ ഇന്നും ഞാൻ കാണാറുണ്ട്.

രണ്ട് പുരികങ്ങൾക്കിടയിലെ നെറ്റിയിലുള്ള 'ചുളിച്ചിൽ' ആണ് സത്യൻസാറിന്റെ അഭിനയത്തിന്റെ സംഘർഷസമയത്തുള്ള ആവിഷ്കാരം. നെടുനെടുങ്കൻ സംഭാഷണങ്ങളെ ഒഴിവാക്കി അർഥഗർഭമായൊന്ന് മൂളിക്കൊണ്ട് സത്യൻസാർ അഭിനയത്തിന് പുതിയ മാനങ്ങൾ നൽകി.
സംഭാഷണപ്രയോഗങ്ങളിൽനിന്ന് പുറത്തുകടന്ന് മുഖചലനങ്ങളിലൂടെയും ശരീരഭാഷയിലൂടെയും കഥാപാത്രത്തെ എങ്ങനെ വ്യാഖ്യാനിക്കാം എന്ന് പരീക്ഷിച്ച് വിജയിച്ച ആദ്യ നായകനടൻ സത്യൻസാറായിരുന്നു.

രാമുകാര്യാട്ടിന്റെ വിശ്വോത്തര ചലച്ചിത്രമായ ചെമ്മീനിലെ 'പളനി' എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥാപാത്രമാണ്. നല്ലവരിൽ നല്ലവനായ 'പളനി'യെ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. കറുത്തമ്മയോടുള്ള സ്നേഹവും കടപ്പുറത്തെ മനുഷ്യരുടെ അസൂസയും സംശയവുംമൂലം സംഘർഷത്തിലാവുന്ന 'പളനി'യെ അതിമനോഹരമാക്കി നമ്മളിൽ പ്രതിഫലിപ്പിക്കാൻ ആ മഹാനടന് കഴിഞ്ഞു. 'പളനി'യെ നിസ്സംഗനായി തോന്നും ചിലപ്പോൾ. മറ്റു ചിലരംഗങ്ങളിൽ സ്നേഹനിധിയായ ഭർത്താവ്... പൊട്ടിത്തെറിക്കുന്ന നിഷ്കളങ്കൻ കഠിനാധ്വാനിയായ കരുത്തൻ. എല്ലാ പരാധീനതകളെയും അതിജീവിക്കുന്ന പച്ചമനുഷ്യൻ.

'വാഴ്വേമായ'ത്തിലെ സംശയാലുവായ, എന്നാൽ ഭാര്യയെ പ്രണയിക്കുന്ന ഭർത്താവായി സത്യൻസാർ ജീവിക്കുകയായിരുന്നു. 'സുധി' എന്ന കഥാപാത്രത്തിന്റെ നവരസഭാവങ്ങളും അഭിനയമുഹൂർത്തങ്ങളും ഇന്നും ഞാൻ ആസ്വദിച്ച് കാണാറുണ്ട്. കെ.എസ്. സേതുമാധവൻസാറിന്റെ സംവിധാനത്തിലൂടെ വ്യാഖ്യാനിക്കപ്പെട്ട എല്ലാ സത്യൻകഥാപാത്രങ്ങളും ഉജ്ജ്വലങ്ങളായ മഹാമാതൃകകളാണ്. മലയാറ്റൂരിന്റെ 'യക്ഷി' മഞ്ഞിലാസിനുവേണ്ടി കെ.എസ്. സേതുമാധവൻ എന്ന സംവിധായകൻ സിനിമയിൽ വരച്ചിട്ട സത്യൻസാറിന്റെ പ്രൊഫ. ശ്രീനിവാസൻ.

അന്നുവരെ മലയാളസിനിമയിൽ കാണാത്ത പാത്രസൃഷ്ടി. തീപ്പൊള്ളലേറ്റ പാതി മുഖവുമായി അഭിനയിക്കാൻ ധൈര്യംകാണിച്ച സത്യനെന്ന മഹാനടൻ. ഒപ്പം സ്ത്രീയെ തൃപ്തിപ്പെടുത്താൻകഴിയാത്ത 'ഷണ്ഡത്വം' പേറിയുള്ള കഥാപാത്രം. അഭിനയത്തെ വലിയ ചങ്കൂറ്റത്തോടെ, ധീരതയോടെ വെല്ലുവിളിയായി സ്വീകരിച്ച മഹാനടനായിരുന്നു സത്യൻസാർ. തന്റെ കരിയറിന്റെ മിന്നിത്തിളങ്ങിനില്ക്കുന്ന കാലത്താണ് 'യക്ഷി'യിലെ പാത്രസൃഷ്ടിക്കുവേണ്ടി സത്യൻസാർ ധൈര്യംകാട്ടിയത്.

മലയാളം കണ്ട ഏറ്റവും മികച്ച നടനും നായകനുമായ സത്യൻ കാണിച്ച 'ധൈര്യം' പിന്നീട് മറ്റൊരാളിലും നാം കണ്ടിട്ടില്ല. വ്യക്തിപരമായി പറഞ്ഞാൽ സത്യനെന്ന മഹാനടനെ ആസ്വദിക്കുക എന്നതുതന്നെ മഹാഭാഗ്യം. അദ്ദേഹം നില്ക്കുന്ന ഉന്നതമായ ശൃംഗം വളരെ അകലെയാണ്. എങ്കിലും പറയട്ടെ, ഗാനരംഗങ്ങളിലും സത്യൻസാർ എന്നെ സ്വാധീനിച്ചു.

പാലാട്ടുകോമനിലെ 'ചന്ദനപ്പല്ലക്കിൽ വീടുകാണാൻ' എന്ന ഗാനവും (വയലാർ-ബാബുരാജ്) ഭാര്യയിലെ 'പെരിയാറേ... പെരിയാറേ... എന്ന വയലാർ-ദേവരാജൻ ഗാനവും മൂലധനത്തിലെ 'സ്വർഗഗായികേ...' 'എന്റെ വീണക്കമ്പിയെല്ലാം...' എന്നീ ഗാനങ്ങളും ഞാൻ പാടാനും അഭിനയിക്കാനും അനുകരിക്കാനും ഇഷ്ടപ്പെട്ടു. 'താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ' എന്ന അടിമകളിലെ ഗാനരംഗത്തെ അനായാസതയും ശൃംഗാരഭാവവും മറ്റൊരു നടനിലും കാണാൻകഴിയില്ല. മലയാളത്തിന്റെ 'മുഖശ്രീ'യായിരുന്നു സത്യൻസാർ. 'തല ചെരിച്ച്' നിലാവിന്റെ ഭംഗി വിതറുന്ന മാസ്മരികമായ ചിരി സത്യന്റെ ആകർഷങ്ങളിലൊന്നായിരുന്നു. മല്ലികാമൊട്ടിന്റെ ചന്തമായിരുന്നു പല്ലുകൾക്ക്. സമീപദൃശ്യങ്ങളിൽ പാൽപുഞ്ചിരി പൊഴിക്കുന്ന 'കാമുകഭാവം' ഇന്നും ആകർഷിക്കുന്നു.

sathyan 50th death anniversary sathyan movie characterspolopoly:contentfilepath=
സത്യന്‍ സ്‌പെഷ്യല്‍ സ്റ്റാര്‍ ആന്റ് സ്‌റൈല്‍ വാങ്ങിക്കാം

content highlights : jayaraj warrier about sathyan on his 50th death anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram