'അച്ഛനോട് സത്യൻ മാഷ് പറഞ്ഞു, സ്വന്തം ആവശ്യങ്ങൾക്കല്ലാതെ എന്റെ സുഖം മാത്രം അന്വേഷിക്കാൻ വന്ന ആദ്യത്തെ ആളാണ് താങ്കൾ'


സൂരജ് സുകുമാരൻ

സത്യൻമാഷിന് സ്വന്തമായി പെൺമക്കൾ ഇല്ലാത്തതിനാൽ ഒരു മകളുടെ വാത്സല്യമായിരുന്നു അന്നുതൊട്ട് എന്നോട്. മോളേ എന്ന് മാത്രമേ വിളിക്കാറുള്ളൂ.

Sathyan

സത്യന്റെ ഓർമകളിലൂടെ വിധുബാല

മോളേ, എന്ന സത്യൻമാഷുടെ വിളി ഇന്നും കാതിലുണ്ട്, ചെറുപ്രായത്തിൽതന്നെ സിനിമയിലെത്തിയ എന്നെ നസീർസാർ അടക്കം എല്ലാവരും വിധു എന്ന് വിളിച്ചപ്പോൾ കരുതലും സ്നേഹവും ഒരുമിച്ചുചേർത്ത് മോളേ എന്ന് വിളിച്ചിട്ടുള്ള ഏക വ്യക്തി സത്യൻമാഷായിരുന്നു.

1967-ൽ പാവപ്പെട്ടവൾ എന്ന സിനിമയുടെ ചിത്രീകരണവേളയിലാണ് സത്യൻമാഷിനെ ആദ്യമായി പരിചയപ്പെടുന്നത്. അന്നെനിക്ക് 12 വയസ്സ് മാത്രമാണ് പ്രായം. ആ സിനിമയിൽ അദ്ദേഹത്തിന്റെ സഹോദരിയുടെ കഥാപാത്രമായിരുന്നു എനിക്ക്. സത്യൻമാഷിന് സ്വന്തമായി പെൺമക്കൾ ഇല്ലാത്തതിനാൽ ഒരു മകളുടെ വാത്സല്യമായിരുന്നു അന്നുതൊട്ട് എന്നോട്. മോളേ എന്ന് മാത്രമേ വിളിക്കാറുള്ളൂ. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞപ്പോഴേക്കും മാഷുമായി ഞാനും കുടുംബവും നല്ല അടുപ്പമായി. അതുകൊണ്ടുതന്നെ ഇടയ്ക്ക് മോളെ കാണണം എന്ന് പറഞ്ഞ് അദ്ദേഹം വീട്ടിലേക്ക് വരും. കോടമ്പാക്കത്തുനിന്ന് ഷൂട്ട് കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്ക് മഹാലിംഗപുരത്തായിരുന്നു ഞങ്ങളുടെ വീട്. അതിനാൽ ഷൂട്ട് വേഗം കഴിയുന്ന ദിവസങ്ങളിൽ മാഷ് ഇടയ്ക്ക് തിരിച്ചുപോകുന്ന വഴിക്ക് ഞങ്ങളുടെ വീട്ടിൽ കയറും. അച്ഛൻ ഭാഗ്യനാഥുമായി ഏറെ നേരം സംസാരിക്കും. അച്ഛന്റെ മാജിക് ഷോ കാണാൻ രണ്ടുതവണ അദ്ദേഹം വന്നു. സംസാരത്തിനിടെ അച്ഛനോട് അദ്ദേഹം പറയും ''നിങ്ങളുടെ വീടിന് തൊട്ടടുത്ത് എനിക്ക് വീട് വാങ്ങണം. എന്നാൽ എനിക്ക് മോളെ സ്ഥിരം കാണാമല്ലോ'' എന്ന്.

മോളെ ഞാൻ കൊണ്ടുപോകാം...

ആ കാലത്ത് മിസ് ഫെമിന എന്ന സൗന്ദര്യമത്സരം ഏറെ ശ്രദ്ധേയമായിരുന്നു. അതിലെ ഓൾ ഇന്ത്യ വിന്നറാണ് മിസ് വേൾഡ് മത്സരത്തിനൊക്കെ അന്ന് ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നത്. മിസ് ഫെമിന മത്സരത്തിന്റെ ആദ്യഘട്ടം സംസ്ഥാനതലങ്ങളിലാണ്. മിസ് ഫെമിന കേരളം, മിസ് ഫെമിന തമിഴ്നാട് അങ്ങനെ. സിനിമയിലെത്തി കുറച്ചുനാൾ കഴിഞ്ഞപ്പോൾ മത്സരം കാണാൻ ഞങ്ങൾക്ക് ക്ഷണം വന്നു. മദ്രാസ് സഫയർ തിയേറ്ററായിരുന്നു മത്സരത്തിന്റെ വേദി. രണ്ട് പാസാണ് ഞങ്ങൾക്ക് ലഭിച്ചത്. അമ്മയുടെ കൂടെ പോകാൻ ഞാനും ഏട്ടനും തമ്മിൽ വാശിയായി. കരച്ചിലും ബഹളവുമായി, അവസാനം അമ്മ ആരും പോകുന്നില്ലെന്ന് പറഞ്ഞു. ആ സമയത്താണ് സത്യൻമാഷ് വീട്ടിലേക്ക് വന്നത്. അദ്ദേഹത്തെ കണ്ടയുടൻ ഞാൻ ചെന്ന് സങ്കടത്തോടെ കാര്യം പറഞ്ഞു. എന്റെ കരച്ചിൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു ''അതിനെന്താ മോളെ, എന്റെ കൈയിൽ പാസുണ്ട്. അമ്മയും ചേട്ടനും പോയ്ക്കോട്ടെ, മോളെ ഞാൻ കൊണ്ടുപോകാം''. അങ്ങനെ സത്യൻമാഷുടെ കൂടെ ഞാൻ മിസ് ഫെമിന തമിഴ്നാട് മത്സരത്തിന് പോയി. അതെനിക്ക് പുതിയൊരു അനുഭവമായിരുന്നു. ആദ്യമായാണ് അത്തരമൊരു എലൈറ്റ് ആയിട്ടുള്ള ഒരുകൂട്ടം ആൾക്കാരുടെ ഇടയിലേക്കാണ് പോയത്. ഏത് വസ്ത്രം ധരിക്കണം എന്നുപോലും ടെൻഷനായിരുന്നു. സത്യൻമാഷാണ് അന്ന് വസ്ത്രമൊക്കെ തിരഞ്ഞെടുത്തത്. മാഷുടെ കാറിൽ ഞങ്ങളൊന്നിച്ച് അവിടേക്ക് പോയി.

അച്ഛനെ പിന്തുടർന്ന വേദന

ആ കാലത്ത് സത്യൻമാഷിന് അസുഖം ഇടയ്ക്ക് മൂർച്ഛിച്ചിരുന്നു. എന്നാൽ അത് ആരെയും അറിയിച്ചില്ല. അസുഖം കാരണം ഒരുമാസം വീട്ടിൽതന്നെ ഇരുന്നു. ഇതറിഞ്ഞപ്പോൾ അച്ഛൻ അദ്ദേഹത്തെ കാണാൻ ചെന്നു. ''എന്താ ഭാഗ്യനാഥ് വന്നത്, എന്താ കാര്യം?'' എന്നദ്ദേഹം അച്ഛനോട് ചോദിച്ചു. ''സുഖമില്ല എന്ന് കേട്ടു, വീട്ടിലേക്കും വന്നിട്ട് കുറേ ആയില്ലേ. എന്താണെന്നറിയാൻ വന്നതാണ്'' എന്ന് അച്ഛൻ മറുപടി നൽകി. ഇപ്പോൾ പ്രശ്മമൊന്നുമില്ലെന്ന് മറുപടി നൽകിയ സത്യൻമാഷ് വീണ്ടും പലതവണ അച്ഛനോട് എന്നാലും വരാൻ മാത്രം എന്തായിരുന്നു കാരണം എന്ന് ചോദിച്ചു. അച്ഛൻ തിരിച്ചുവരാൻ ഇറങ്ങിയപ്പോഴും വാതിൽപ്പടിയിൽനിന്ന് അദ്ദേഹം സമാന ചോദ്യം ആവർത്തിച്ചു. അദ്ദേഹത്തെ കണ്ട് സുഖവിവരം അന്വേഷിക്കാൻ വന്നതാണെന്ന് പറഞ്ഞത് മാഷിന് വിശ്വസിക്കാൻകഴിഞ്ഞില്ല. അതിനുള്ള കാരണം അദ്ദേഹംതന്നെ അച്ഛനോട് അന്ന് പറഞ്ഞു ''ഭാഗ്യനാഥ്, സ്വന്തം ആവശ്യങ്ങൾക്കല്ലാതെ എന്റെ സുഖം മാത്രം അന്വേഷിക്കാൻവന്ന ആദ്യത്തെ ആളാണ് താങ്കൾ. കാരണം മറ്റ് ആരാണെങ്കിലും എന്തെങ്കിലും കാര്യം നേടാൻ മാത്രമായിട്ടാണ് എന്നെ കാണാൻ വരാറുള്ളത്.'' സത്യൻമാഷുടെ ആ വാക്ക് അച്ഛൻ മരണംവരെ എന്നോട് പറയുമായിരുന്നു. സത്യൻമാഷുടെ ഉള്ളിലെ ആ വേദന അച്ഛനെ എപ്പോഴും പിന്തുടർന്നിരുന്നു.


content highlights : actress vidhubala remembering sathyan on his death anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram